മലയാള സിനിമയിലെ പുതുമുഖ നടിയാണ് പാര്‍വതി രാജന്‍ ശങ്കരാടി. മലയാളത്തിലെ ലെജന്ററി നടനായ ശങ്കരാടിയുടെ ബന്ധുവും സംവിധായകന്‍ രാജന്‍ ശങ്കരാടിയുടെ മകളും കൂടിയാണ് നടി. സുരേഷ് ഗോപിയുടെ പാപ്പന്‍ എന്ന ചിത്രത്തിലും പുതുമുഖ സംവിധായകന്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിലും പാര്‍വതി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ശങ്കരാടിയുടെ ഇഷ്ടപ്പെട്ട സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് പാര്‍വതി രാജന്‍ ശങ്കരാടി.
‘എനിക്ക് ശങ്കരാടി മുത്തച്ഛന്റെ ഗോഡ് ഫാദറിലെ ക്ലൈമാക്‌സിലെ സീനുകളെല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ്. ആ കൈകൊട്ടി വിളിക്കുന്നതെല്ലാം നല്ല രസമാണ്. എത്ര കണ്ടാലും മടുക്കില്ല. പിന്നെ നാടോടിക്കാറ്റ്, സന്ദേശം, തുടങ്ങിയ സിനിമകളിലെല്ലാം എനിക്ക് ശങ്കരാടി മുത്തച്ഛനെ വലിയ ഇഷ്ടമാണ്. എന്നെ ആരെങ്കിലും പരിചയപ്പെടാന്‍ വരുമ്പോള്‍ ഇതാണാ രേഖ എന്നാണ് ആദ്യം പറയുക,’ പാര്‍വതി രാജന്‍ ശങ്കരാടി പറയുന്നു.
ശങ്കരാടി എന്ന പേരിനെ കുറിച്ചും പാര്‍വതി സംസാരിച്ചു. അത് തങ്ങളുടെ വീട്ടുപേരാണെന്നും അച്ഛന്റെ അമ്മാവനാണ് ശങ്കരാടിയെന്നും നടി പറയുന്നു.