'ഫലസ്തീനികള്‍ ഗസയില്‍ തുടരും' യു.എസ് ദ്വിരാഷ്ട്ര പരിഹാരത്തിന് ഒരുങ്ങുന്നതായി സൂചന
Israel–Palestinian conflict
'ഫലസ്തീനികള്‍ ഗസയില്‍ തുടരും' യു.എസ് ദ്വിരാഷ്ട്ര പരിഹാരത്തിന് ഒരുങ്ങുന്നതായി സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th September 2025, 1:49 pm

ടെല്‍ അവീവ്: ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ യു.എസും തയ്യാറെടുക്കുന്നതായി സൂചന. അടുത്തിടെ ഏതാനും അറബ് രാജ്യങ്ങള്‍ക്ക് കൈമാറിയ രേഖയില്‍ ഫലസ്തീനികളെ ഗസയില്‍ തുടരാന്‍ അനുവദിക്കണമെന്ന നിലപാടാണ് യു.എസ് സ്വീകരിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

21 നിര്‍ദേശങ്ങളോട് കൂടിയ രേഖയാണ് യു.എസ് അറബ് രാജ്യങ്ങള്‍ക്ക് കൈമാറിയിരിക്കുന്നത്. ഇതില്‍ ഗസയിലെ എല്ലാ ബന്ദികളെയും മോചിപ്പിക്കണം, ഹമാസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണം തുടങ്ങി ലോകരാജ്യങ്ങള്‍ ഒരുപോലെ ഉന്നയിക്കുന്ന നിര്‍ദേശങ്ങളും ഉള്‍പ്പെടുന്നുണ്ട്.

എന്നാല്‍ മറ്റുള്ളവയില്‍ നിന്ന് ഫലസ്തീനികളെ ഗസയില്‍ തുടരാന്‍ അനുവദിക്കണമെന്ന നിര്‍ദേശമാണ് യു.എസ് നിലപാടുകളെ വ്യത്യസ്തമാക്കുന്നത്. കാരണം ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ യു.എസ് ഇതുവരെ  ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണച്ചിട്ടില്ല.

നിലവില്‍ ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈംസ് ഓഫ് ഇസ്രഈല്‍ ഉള്‍പ്പെടെയുള്ള അന്തരാഷ്ട്ര മാധ്യമങ്ങളാണ് യു.എസിന്റെ ഈ നിലപാടുമാറ്റം സ്ഥിരീകരിക്കുന്നത്.

യു.എസ് വക്താവായ സ്റ്റീവ് വിറ്റ്‌കോഫാണ് ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ നിര്‍ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ വിറ്റ്‌കോഫ് യു.എസിന്റെ നിര്‍ദേശങ്ങള്‍ കൂടുതൽ വിപുലീകരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗസയിലെ ഭീകരത അവസാനിപ്പിക്കുക, ഫലസ്തീനികള്‍ക്കായി ഗസ പുനര്‍വികസിപ്പിക്കും, ഇവ രണ്ടും അംഗീകരിച്ചാല്‍ യുദ്ധം ഉടനടി അവസാനിപ്പിക്കും, ഘട്ടംഘട്ടമായി ഇസ്രഈല്‍ സൈന്യം ഗസയില്‍ നിന്ന് പിന്മാറണം, കരാര്‍ അംഗീകരിച്ച് 48 മണിക്കൂറിനുള്ളില്‍ ഗസയിലെ എല്ലാ ബന്ദികളെയും വിട്ടയക്കണം,

ഇസ്രഈല്‍ തടവുകാര്‍ തിരിച്ചെത്തിയാല്‍ യുദ്ധത്തിന്റെ തുടക്കം മുതല്‍ അറസ്റ്റിലായവര്‍ ഉള്‍പ്പെടെ 1000ത്തിലധികം ബന്ദികളെ ഇസ്രഈലും വിട്ടയക്കണം, ബന്ദികളെ വിട്ടയച്ചാല്‍ ഹമാസിന് പൊതുമാപ്പ് നല്‍കും, പിന്നീട് മറ്റു രാജ്യങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഹമാസ് നേതാക്കള്‍ക്ക് സുരക്ഷിതമായി ഗസ വിടാം തുടങ്ങിയ നിര്‍ദേശങ്ങളാണ് യു.എസ് മുന്നോട്ടുവെച്ചിരിക്കുന്നത്.

2025 ഫെബ്രുവരിയില്‍ ഗസ പൂര്‍ണമായും പിടിച്ചെടുക്കുമെന്നും 20 ലക്ഷത്തോളം വരുന്ന ഗസാ നിവാസികളെ സ്ഥിരമായി മാറ്റിപാര്‍പ്പിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തിയിരുന്നു.

ഗസയില്‍ നിന്നും പുറത്തുപോകുന്ന ഫലസ്തീനികളെ ഈജിപ്തും ജോര്‍ദാനും ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍ സ്വീകരിക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു. വൈറ്റ് ഹൗസില്‍ വെച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ച ട്രംപ്, കഴിഞ്ഞ നാല് ദിവസമായി ഗസയിലെ ഇസ്രഈല്‍ യുദ്ധം അവസാനിപ്പിക്കാന്‍ തീവ്രവായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നു.

Content Highlight: ‘Palestinians will remain in Gaza’ US hints at two-state solution