എന്നാണ് മലയാള സിനിമയിലേക്ക് ഇനി തിരിച്ചുവരുന്നത്; മലയാളികള്‍ കാത്തിരുന്ന ചോദ്യത്തിന് ഉത്തരവുമായി പാര്‍വതി
Entertainment news
എന്നാണ് മലയാള സിനിമയിലേക്ക് ഇനി തിരിച്ചുവരുന്നത്; മലയാളികള്‍ കാത്തിരുന്ന ചോദ്യത്തിന് ഉത്തരവുമായി പാര്‍വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th June 2022, 9:56 am

ഒരുപിടി മലയാള ചിത്രങ്ങളില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച് ആരാധകരെ വാരിക്കൂട്ടിയ നടിയാണ് പാര്‍വതി. വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും പാര്‍വതി ടി.വി. പരിപാടികളിലും അഭിമുഖങ്ങളിലും പങ്കെടുക്കാറുണ്ട്. മലയാളികള്‍ ഏറെ നാളായി പാര്‍വതിയോട് ചോദിക്കുന്ന ചോദ്യമാണ് എന്നാണ് ഇനി മലയാള സിനിമയിലേക്ക് തിരിച്ച് വരിക എന്നുള്ളത്.

ഇതുവരെ പാര്‍വതി അതിനുള്ള കൃത്യമായ ഉത്തരം നല്‍കിയിരുന്നില്ല. പക്ഷെ ഇപ്പോള്‍ ആ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് പാര്‍വതി. ബിഹൈന്‍വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ പ്രതികരണം.

‘ഞാന്‍ ഇന്‍ഡസ്ട്രിയല്‍ നിന്ന് വിട്ട് പോയതായി എനിക്ക് തോന്നിയിട്ടില്ല. അഭിനയിക്കുന്നില്ല എന്ന് മാത്രമേ ഉള്ളു, എനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഇന്‍ഡസ്ട്രിയിലുണ്ട്.
ഇനി അഭിനയിക്കുമോ എന്ന് ചോദിച്ചാല്‍ നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും, ജയറാം ആണെങ്കില്‍ സെറ്റിലെ കാര്യങ്ങള്‍ എല്ലാം വന്ന് പറയാറുണ്ട്, കണ്ണനും(കാളിദാസ് ജയറാം) ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.

ലൈം ലൈറ്റ് ഞാന്‍ ഒരിക്കലും മിസ് ചെയ്തിട്ടില്ല. ഇപ്പോള്‍ ആണെങ്കില്‍ എനിക്ക് മറ്റ് കാര്യങ്ങള്‍ ഒന്നും തന്നെ ഇല്ല. ഞാന്‍ മാറി നില്‍ക്കാനുള്ള കാരണം കുട്ടികള്‍ക്ക് ഒപ്പം കൂടുതലും നില്‍ക്കണം എന്ന ആഗ്രഹം ഉള്ളത് കൊണ്ടാണ്. എന്നാല്‍ ഇപ്പോള്‍ അതില്ല മക്കള്‍ വലുതായി’; പാര്‍വതി പറഞ്ഞു.

പാര്‍വതി സിനിമയിലേക്ക് തിരികെ എത്തുമോ എന്ന ചോദ്യത്തിന്, ‘അതിനെന്താണ് പാര്‍വതി ഇനി അഭിനയിക്കില്ല എന്ന് പറഞ്ഞിട്ടേയില്ലല്ലോ’ എന്നായിരുന്നു മുന്‍പൊരു അഭിമുഖത്തില്‍ ജയറാം പറഞ്ഞത്.

Content Highlight : Parvathy Jayaram says that she definitely come back to cinema if get good roles