ഞാന്‍ ഉയര്‍ത്തിക്കാണിച്ചത് മുന്‍സിപ്പാലിറ്റിയുടെ അനാസ്ഥയെ; വ്യക്തിപരമായ അധിക്ഷേപം ലക്ഷ്യമിട്ടിരുന്നില്ല: പാണാളി ജുനൈസ്
Kerala News
ഞാന്‍ ഉയര്‍ത്തിക്കാണിച്ചത് മുന്‍സിപ്പാലിറ്റിയുടെ അനാസ്ഥയെ; വ്യക്തിപരമായ അധിക്ഷേപം ലക്ഷ്യമിട്ടിരുന്നില്ല: പാണാളി ജുനൈസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th June 2025, 9:03 pm

മലപ്പുറം: കൊണ്ടോട്ടി ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട വീഡിയോയെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി വ്‌ളോഗര്‍ പാണാളി ജുനൈസ്. തന്റെ വീഡിയോ സത്ഉദേശപരമായിരുന്നെന്നും മുനിസിപ്പാലിറ്റിയുടേയും മറ്റ് അധികാര സ്ഥാപനങ്ങളുടേയും അനാസ്ഥയാണ് വീഡിയോയിലൂടെ താന്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചതെന്നും മറിച്ച് വ്യക്തിപരമായി ഒരാളെയും അധിക്ഷേപിക്കാന്‍ ലക്ഷ്യമിട്ടിരുന്നില്ലെന്നും ജുനൈസ് ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.

‘വര്‍ഷങ്ങളായി കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ ഉള്‍പ്പെടുന്ന കൊണ്ടോട്ടി ഭാഗത്തെ റോഡിന്റെ അവസ്ഥ ശോചനീയമാണ്. മഴ പെയ്യാന്‍ തുടങ്ങുമ്പോള്‍ അപ്പോള്‍ വെള്ളം കയറി വെള്ളക്കെട്ട് ഉണ്ടാവും. രണ്ട്, മൂന്ന് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ബ്ലോക്കാണ് പലപ്പോഴും ഈ റോഡില്‍ ഉണ്ടാവുന്നത്. പ്രായമായവര്‍ മുതല്‍ കുട്ടികള്‍ വരെ ഈ ബ്ലോക്കില്‍ ദുരിതം അനുഭവിക്കുന്നുണ്ട്. ആ പ്രശ്‌നം അഡ്രസ് ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തത്,’ ജുനൈസ് പറഞ്ഞു.

വീഡിയോയുടെ പേരില്‍ എം.എല്‍.എയും ചെയര്‍പേഴ്‌സണും കേസ് കൊടുത്തിട്ടുണ്ടെങ്കിലും അതിന് ശേഷം റോഡിന്റെ വിഷയത്തില്‍ പ്രതിഷേധങ്ങളും ചെറിയ രീതിയിലുള്ള പണികളും നടക്കുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജുനൈസ് കൂട്ടിച്ചേര്‍ത്തു.

വ്യക്തിപരമായി അധിക്ഷേപിച്ചു എന്ന് പറയുന്ന ആളുകളുടെ പേരെടുത്ത് പോലും സംസാരിച്ചിട്ടില്ലെന്നും മറിച്ച് അവര്‍ ഇരിക്കുന്ന പദവിയെയാണ് താന്‍ വിമര്‍ശനത്തിന് വിധേയമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസ്തുത റോഡ് എന്‍.എച്ച്.എ.ഐയുടെ കീഴില്‍ ആണെന്ന് പറയുമ്പോഴും അതിലൊരു മാറ്റം കൊണ്ടുവരാന്‍ ഫണ്ടുകള്‍ പാസാക്കി എടുക്കേണ്ടത് മുന്‍സിപ്പാലിറ്റിയുടേയും എം.എല്‍.എയുടേം കടമയല്ലേയെന്നും ജുനൈസ് ചോദിച്ചു. മഴക്കാലത്ത് ഇത്തരത്തിലുള്ള വെള്ളക്കെട്ടുകള്‍ ഉണ്ടാവുന്നത് തടയാന്‍ മഴക്കാല പരിപാടികള്‍ ആവിഷ്‌കരിക്കേണ്ടതും അവരുടെ കീഴിലുള്ള ഡ്രെയ്‌നേജുകള്‍ ക്ലീന്‍ ആക്കേണ്ടതിന്റെയും ഉത്തരവാദിത്തം മുനിസിപ്പാലിറ്റിക്ക് ഇല്ലേയെന്നും ജുനൈസ് ചോദിച്ചു.

അതേസമയം തന്റെ മലപ്പുറം രീതിയിലുള്ള സംസാരശൈലിയാവും ഒരുപക്ഷെ ഇത്തരത്തില്‍ വ്യക്തിഹത്യ ചെയ്തു എന്ന ആരോപണത്തിലേക്ക് നയിച്ചിട്ടുണ്ടാവുകയെന്നും ജുനൈസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിലെ ഗതാഗതക്കുരുക്കിനെ സംബന്ധിച്ച ഒരു വീഡിയോ ജുനൈസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. കൊണ്ടോട്ടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണിന്റേയും കൊണ്ടോട്ടി എം.എല്‍.എയുടേയും അനാസ്ഥയാണ് ഇത്തരമൊരു ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ജുനൈസ് വീഡിയോയില്‍ പറഞ്ഞിരുന്നത്. ചെയര്‍പേഴ്‌സണിന്റെ മേക്കപ്പിനെക്കുറിച്ചുള്ള ജുനൈസിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

വീഡിയോയിലെ പരാമര്‍ശത്തില്‍ ജുനൈസിനെതിരെ കേസെടുത്തിരുന്നു. നഗരസഭ അധ്യക്ഷയെ അപകീര്‍ത്തിപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതായും കാണിച്ചാണ് ജുനൈസിനെതിരെ കേസ് എടുത്തത്. വനിത കമ്മീഷനും ജില്ല പൊലീസ് മേധാവിക്കും ചെയര്‍പേഴ്‌സണ്‍ പരാതി നല്‍കിയിരുന്നു.

Content Highlight: Panali Junais reacts to the controversies about his video on Kondotty road issue