ദോഹ: ഫലസ്തീനികൾക്ക് സ്വന്തം മണ്ണിൽ താമസിക്കാൻ അവകാശമുണ്ടെന്ന് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ അൽതാനി. ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നത് തുടരുമെന്നും അവരുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കാൻ തങ്ങൾ പ്രയത്നിക്കുമെന്നും അൽതാനി പറഞ്ഞു.
ഫലസ്തീനികളെ അവരുടെ മാതൃരാജ്യം വിട്ടുപോകാൻ നിർബന്ധിക്കരുതെന്നും സ്വന്തം മാതൃരാജ്യത്ത് താമസിക്കാനുള്ള അവകാശം അവർക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇപ്പോൾ നമ്മൾ നിർണായക നിമിഷത്തിലാണ്. ഗസയിൽ നിന്നും ഇസ്രഈൽ സേനയെ പൂർണമായി നീക്കം ചെയ്യണം. ഗസയിൽ സ്ഥിരത പുനസ്ഥാപിക്കണം. എന്നാൽ മാത്രമേ വെടിനിർത്തൽ പൂർത്തിയാക്കാൻ കഴിയൂ,’ ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.
വെടിനിർത്തലിന്റെ അടുത്ത ഘട്ടം മുന്നോട്ട് കൊണ്ടുപോകാൻ മധ്യസ്ഥർ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഖത്തറിൽ നടന്ന ദോഹ ഫോറം സമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കുറഞ്ഞുവെങ്കിലും യുദ്ധം അവസാനിച്ചെന്ന് പറയാനാകില്ലെന്നും മേഖലയുമായി ഇടപഴകാതെ സമാധാനത്തിനായുള്ള ചർച്ചകൾ നടത്താൻ കഴിയില്ലെന്നും അൽതാനി പറഞ്ഞു.
ഒക്ടോബറിലെ വെടിനിർത്തൽ കരാറിന് ശേഷം ഫലസ്തീനിൽ രണ്ടാം ഘട്ട സമാധാന ചർച്ചകൾ നടത്തണമെന്നും ഇസ്രഈലിനെയും ഹമാസിനെയും പുതിയ ഘട്ട ചർച്ചകളിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞിരുന്നു.
അതേസമയം ഗസയിൽ ഇരുപക്ഷവും വെടിനിർത്തൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി വിന്യസിക്കുന്ന അന്താരാഷ്ട്ര സേന മേഖലയിൽ സമാധാനം നിലനിർത്തുന്നതിനായി പ്രവർത്തിക്കണമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദലട്ടി പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്‌തു.
‘സമാധാനം അടിച്ചേൽപ്പിക്കുന്നതിനല്ല സമാധാനം നിലനിർത്തുന്നതിനാണ് സേന രൂപീകരിക്കേണ്ടത്. രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്,’ ബദർ അബ്ദലട്ടി പറഞ്ഞു.
മേഖലയിലേക്കുള്ള ആയുധങ്ങൾ എത്തിക്കുന്നത് നിയന്ത്രിക്കണമെന്നും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനായും ചികിത്സ ആവശ്യമുള്ള രോഗികളെ ഒഴിപ്പിക്കുന്നതിനായും അതിർത്തികൾ തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രഈൽ ഗസയിൽ നിന്നും പിന്മാറണമെന്നും ‘ബോർഡ് ഓഫ് പീസ്’ എന്നറിയപ്പെടുന്ന ഒരു സമിതി രൂപീകരിക്കണമെന്നും അന്താരാഷ്ട്ര സേനയെ വിന്യസിക്കണമെന്നും നവംബറിൽ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച സമാധാന പദ്ധതിയിൽ പറഞ്ഞിരുന്നു.
Content Highlight: Palestinians have the right to live in their own land: Qatari Prime Minister