ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് വമ്പന്‍ വിജയമാണ് നേടിയത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 33 റണ്‍സിനായിരുന്നു ഹൈദരാബാദ് വീഴ്ത്തിയത്.
ഉദയസൂര്യന്മാര്‍ ഉയര്‍ത്തിയ 236 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 202 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെ ഹൈദരാബാദ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. പഞ്ചാബ് തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ രണ്ടാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.
പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് കൂപ്പര്‍ കനോലിയായിരുന്നു. 59 പന്തില്‍ പുറത്താവാതെ 107 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഹൈദരാബാദിനായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ശിവാംഗ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി, ഈഷന്‍ മലിംഗ, സാക്കിബ് ഹുസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നാല് ഓവറില്‍ 34 റണ്‍സ് വിട്ടുനല്‍കിയ ക്യാപ്റ്റന്‍ കമ്മിന്‍സ് 8.50 എന്ന എക്കോണമിയിലാണ് വിക്കറ്റ് നേടിയത്. ഇതിന് പിന്നാലെ ഒരു കിടിലന്‍ റെക്കോഡിലും താരം മുന്നേറുകയാണ്. ഐ.പി.എല്ലില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമാകുകയാണ് കമ്മിന്‍സ്. ഈ നേട്ടത്തില്‍ സ്വന്തം റെക്കോഡ് തിരുത്തിയാണ് താരം മുന്നേറുന്നത്. ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 40 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇനി വെറും മൂന്ന് വിക്കറ്റുകള്‍ കൂടി നേടിയാല്‍ താരത്തിന് രണ്ടാം സ്ഥാനത്തേക്ക് എത്താന്‍ സാധിക്കും.
Vital wickets & vital catches ✅✅
Pat Cummins is adjudged the Player of the Match tonight 🏅
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഹെന്റിക് ക്ലാസന്‍ (43 പന്തില്‍ 69), ഇഷാന്‍ കിഷന്‍ (32 പന്തില്‍ 55) എന്നിവരുടെ കരുത്തിലാണ് കൂറ്റന്‍ ടോട്ടല്‍ സ്വന്തമാക്കിയത്. ട്രാവിസ് ഹെഡ് 38 റണ്‍സും അഭിഷേക് ശര്‍മ 35 റണ്‍സും നിതീഷ് കുമാര്‍ റെഡ്ഡി 29 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.
മെയ് 11ന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും അടുത്ത മത്സരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മെയ് 12നാണ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.
Content Highlight: Pat Cummins Need 3 Wickets To Surpass Hardik Pandya In Great Record Achievement In IPL