പാര്‍ട്ടിയുടെ കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയണം; ആര്യ രാജേന്ദ്രനെതിരായ പരസ്യ പ്രതികരണങ്ങളോട് വി. ജോയ്
Kerala
പാര്‍ട്ടിയുടെ കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയണം; ആര്യ രാജേന്ദ്രനെതിരായ പരസ്യ പ്രതികരണങ്ങളോട് വി. ജോയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th December 2025, 1:24 pm

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരിച്ചടിക്ക് പിന്നാലെ സി.പി.ഐ.എമ്മിനുള്ളില്‍ നിന്ന് തന്നെയുണ്ടായ പരസ്യപ്രതികരണങ്ങളെ വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി വി.ജോയ് എം.എല്‍.എ.

പാര്‍ട്ടിപരമായ കാര്യങ്ങളാണ് പറയുന്നതെങ്കില്‍ അത് പാര്‍ട്ടിക്കുള്ളില്‍ പറയണം. ഫേസ്ബുക്കില്‍ കുറിപ്പിട്ടത് ശരിയായില്ലെന്ന് വി. ജോയ് പറഞ്ഞു. തിരുവനന്തപുരം മേയറായിരുന്ന ആര്യ രാജേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വിമര്‍ശനക്കുറിപ്പ് പങ്കിട്ട കൗണ്‍സിലര്‍ ഗായത്രി ബാബുവിന്റെ നടപടിയെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

ഗായത്രി ബാബുവിന്റെ പ്രതികരണം ഏകപക്ഷീയവും മനസിന്റെ വികാരം മാത്രമാണെന്നും ഫേസ്ബുക്കിലൂടെ പ്രതികരിച്ചത് ശരിയായില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോള്‍ തന്നെ അക്കാര്യം ശരിയായില്ലെന്ന് സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്തു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വലിയ തിരിച്ചടിയാണ് സി.പി.ഐ.എം നേരിട്ടതെങ്കിലും ബം.ജെ.പി കേവല ഭൂരിപക്ഷത്തിനരികില്‍ മാത്രമാണ് എത്തിയിരിക്കുന്നത്.

യു.ഡി.എഫും ബി.ജെ.പിയും സി.പി.ഐ.എമ്മിനെ പൊതുശത്രുവായി കണ്ടു. സ്വാഭാവികമായി പ്രതീക്ഷിച്ച ഒരു നിലയിലേക്ക് കാര്യങ്ങളതുകൊണ്ടാണ് എത്താതിരുന്നത്.


ലഭിക്കേണ്ടിയിരുന്ന 14-15 സീറ്റുകളുടെ കുറവുണ്ടായി. എന്നാലും ജനവിധി മാനിക്കുന്നുവെന്നും വി. ജോയ് പ്രതികരിച്ചു. കഴിഞ്ഞദിവസം, തോല്‍വിക്ക് പിന്നാലെയാണ് ഗായത്രി ബാബു ആര്യ രാജേന്ദ്രനെതിരെ രംഗത്തെത്തിയത്. ആര്യ രാജേന്ദ്രന്‍ തന്റെ ഭരണകാലത്ത് സി.പി.ഐ.എമ്മിന്റെ ജനകീയതയെ ഇല്ലാതാക്കി.

പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും അധികാരപരമായി തന്നേക്കാള്‍ താഴ്ന്നവോടുള്ള പുച്ഛവും മുകളിലുള്ളവരെ കാണുമ്പോള്‍ മാത്രമുള്ള അതിവിനയവും ഉള്‍പ്പെടെ കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മാറ്റിയെന്നും പേരെടുത്ത് പറയാതെ മുന്‍മേയര്‍ക്കെതിരെ ഗായത്രി ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

തന്നെ കാണാന്‍ വരുന്നവരെ കാണാന്‍ കൂട്ടാക്കിയിരുന്നെങ്കില്‍, പ്രാദേശിക നേതാക്കളുടെയും സഖാക്കളുടെയും ആവശ്യങ്ങള്‍ കേള്‍ക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കില്‍ ഇത്ര കനത്തില്‍ തിരിച്ചടി കിട്ടില്ലായിരുന്നെന്നും വഞ്ചിയൂരില്‍ നിന്നുള്ള കൗണ്‍സിലര്‍ ഗായത്രി വിമര്‍ശിച്ചിരുന്നു.

Content Highlight: Party matters should be discussed within the party; V. Joy on public reactions against Arya Rajendran