ആക്രമിക്കാനെത്തുന്ന ഇസ്രഈലി കുടിയേറ്റക്കാരെ ഭയന്ന് ഊഴമനുസരിച്ച് തങ്ങളുടെ ഗ്രാമത്തിന് കാവൽ നിൽക്കുകയാണ് മസാഫർ യാട്ടയിലെ പുരുഷന്മാർ
Israeli Attacks On Gaza
ആക്രമിക്കാനെത്തുന്ന ഇസ്രഈലി കുടിയേറ്റക്കാരെ ഭയന്ന് ഊഴമനുസരിച്ച് തങ്ങളുടെ ഗ്രാമത്തിന് കാവൽ നിൽക്കുകയാണ് മസാഫർ യാട്ടയിലെ പുരുഷന്മാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th July 2025, 8:09 am

ഗസ: വെസ്റ്റ് ബാങ്കിലെ തങ്ങളുടെ ഗ്രാമങ്ങൾ ഇസ്രഈലി കുടിയേറ്റക്കാർ തകർക്കുമെന്ന ഭയത്തിൽ ജീവിച്ച് ഫലസ്തീനികൾ. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ആക്രമണങ്ങൾ ഉണ്ടാകുന്നുവെന്ന് ഫലസ്തീനികൾ പറയുന്നു.

തലേദിവസത്തെ ഇസ്രഈലി കുടിയേറ്റക്കാരുടെ ആക്രമണങ്ങളിൽനിന്നും താത്‌കാലികമായി രക്ഷപ്പെട്ടതിൽ ആശ്വസിക്കുകയാണ് അധിനിവേശ വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളിലൊന്നനായ ടുബയിൽ താമസിക്കുന്ന 27 കാരനായ അലി അവാദ്. അധിനിവേശ വെസ്റ്റ് ബാങ്കിലെ വരണ്ട തെക്കൻ ഹെബ്രോൺ കുന്നുകളിലെ മസാഫർ യാട്ടയെയിലെ ഗ്രാമങ്ങളിലൊന്നാണ് ടുബ. മുഖംമൂടി ധരിച്ച് കുതിരപ്പുറത്തെത്തിയ ഒരു ഇസ്രഈലി കുടിയേറ്റക്കാരൻ തന്റെ കുടുംബവീട് വളയുന്നത് ഒന്നും ചെയ്യാനാകാതെ രാത്രി മുഴുവൻ നോക്കിക്കണ്ട അവാദിന്റെ കണ്ണുകൾ അപ്പോഴും നിറയുന്നുണ്ടായിരുന്നു.

മുഖംമൂടി ധരിച്ച ആ കുടിയേറ്റക്കാരനെ കണ്ടപ്പോൾ തന്നെ അയാൾ എന്താണ് ആഗ്രഹിക്കുന്നതെന്ന് ഞങ്ങൾക്ക് മനസിലായി. അയാൾ ഞങ്ങളെ ആക്രമിക്കാൻ ഒരുങ്ങിയായിരുന്നു വന്നത്. എന്നത്തേയും പോലെ അയാൾ ഭാഗ്യവാനായിരുന്നു. പൊലീസ് എത്തുന്നതിന് മുമ്പ് ആ കുടിയേറ്റക്കാരൻ ഇരുട്ടിലേക്ക് അപ്രത്യക്ഷനായി,’ നിറഞ്ഞ കണ്ണുകളോടെ അവാദ് ദി ഗാർഡിയനോട് പറഞ്ഞു.

മസാഫർ യാട്ടയിലെ പുരുഷന്മാർ ഇപ്പോൾ ഉറങ്ങുന്നത് വളരെ അപൂർവമാണ്. ഇരുട്ടിന്റെ മറവിൽ സമീപത്തുള്ള ഇസ്രഈലി കുടിയേറ്റക്കാർ ആക്രമിക്കുമെന്ന് ഭയന്ന് അവർ രാത്രിയിൽ ഊഴമനുസരിച്ച് തങ്ങളുടെ ഗ്രാമത്തിന് കാവൽ നിൽക്കുന്നു.

പകൽ വെളിച്ചവും ആശ്വാസം നൽകുന്നില്ല. വാഹനങ്ങളുടെ അടുത്ത് വരുന്ന ശബ്ദം കേൾക്കുന്നുണ്ടോയെന്ന് കാതുകൾ കൂർപ്പിച്ചാണ് അവർ ജോലി ചെയ്യുന്നത്. ഏതുനേരത്തും ഇസ്രഈലി ബുൾഡോസറുകൾ അവരുടെ വീടുകൾ പൊളിക്കാൻ എത്തിയേക്കാം.

