ബുള്ളര്‍ക്ക് വധശിക്ഷ നല്‍കരുത്: പഞ്ചാബ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു
India
ബുള്ളര്‍ക്ക് വധശിക്ഷ നല്‍കരുത്: പഞ്ചാബ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th April 2013, 2:46 pm

ന്യൂദല്‍ഹി: 1993 ലെ കാര്‍ബോംബ് ആക്രമണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദേവീന്ദര്‍ പാല്‍ സിങ് ബുള്ളറുടെ വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലും മകനും ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലും പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ കണ്ടു.

1984ലെ സിഖ് വിരുദ്ധകലാപത്തില്‍ ഇതുവരെ ആര്‍ക്കും വധശിക്ഷ നല്‍കിയിട്ടില്ലെന്നും ബുള്ളറുടെ വധശിക്ഷ നടപ്പാക്കുന്നത് ശരിയല്ലെന്നും പ്രകാശ് സിങ് ബാദല്‍ പറഞ്ഞു. []

ബുള്ളറുടെ വധശിക്ഷ നടപ്പാക്കിയാല്‍ പഞ്ചാബില്‍ നിലവിലുള്ള ക്രമസമാധാനം തകരും. ഇത് ഒഴിവാക്കണമെന്നും മുതിര്‍ന്ന ശിരോമണി അകാലിദള്‍ നേതാവ് കൂടിയായ പ്രകാശ് സിങ് ബാദല്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

കേസില്‍ 18 വര്‍ഷമായി ജയില്‍ കിടക്കുന്ന അദ്ദേഹം ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കഴിഞ്ഞെന്നും. മാനസികമായി തകര്‍ന്ന അദ്ദേഹത്തിന് വധശിക്ഷ നല്‍കുന്നത് ഭരണഘടനാ ലംഘനമാണെന്നും പ്രകാശ് സിങ് പ്രധാനമന്ത്രിയോട് പറഞ്ഞു.

1993ല്‍ ദല്‍ഹിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തിന്റെ പേരിലാണ് ഭുള്ളര്‍ക്ക് വധശിക്ഷ വിധിച്ചത്. സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

രാഷ്ട്രപതി തള്ളിയ ഭുള്ളറുടെ വധശിക്ഷ കഴിഞ്ഞയാഴ്ച സുപ്രീം കോടതിയും ശരിവച്ചിരുന്നു. ബുള്ളറുടെ വധശിക്ഷ നടപ്പാക്കാന്‍ വൈകിയെന്നും ഇപ്പോള്‍ അദ്ദേഹം മാനസികമായി ആരോഗ്യവാനല്ലെന്നും കാട്ടിയാണ് അദ്ദേഹത്തിന്റെ കുടുംബം വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

ദേവീന്ദര്‍ പാല്‍ സിങ് ദീര്‍ഘകാലമായി ശിക്ഷ അനുഭവിക്കുകായാണെന്നും ശിക്ഷ ജീവപര്യന്തമായി കുറക്കണമെന്നും കാണിച്ചായിരുന്നു ഹരജി നല്‍കിയത്.

2003 ല്‍ രാഷ്ട്രപതിക്ക് ബുള്ളര്‍ ദയാഹരജി നല്‍കിയിരുന്നെങ്കിലും 8 വര്‍ഷങ്ങള്‍ക്ക് ശേഷം 2011 ലാണ് ദയാഹരജി പരിഗണിക്കുന്നത്. അന്ന് രാഷ്ട്രപതി ബുള്ളറിന്റെ ദയാഹരജി തള്ളുകയും ചെയ്തിരുന്നു.

2011 ല്‍ ബുള്ളര്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദയാഹരജി പരിഗണിക്കുന്നതില്‍ വന്ന കാലതാമസം ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി നല്‍കിയിരുന്നത്. ബുള്ളര്‍ സുപ്രീം കോടതിയെ സമീപിച്ച് ഒരാഴ്ച്ചയ്ക്ക് ശേഷം രാഷ്ട്രപതി ദയാഹരജി തള്ളുകയും ചെയ്തു.

ദയാഹരജി പരിഗണിക്കുന്നത് വൈകിയതിനാല്‍ ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് നേരിട്ട് കൊണ്ടിരിക്കുന്നതെന്നും അതിനാല്‍ ശിക്ഷ ജീവപര്യന്തമായി കുറക്കണമെന്നുമായിരുന്നു ദേവീന്ദര്‍ പാല്‍ സിങ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

പതിനൊന്ന് വര്‍ഷമായിട്ടും ദയാഹരജി പരിഗണിക്കാതിരിക്കാന്‍ രാഷ്ട്രപതിക്ക് എങ്ങനെ കഴിഞ്ഞു?