ഞാനൊന്ന് ആസ്വദിച്ചു വരുവായിരുന്നു, തൊട്ടില്‍ കൊണ്ടുവരട്ടെയെന്ന് ചില സുഹൃത്തുക്കള്‍ ചോദിച്ചു; പ്രഗ്നന്‍സി ടെസ്റ്റര്‍ പോസ്റ്റില്‍ പാര്‍വതി
Film News
ഞാനൊന്ന് ആസ്വദിച്ചു വരുവായിരുന്നു, തൊട്ടില്‍ കൊണ്ടുവരട്ടെയെന്ന് ചില സുഹൃത്തുക്കള്‍ ചോദിച്ചു; പ്രഗ്നന്‍സി ടെസ്റ്റര്‍ പോസ്റ്റില്‍ പാര്‍വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th November 2022, 12:39 pm

അഞ്ജലി മേനോന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന വണ്ടര്‍ വുമണ്‍ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം വളരെ പുതുമയുള്ളതായിരുന്നു. ചിത്രത്തിലെ പ്രധാനതാരങ്ങളായ പാര്‍വതി തിരുവോത്ത്, സയനോര, നിത്യ മേനന്‍ എന്നിവര്‍ പോസിറ്റീവ് റിസള്‍ട്ട് കാണിക്കുന്ന പ്രഗ്നന്‍സി ടെസ്റ്ററിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

പിന്നാലെ ഇതുസംബന്ധിച്ച് വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് ഉണ്ടായ രസകരമായ സംഭവങ്ങള്‍ ഓര്‍ക്കുകയാണ് പാര്‍വതി. ഏഷ്യാനെറ്റ് ന്യൂസിന് വണ്ടര്‍ വുമണ്‍ ടീം നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. ഞാനൊന്ന് ആസ്വദിച്ചുവരികയായിരുന്നു. രണ്ടുമൂന്ന് അപ്പം കഴിച്ചതിന്റെ വയറേ എനിക്കുണ്ടായിരുന്നുള്ളൂ. സിനിമയെ പറ്റി അച്ഛനേയും അമ്മയേയും മാത്രമേ അറിയിച്ചിരുന്നുള്ളൂ. പക്ഷേ ഭയങ്കര ഇന്ററസ്റ്റിങ്ങായ പ്രതികരണങ്ങളാണ് ലഭിച്ചത്. അഞ്ജലി പറഞ്ഞ ഒരു സോഷ്യല്‍ എക്‌സ്പിരിമെന്റായിരുന്നു അത്. ഞങ്ങള്‍ക്കും അത് നല്ല രസമായി തോന്നി. എന്റെ ചില സുഹൃത്തുക്കള്‍ തൊട്ടില്‍ കൊണ്ടുവരട്ടെയെന്ന് പറഞ്ഞു, അവര്‍ സത്യമാണെന്ന് വിശ്വസിച്ചു.

അഞ്ജലിയുടെ സിനിമയില്‍ ഞാനൊരിക്കലും നോ പറയില്ല. അഞ്ജലി എന്ത് ജോലി തന്നാലും ഞാന്‍ ചെയ്യും. അത് അഭിനയമാവണമെന്നില്ല. ഷൂട്ടിന് മുമ്പ് അഞ്ജലി എല്ലാവര്‍ക്കും ഓരോ സ്‌ക്രിപ്റ്റ് കൊടുക്കും. അതില്‍ ഓരോരുത്തരുടെയും പേര് എഴുതിയിട്ടുണ്ടാവും. അപ്പോള്‍ പരകായപ്രവേശം എന്നൊക്കെ പറയുന്നത് പോലെ എന്തോ സംഭവിക്കും,’ പാര്‍വതി പറഞ്ഞു.

ചിത്രത്തെ പറ്റി അഞ്ജലി മേനോനും സംസാരിച്ചിരുന്നു. ‘വണ്ടര്‍വുമണ്‍ മനസില്‍ കയറിയിട്ട് ഒരുപാട് നാളായിട്ടില്ല. കുറച്ചുകൂടി ഡോക്യുമെന്ററിയായിട്ടാണ് ഈ വിഷയം ആലോചിച്ചുകൊണ്ടിരുന്നത്. പക്ഷേ ഇങ്ങനെയൊരു പ്രോജക്ട് ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ എക്‌സൈറ്റഡായി. കുറെ കൂടുതല്‍ ഫണ്ണായിട്ട് ചെയ്യാന്‍ പറ്റുമെന്ന് തോന്നി. കഴിഞ്ഞ ഒരു വര്‍ഷമായുള്ള വര്‍ക്കാണ്,’ അഞ്ജലി കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 18ന് സോണി ലിവിലൂടെയാണ് വണ്ടര്‍ വുമണ്‍ റിലീസ് ചെയ്യുന്നത്. പത്മ പ്രിയ, അര്‍ച്ചന പത്മിനി, നദിയ മൊയ്തു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Parvathy recalls the interesting events that happened during the announcement of the film wonder women