മലയാള സിനിമയിലെ പുതുമുഖ നടിയാണ് പാര്‍വതി രാജന്‍ ശങ്കരാടി. നടന്‍ ശങ്കരാടിയുടെ കുടുംബമാണ് പാര്‍വതി. ഇപ്പോള്‍ സിനിമയില്‍ വന്നതിനെ കുറിച്ചും പാര്‍വതി രാജന്‍ ശങ്കരാടി എന്ന പേരിനെ കുറിച്ചും സംസാരിക്കുകയാണ് നടി. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി രാജന്‍ ശങ്കരാടി.
‘സിനിമയില്‍ വന്നതുകൊണ്ടല്ലേ ശങ്കരാടി എന്ന് ഒപ്പം ചേര്‍ത്തതെന്ന് ചിലര്‍ ചോദിക്കുന്നു. അല്ല എന്നാണ് ഉത്തരം. പാര്‍വതി ആര്‍. മേനോന്‍ എന്നാണ് എന്റെ ഔദ്യോഗിക പേര്. അച്ഛന്റെ പേര് രാജഗോപാല മേനോന്‍. അച്ഛന്റെ അമ്മാവനാണ് നടന്‍ ശങ്കരാടി. ചങ്കരാടില്‍ എന്ന വീട്ടുപേരില്‍ നിന്നാണ് ആ പേര് ഉണ്ടായത്.
അച്ഛന്‍ സിനിമയിലേക്ക് വന്നപ്പോള്‍ ശങ്കരാടി മുത്തച്ഛനാണ് രാജന്‍ ശങ്കരാടി എന്ന് പേര് വച്ചാല്‍ മതിയെന്ന് പറഞ്ഞത്. ‘നിന്നിലൂടെ നമ്മുടെ കുടുംബപ്പേര് നിലനില്‍ക്കട്ടെ’ എന്ന് മുത്തശ്ശന്‍ പറഞ്ഞുവത്രേ. ഒന്‍പത് വര്‍ഷം മുമ്പായിരുന്നു അച്ഛന്റെ വേര്‍പാട്. 40 വര്‍ഷത്തോളം സിനിമയിലുണ്ടായിരുന്നു. ഞാന്‍ സിനിമയിലേക്ക് വന്നപ്പോള്‍ പേരിലൂടെ അച്ഛനെയും കൂടെ കൂട്ടി.
ജോഷി സാറിന്റെ ജൂലൈ നാലില്‍ ബാലതാരമായാണ് അരങ്ങേറ്റം കുറിച്ചത്. ഫ്രോക്കിട്ട്, അച്ഛന്റെ വിരലില്‍ തൂങ്ങി സെറ്റിലേക്ക് പോയ പത്തുവയസുകാരി ഇന്നും ഓര്‍മയിലുണ്ട്. അച്ഛനായിരുന്നു സിനിമയുടെ ചീഫ് അസോസിയേറ്റ്. വിജയരാഘവന്‍ അങ്കിളിന്റെയും രശ്മി ചേച്ചിയുടേയും മകളായാണ് അഭിനയിച്ചത്.
അതില്‍ ആക്‌സിഡന്റ് ആകുന്ന ഒരു സീന്‍ ഉണ്ട്. ചെറി പോലെ മധുരമുള്ള എന്തോ ആണ് രക്തമായി അന്ന് മുഖത്തും വായിലുമൊക്കെ തേച്ചത്. അച്ഛനൊപ്പം സെറ്റുകളില്‍ പോകുമ്പോഴെല്ലാം ക്യാമറക്ക് പിന്നിലെ കുഞ്ഞു ട്രിക്കുകളിലായിരുന്നു എന്റെ ശ്രദ്ധ. ഒരു ചെറിയ സംവിധായിക അന്നേ ഉള്ളിലുണ്ടായിരുന്നു എന്നു തോന്നുന്നു. എന്നെങ്കിലും ആ മോഹം സഫലമാകുമ്പോള്‍ ഇത്തരം ട്രിക്കുകള്‍ പരീക്ഷിക്കണം,’ പാര്‍വതി രാജന്‍ ശങ്കരാടി പറയുന്നു.