സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായ ഫസ്റ്റ് ലുക്കായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്ന ഹിന്ദി ചിത്രം ദി താജ് സ്‌റ്റോറിയുടേത്. പരേഷ് റാവല്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം സംസാരിക്കുന്നത് ഇന്ത്യയുടെ അഭിമാനമായ താജ് മഹലിനെക്കുറിച്ചാണ്. ബോളിവുഡിലൊരുങ്ങുന്ന പ്രൊപ്പഗണ്ട സിനിമകളുടെ ലിസ്റ്റിലെ അടുത്ത എന്‍ട്രിയെന്നാണ് പലരും താജ് സ്റ്റോറിയെ വിശേഷിപ്പിച്ചത്.
താജ് മഹലിന്റെ മിനാരത്തിന്റെ ഉള്ളില്‍ നിന്ന് പുറത്തേക്കുവരുന്ന ശിവന്റെ രൂപമാണ് പോസ്റ്ററില്‍. മിനാരം ഉയര്‍ത്തിപ്പിടിക്കുന്നതാകട്ടെ പരേഷ് റാവലുമാണ്. കേരള സ്റ്റോറി, കശ്മീര്‍ ഫയല്‍സ് പോലുള്ള പ്രൊപ്പഗണ്ട സിനിമകളെപ്പോലെ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ് ദി താജ് സ്റ്റോറിയെന്ന് ഫസ്റ്റ് ലുക്കിലൂടെ വ്യക്തമാണ്.
എന്നാല്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ പരേഷ് റാവല്‍ ട്രോളന്മാരുടെ ഇരയായി മാറിയിരിക്കുകയാണ്. ഏഴ് വര്‍ഷം മുമ്പ് പരേഷ് എക്‌സില്‍ (പഴയ ട്വിറ്റര്‍) പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചാവിഷയം. താജ് മഹലിനെതിരെ സംഘപരിവാര്‍ അനുകൂല സംഘടനകള്‍ ആദ്യമായി രംഗത്തെത്തിയ സമയത്ത് പരേഷ് താജ് മഹലിനെ സപ്പോര്‍ട്ട് ചെയ്താണ് പോസ്റ്റ് പങ്കുവെച്ചത്.
‘പ്രണയത്തിന്റെ പ്രതീകമായ താജ് മഹല്‍ ഇന്ന് വെറുപ്പിന്റെ പ്രതീകമായി മാറിയിരിക്കുന്നു. വിവരം കെട്ടതും അനാവശ്യവുമായ വിവാദമാണ് ഇപ്പോഴുണ്ടാകുന്നത്’ എന്നായിരുന്നു പരേഷ് അന്ന് തന്റെ പോസ്റ്റില്‍ കുറിച്ചത്. സംഘപരിവാര്‍ അനുകൂലികള്‍ അന്ന് പരേഷിനെ വിമര്‍ശിച്ച് കമന്റുകള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഏഴ് വര്‍ഷത്തിനിപ്പുറം പരേഷിന്റെ പോസ്റ്റ് പലരും കുത്തിപ്പൊക്കിയിരിക്കുകയാണ്.
‘അന്ന് താജ് മഹലിനെ സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചയാള്‍ ഇന്ന് തേജോ മഹാലയമാണ് താജ് മഹലെന്ന് വാദിക്കുന്ന സിനിമയില്‍ അഭിനയിക്കുന്നു’, ‘പൊളിറ്റിക്‌സിനും പണത്തിനും മുന്നില്‍ യു ടേണ്‍ അടിച്ച പരേഷിന്റെ നിലപാടുകള്‍ കാണുമ്പോള്‍ അസ്വസ്ഥത തോന്നുന്നു’, എന്നിങ്ങനെയാണ് പലരും പോസ്റ്റ് കുത്തിപ്പൊക്കിക്കൊണ്ട് പങ്കുവെക്കുന്ന ക്യാപ്ഷനുകള്‍.
എന്നാല്‍ താജ് സ്റ്റോറി എന്ന ചിത്രം അതിനുള്ളില്‍ ശിവലിംഗമുണ്ടെന്ന് പറയുന്ന ചിത്രമല്ലെന്നും ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നില്ലെന്നുമാരോപിച്ച് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. അടുത്ത നാഷണല്‍ അവാര്‍ഡ് നേടാനുള്ള നീക്കമാണ് താജ് സ്റ്റോറിയെന്നും താജ് മഹല്‍ കാണാത്തവര്‍ വേഗം പോയി കാണണമെന്നും ട്രോളുകള്‍ ഉയര്‍ന്നിരുന്നു.