നിലമ്പൂരിലെ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്ന് പാണക്കാട് കുടുംബം
Kerala News
നിലമ്പൂരിലെ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്ന് പാണക്കാട് കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd June 2025, 7:23 pm

നിലമ്പൂര്‍: നിലമ്പൂരിലെ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ പാണക്കാട് കുടുംബം. മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ പാണക്കാട് അബ്ബാസലി തങ്ങള്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ജില്ലയില്‍ ഉണ്ടായിട്ടും അബ്ബാസലി തങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തില്ലെന്നാണ് വിവരം.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ് എം.പി, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി തുടങ്ങിയവര്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ നിന്നാണ് പാണക്കാട് കുടുംബം വിട്ടുനിന്നത്.

ഹജ്ജിന് പോയതിനാല്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. ഇക്കാരണത്താൽ അബ്ബാസ് തങ്ങളെയാണ് പരിപാടിയിൽ പങ്കെടുക്കാൻ ചുമതലപ്പെടുത്തിയിരുന്നത്.

പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുക്കാത്ത യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സമീപകാല ചരിത്രത്തിലാദ്യമാണ്.

എന്നാല്‍ അബ്ബാസലി തങ്ങള്‍ ജില്ലയില്‍ നടന്ന മറ്റ് പരിപാടികളില്‍ പങ്കെടുത്തതായി വിവരമുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതുകൊണ്ടാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരുന്നതെന്ന് അനൗദ്യോഗിക വിശദീകരണം ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ഷൗക്കത്ത്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ കല്ലറ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇതുവരെ പാണക്കാട് കുടുംബമോ കുടുംബാംഗങ്ങളെയോ ഷൗക്കത്ത് സന്ദർശിച്ചിട്ടില്ല.

നേരത്തെ പാണക്കാട് കുടുംബത്തിനെതിരായ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തെ തുടര്‍ന്ന് പാണക്കാട് കുടുംബത്തിനെതിരായ ഷൗക്കത്തിന്റെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്.

ഇതിനിടെ 2025 ജൂണ്‍ ഒന്നിന് നടന്ന യൂത്ത് ലീഗ് നേതൃ കണ്‍വെന്‍ഷനില്‍ ആര്യാടന്‍ ഷൗക്കത്തും മുനവ്വറലി ശിഹാബ് തങ്ങളും ഒരുമിച്ചെത്തിയിരുന്നു. പാണക്കാട് കുടുംബത്തില്‍ നിന്ന് ലഭിച്ച അനുഗ്രഹമാണ് തെരഞ്ഞെടുപ്പില്‍ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമെന്ന് ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ചില അബദ്ധങ്ങള്‍ പറ്റിയതുകൊണ്ട് മാത്രമാണ് നിലമ്പൂരില്‍ യു.ഡി.എഫിന് നഷ്ടങ്ങളുണ്ടായതെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാത്തത് കൊണ്ടല്ലെന്നും ഷൗക്കത്ത് പറഞ്ഞിരുന്നു.

Content Highlight: Panakkad family abstains from UDF convention in Nilambur