പത്തനംതിട്ടയിലെ പീഡനക്കേസ്; എഫ്.ഐ.ആറുകളുടെ എണ്ണം 29 ആയി
Kerala News
പത്തനംതിട്ടയിലെ പീഡനക്കേസ്; എഫ്.ഐ.ആറുകളുടെ എണ്ണം 29 ആയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th January 2025, 8:11 am

കോന്നി: പത്തനംതിട്ടയില്‍ കായികതാരത്തെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ എഫ്.ഐ.ആറുകളുടെ എണ്ണം 29 ആയി. പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ 1, ഇലവുംതിട്ട സ്റ്റേഷനില്‍ 16, പന്തളം, മലയാലപ്പുഴ എന്നിവിടങ്ങളിലായി ഓരോ എഫ്.ഐ.ആറുകള്‍ വീതമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇതുവരെ 58 പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ 28 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

പെണ്‍കുട്ടി ഡയറിയില്‍ എഴുതിവെച്ച വിവരങ്ങളുടെയും പ്രതികളുമായി ബന്ധപ്പെട്ടിരുന്ന കുട്ടിയുടെ അച്ഛന്റെ ഫോണിലെ ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റുകള്‍ നടന്നത്. പോക്സോ, പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് അറസ്റ്റ്.

പീഡിപ്പിച്ച നാല്‍പതോളം പേരുടെ നമ്പറുകളാണ് പെണ്‍കുട്ടി പിതാവിന്റെ ഫോണില്‍ സേവ് ചെയ്തിരുന്നത്.

ഇന്നലെ (ഞായറാഴ്ച) വൈകുന്നേരത്തോടെ ലഭിച്ച വിവരമനുസരിച്ച് പെണ്‍കുട്ടി, പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് ഉള്‍പ്പെടെ പീഡനത്തിനിരയായിട്ടുണ്ട്. 13-18 വയസിനിടയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. 62 പേര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

കേസിലെ വിപുലമായ അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 25 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പത്തനംതിട്ട പൊലീസ് ചീഫ് വി.ജി. വിനോദ്കുമാര്‍, ഡി.വൈ.എസ്.പി എസ്. നന്ദകുമാര്‍, പത്തനംതിട്ട ഇലവുംതിട്ട, റാന്നി, വനിത പൊലീസ് എസ്.എച്ച്.ഒമാര്‍ എന്നിവരാണ് ടീം അംഗങ്ങള്‍.

ഡി.ഐ.ജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തിലാകും അന്വേഷണം. അറസ്റ്റിലാകുന്നവര്‍ക്കെതിരെ ഒരുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് നടപടികള്‍ വേഗത്തിലാക്കാനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.

അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയ പ്രതികള്‍ക്കായും അന്വേഷണം ശക്തമാകും. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ടയില്‍ അറുപതിലേറെ പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് 18 വയസുകാരി വെളിപ്പെടുത്തിയത്. സി.ഡബ്‌ള്യു.സിക്ക് നല്‍കിയ പരാതിയിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

സി.ഡബ്‌ള്യു.സിക്ക് ലഭിച്ച മൊഴി നേരിട്ട് പത്തനംതിട്ട എസ്.പിക്ക് കൈമാറുകയും തുടര്‍ന്ന് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കുകയുമായിരുന്നു.

Content Highlight: Pathanamthitta molestation case; The number of FIRs stands at 29