വിക്രമില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീന്‍ ഇതാണ്: ലോകേഷ് കനകരാജ്
Entertainment news
വിക്രമില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീന്‍ ഇതാണ്: ലോകേഷ് കനകരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th June 2022, 12:21 am

ഉലകനായകൻ കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം വിക്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ചിത്രം വൻ ഹിറ്റ് ആയതോടെ സോഷ്യൽ മീഡിയയിൽ മുഴവൻ ചിത്രത്തെ പറ്റിയുള്ള ചർച്ചകളിലാണ് ആരാധകർ. വിക്രത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീനിനെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ലോകേഷ് തന്നെയിപ്പോൾ. വിക്രമിന്റെ റിലീസിന് ശേഷം ബിഹൈൻഡ്‌വുഡ്‌സ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ലോകേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

വിക്രമിൽ ഏറ്റവും ഇഷ്ടപ്പെട്ട സീൻ ഏതാണ് എന്ന അവതാരകന്റെ ചോദ്യത്തിന്‌ മറുപടിയായിട്ടാണ് ലോകേഷ് തന്റെ ഇഷ്ട സീനിനെ പറ്റി മനസ് തുറന്നത്. വിക്രമെന്ന തന്റെ കൊച്ചുമകന് കമൽ ഹാസന്റെ കഥാപാത്രം പാല് കൊടുക്കുന്ന രണ്ട് സീനാണ് ചിത്രത്തിലുള്ളത്. സ്വന്തം മകൻ മരിക്കുമ്പോൾ പാല് കൊടുക്കുന്നതും, പിന്നീട് വില്ലൻ കഥാപാത്രങ്ങളോട് ഫൈറ്റ് ചെയ്ത് പാൽ കൊടുക്കുന്നതും.

ഈ രണ്ട് സീനാണ് തനിക്ക് സിനിമയിൽ ഏറ്റവും ഇഷ്ടമുള്ള സീനുകൾ എന്ന് ലോകേഷ് പറയുന്നു. കമൽഹാസനെയും സൂര്യയേയും കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസിൽ, എന്നിവരും വിക്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Content Highlight : Lokesh about favorite seen in vikram movie