കൊല്‍ക്കത്ത: പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിക്കും ആഭ്യന്തര കലഹത്തിനും പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസി (ടി.എം.സി)ല്‍ വന്‍ അഴിച്ചുപണികളുമായി പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി. നിലവിലെ പ്രതിസന്ധികളെ നേരിടാന്‍ മുതിര്‍ന്ന നേതാക്കളെയും പഴയ വിശ്വസ്തരെയും മുന്‍നിരയിലേക്ക് കൊണ്ടുവന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമം.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ 58 വിമത എം.എല്‍.എമാര്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് രംഗത്തെത്തിയതോടെയാണ് മമത ഈ നിര്‍ണായക നീക്കം നടത്തിയത്

മുതിര്‍ന്ന നേതാവ് സുബ്രത ബക്ഷിയെ മാറ്റി ചന്ദ്രിമ ഭട്ടാചാര്യയെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പുതിയ പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രസിഡന്റായി നിയമിച്ചു. പ്രായവും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി സ്ഥാനമൊഴിഞ്ഞ സുബ്രത ബക്ഷിയെ ദേശീയ വര്‍ക്കിങ് കമ്മിറ്റി വൈസ് പ്രസിഡന്റായി മാറ്റി നിയമിച്ചിട്ടുണ്ട്.

അഭിഷേക് ബാനര്‍ജി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമെങ്കിലും, അദ്ദേഹത്തെ സഹായിക്കാനായി രാജ്യസഭാ എം.പിമാരായ ഡെറിക് ഒബ്രിയന്‍, ഡോല സെന്‍ എന്നിവരെ ദേശീയ ജോയിന്റ് സെക്രട്ടറിമാരായി നിയമിച്ചു.

അധികാര കേന്ദ്രീകരണം കുറയ്ക്കാനും കൂട്ടായ തീരുമാനങ്ങള്‍ നടപ്പിലാക്കാനുമാണ് ഈ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

സജ്ദ അഹമ്മദ്, മമത താക്കൂര്‍, നയന ബാനര്‍ജി, സ്വാതി ഖണ്ഡേക്കര്‍ എന്നിവരെ പശ്ചിമ ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റുമാരായി ചുമതലപ്പെടുത്തി.

സായോനി ഘോഷിനെ തൃണമൂല്‍ യുവജന വിഭാഗം പ്രസിഡന്റായും മാലാ റോയിയെ മഹിളാ തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റായും വീണ്ടും നിയമിച്ചു

മദന്‍ മിത്ര, കല്യാണ്‍ ബാനര്‍ജി, കുനാല്‍ ഘോഷ്, ചന്ദ്രിമ ഭട്ടാചാര്യ എന്നിവരാണ് പാര്‍ട്ടിയുടെ പുതിയ വക്താക്കള്‍.

നേരത്തെ കൊല്‍ക്കത്ത മേയര്‍ സ്ഥാനം രാജിവെച്ച മമതയുടെ ദീര്‍ഘകാല വിശ്വസ്തനായിരുന്ന ഫിര്‍ഹാദ് ഹക്കീമിനെ പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ നിന്ന് ഒഴിവാക്കി എന്നതും ശ്രദ്ധേയമാണ്.

പരീക്ഷണങ്ങള്‍ക്ക് മുതിരാതെ, പതിറ്റാണ്ടുകളായി കൂടെയുള്ള പഴയ നേതാക്കളെ വിശ്വസിച്ച് പാര്‍ട്ടിയെ ഏകീകരിക്കാനാണ് മമതയുടെ ശ്രമം.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാരോപിച്ച് പുറത്താക്കിയ റിതബ്രത ബാനര്‍ജി, സാന്ദിപന്‍ സാഹ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക് തൃണമൂലിന്റെ പിളര്‍പ്പിലേക്ക് വരെ കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചിരുന്നു. 58 എം.എല്‍.എമാരുടെ പിന്തുണയോടെ ഔദ്യോഗിക പക്ഷത്തിന്റെ നോമിനിയെ മറികടന്ന് ബാനര്‍ജി ബംഗാളിന്റെ പ്രതിപക്ഷ നേതാവുമായിരുന്നു.

ആകെയുള്ള 80 എം.എല്‍.എമാരില്‍ മൂന്നില്‍ രണ്ട് പേരും ബാനര്‍ജിക്കൊപ്പമാണെന്നതിനാല്‍ കൂറുമാറ്റ നിരോധന നിയമവും ബാധമാകില്ല. യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളാണെന്ന് അവകാശപ്പെട്ട ഇവര്‍ പേരിനും ഔദ്യോഗിക പാര്‍ട്ടി ചിഹ്നത്തിനും അവകാശമുന്നയിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, റിതബ്രത ബാനര്‍ജിയെ സ്പീക്കര്‍ പ്രതിപക്ഷ നേതാവായി അംഗീകരിച്ചതിനെ തൃണമൂല്‍ കോണ്‍ഗ്രസ് കല്‍ക്കട്ട ഹൈക്കോടതിയില്‍ ചോദ്യം ചെയ്യും. സ്പീക്കറുടെ ഈ തീരുമാനം നിയമവിരുദ്ധമാണെന്ന് ടി.എം.സി എം.പി കല്യാണ്‍ ബാനര്‍ജി ആരോപിച്ചു.

 

Content Highlight: Party president Mamata Banerjee is making major changes in the Trinamool Congress.