1981ൽ ഇസ്രഈൽ മസാഫർ യാട്ടയെ ഒരു സൈനിക പരിശീലന മേഖലയായി പ്രഖ്യാപിച്ചു. ഫയറിങ് സോൺ 918 എന്ന് നാമകരണം ചെയ്യപ്പെട്ട ഇവിടെ സാധാരണക്കാർക്ക് താമസിക്കാൻ കഴിയില്ല. അതിനുശേഷം ഏകദേശം 1,200 ഓളം വരുന്ന അവിടെയുള്ള ഫലസ്തീൻ നിവാസികളെ പുറത്താക്കാൻ അവർ പ്രവർത്തിച്ചുവരികയാണ്. തങ്ങളെ പുറത്താക്കുന്നത് തടയാൻ ഇവർ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഇസ്രഈൽ കോടതികളിൽ പോരാടുകയാണ്. ഈ പോരാട്ടം അവിടെ ഫലസ്തീൻ വീടുകൾ തകർക്കുന്നത് മന്ദഗതിയിലാക്കിയെങ്കിലും കുടിയൊഴിപ്പിക്കൽ ഭീഷണിക്ക് അന്ത്യം വന്നിട്ടില്ല.

മസാഫർ യാട്ടയിലെ വീടുകൾ പൊളിക്കുന്നതിനുള്ള നിയമപരമായ തടസങ്ങൾ ഉടൻ തന്നെ മാറ്റുമെന്ന തീരുമാനം ഈ അടുത്ത് ഇസ്രഈലിന്റെ ഒരു ഭരണ സമിതി പുറപ്പെടുവിച്ചു. ഇതോടെ അവിടെയുള്ള 1,200 പേരെ നിർബന്ധിതമായി കുടിയൊഴിപ്പിച്ചേക്കാം. ഇത് യുദ്ധക്കുറ്റമാണെന്ന് യു.എൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അലി അവാദ്

‘ഇത് നിർബന്ധിത കുടിയൊഴിപ്പിക്കലാണ്. ഇതൊരു യുദ്ധക്കുറ്റമാണ്. മസാഫർ യാട്ടയിലെ വീടുകൾ പൊളിക്കുന്നതിനുള്ള നിയമപരമായ തടസങ്ങൾ ഉടൻ തന്നെ മാറ്റുമെന്ന തീരുമാനം ഈ അടുത്ത് ഇസ്രഈലിന്റെ ഒരു ഭരണ സമിതി പുറപ്പെടുവിച്ചു. ഇത് അവിടെയുള്ള ഫലസ്തീനികളുടെ കുടിയൊഴിപ്പിക്കലിലേക്ക് നയിക്കും. അത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി കണക്കാക്കും,’ ജൂൺ 26ന് യു.എൻ മനുഷ്യാവകാശ ഓഫീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഫലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കാനും അനധികൃത ഇസ്രഈൽ കുടിയേറ്റം സുഗമമാക്കാനും ഇസ്രഈൽ വെടിവയ്പ്പ് മേഖലകൾ സ്ഥാപിക്കുന്നുവെന്ന് മാനുഷിക സംഘടനകൾ വളരെക്കാലമായി വിമർശിച്ച് വരുന്നുണ്ട്. വെസ്റ്റ് ബാങ്കിൽ പൂർണമായും ഇസ്രഈൽ നിയന്ത്രണത്തിലുള്ള പ്രദേശമായ ഏരിയ സിയുടെ ഏകദേശം 18% ഇത്തരത്തിൽ വെടിവയ്പ്പ് മേഖലകളായി മാറ്റിയിട്ടുണ്ടെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

അവാദും മസാഫർ യാട്ടയിലെ മറ്റ് നിവാസികളും രണ്ട് പതിറ്റാണ്ടിലേറെയായി തങ്ങളുടെ സമൂഹത്തിന്റെ നാശത്തിനെതിരെ പോരാടുന്നതിനായി നിരവധി നിവേദനങ്ങളും അപ്പീലുകളും മാസ്റ്റർ പ്ലാനുകളും മറ്റ് രേഖകളും സമർപ്പിച്ച് കഴിഞ്ഞു. എന്നിട്ടും ഇപ്പോഴും അവർ കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്.

 

Content Highlight: Palestinians fear razing of villages in West Bank, as settlers circle their homes