മികച്ച അഭിനയം കൊണ്ടും ശക്തമായ നിലപാടുകള്‍ കൊണ്ടും തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത താരമാണ് പാര്‍വതി തിരുവോത്ത്. 2006ല്‍ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെയാണ് പാര്‍വതി അഭിനയം ആരംഭിച്ചത്. 2015ല്‍ റിലീസായ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.
ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. 2017ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ സമീറ എന്ന കഥാപാത്രത്തിലൂടെ കരിയറിലെ രണ്ടാമത്തെ സംസ്ഥാന അവാര്‍ഡും, ദേശീയ അവാര്‍ഡില്‍ ജൂറിയുടെ സ്‌പെഷ്യല്‍ മെന്‍ഷനും ലഭിച്ചിട്ടുള്ള പാർവതി മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
മമ്മൂട്ടി, മോഹൻലാൽ, വിക്രം തുടങ്ങിയ മികച്ച അഭിനേതാക്കളോടൊപ്പം അഭിനയിച്ചിട്ടുള്ള പാർവതി നടൻ നസറുദ്ദീൻ ഷായെ കുറിച്ച് സംസാരിക്കുകയാണ്. നസറുദ്ദീൻ ഷായ്ക്കൊപ്പം അഭിനയിക്കണമെന്ന് താൻ വല്ലാതെ ആഗ്രഹിച്ചിട്ടുണ്ടെന്നും അദ്ദേഹത്തോടൊപ്പം ഒരു സീനിൽ നിന്നാൽ തന്നെ ഒരു സിനിമ സ്കൂളിൽ പോകുന്ന അനുഭവമാണെന്നും പാർവതി പറയുന്നു.
നസറുദ്ദീൻ ഷായ്ക്കൊപ്പം ഒരു സീനിൽ അഭിനയിച്ചാൽ തന്നെ ഒരു സിനിമാ സ്‌കൂളിൽ പോവുന്ന അനുഭവമായിരിക്കും
– പാർവതി തിരുവോത്ത്
അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ താൻ കാണാറുണ്ടെന്നും അവയെല്ലാം വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെന്നും പാർവതി പറഞ്ഞു. അതുപോലെ നടി ശ്രീവിദ്യയോടൊപ്പം അഭിനയിക്കാനും തനിക്ക് തോന്നിയിട്ടുണ്ടെന്നും എന്നാൽ അവർ നേരത്തെ പോയത് വലിയൊരു നഷ്ടമാണെന്നും പാർവതി കൂട്ടിച്ചേർത്തു.
‘നസറുദ്ദീൻ ഷായ്ക്കൊപ്പം അഭിനയിക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ ഒരു സീനിൽ അഭിനയിച്ചാൽതന്നെ അത് വലിയ അനുഭവമായിരിക്കും. ഒരു സിനിമാ സ്‌കൂളിൽ പോവുന്ന അനുഭവമായിരിക്കും. അദ്ദേഹം ചില അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങളാണ് സിനിമയിൽ ഞാൻ ചെയ്യാനാഗ്രഹിക്കുന്ന പല കാര്യങ്ങളെയും നിർണയിച്ചത്.
സിനിമയിലേക്ക് വരുന്നതിനുമുമ്പേ വായിച്ച ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഇപ്പോഴും എന്റെ മനസിലുണ്ട്. ‘നിങ്ങൾക്കൊപ്പം അഭിനയിക്കുന്നത് ഒരു മികച്ച അഭിനേതാവാണെങ്കിൽ നല്ലത്. അത് ആസ്വദിച്ച് ജോലിചെയ്യുക. പക്ഷേ, ഒപ്പം സീനിലുള്ളത് ഒരു മോശം അഭിനേതാവാണെന്നത് നിങ്ങൾക്ക് മോശമായി ചെയ്യാനുള്ള ഒഴിവുകഴിവല്ല’.
അദ്ദേഹത്തിന്റെ ഈ വാക്കുകൾ പിൽക്കാലത്ത് എനിക്ക് എത്രയോ പ്രയോജനകരമായിട്ടുണ്ട്. അതേപോലെ ശ്രീവിദ്യാമ്മയ്‌ക്കൊപ്പം അഭിനയിക്കാനും കൊതി തോന്നിയിരുന്നു. അവർ നേരത്തേ പോയി എന്നത് എന്നിൽ നഷ്ടബോധമുണ്ടാക്കുന്ന കാര്യമാണ്,’പാർവതി പറയുന്നു.
Content Highlight: Parvathy Thiruvoth About Actor Nasarudheen Sha