ഫിഫ വേദിയില്‍ ഇസ്രഈലി പ്രതിനിധിയുമായി ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച് ഫലസ്തീന്‍ ഫുട്‌ബോള്‍ പ്രസിഡന്റ്
Sports News
ഫിഫ വേദിയില്‍ ഇസ്രഈലി പ്രതിനിധിയുമായി ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച് ഫലസ്തീന്‍ ഫുട്‌ബോള്‍ പ്രസിഡന്റ്
ഫസീഹ പി.സി.
Saturday, 2nd May 2026, 8:45 am

വാന്‍കൂവര്‍: ഫിഫ കോണ്‍ഗ്രസിനിടെ ഇസ്രഈലി ഫുട്‌ബോള്‍ ഗവേണിങ് ബോഡി വൈസ് പ്രസിഡന്റ് ബാസിം ഷെയ്ഖ് സുലൈമാനുമായി ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച് ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജിബ്രില്‍ റജൂബ്. കാനഡയിലെ വാന്‍കൂവറില്‍ നടന്ന 76-ാമത് ഫിഫ കോണ്‍ഗ്രസിനിടെ ഷെയ്ഖ് സുലൈമാനെ അഭിവാദ്യം ചെയ്യാന്‍ ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ റജൂബിനെ ക്ഷണിച്ചപ്പോഴായായിരുന്നു സംഭവം.

ഷെയ്ഖ് സുലൈമാനും റജൂബും ഫിഫ കോണ്‍ഗ്രസിനെ അഭിസംബോധനം ചെയ്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു ഇന്‍ഫാന്റിനോ ഇരുവരെയും ഹസ്തദാനം ചെയ്യാന്‍ വിളിച്ചത്. എന്നാല്‍, വേദിയില്‍ ഇരുവരും അടുത്ത് നില്‍ക്കാന്‍ പോലും വിസമ്മതിച്ചു. പിന്നാലെ ഇന്‍ഫാന്റിനോ അകലം പാലിച്ച് നിന്ന റജൂബിന്റെ അടുത്തെത്തി ഹസ്തദാനത്തിനായി ആംഗ്യം കാണിച്ചെങ്കിലും അദ്ദേഹം പ്രതിഷേധിച്ച് വേദിയില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു.

പിന്നീട് റജൂബ് ഈ സംഭവത്തിന്റെ വീഡിയോ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഇസ്രഈലി പ്രതിനിധിക്ക് ഫിഫ വേദിയില്‍ ഹസ്തദാനം വിസമ്മതിച്ചതിലൂടെ തങ്ങള്‍ വ്യക്തവും തത്വാധിഷ്ഠിതവുമായ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ അഭിമാനം എന്നത് പ്രോട്ടോകോള്‍ പരിഗണനയ്ക്ക് വിധേയമല്ലെന്നതിന്റെ ഉറച്ച പ്രഖ്യാപനമാണിത്. കായിക താരങ്ങളടക്കമുള്ള തങ്ങളുടെ ജനതയുടെ രക്തത്തിന്റെ പവിത്രതയോടുള്ള ബഹുമാന സൂചകമായാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിച്ച റജൂബ് വെസ്റ്റ് ബാങ്ക് ആസ്ഥാനമായുള്ള ക്ലബ്ബുകള്‍ക്ക് അനുമതി നല്‍കുന്നതിലൂടെ ഇസ്രഈല്‍ വിവേചന വിരുദ്ധ നിയന്ത്രണം ലംഘിക്കുന്നുവെന്ന ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ പരാതിയില്‍ ഫിഫ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

നിയമവിരുദ്ധ കുടിയേറ്റമേഖലയിലെ ഇസ്രഈലി ക്ലബ്ബുകളുടെ ചട്ടലംഘനങ്ങളില്‍ നടപടിയെടുക്കേണ്ടതില്ലെന്ന് ഫിഫ കഴിഞ്ഞ മാര്‍ച്ചില്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മുന്നോട്ട് പോകുകയാണെന്നും സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതിയെ (സി.എ.എസ്) സമീപിക്കുമെന്നും റജൂബ് പറഞ്ഞു.

2026 ഏപ്രില്‍ 22ന് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ തീരുമാനം തെറ്റായ നടപടികള്‍ തിരുത്തുന്നതിനും നിയമങ്ങള്‍ വിവേചനമില്ലാതെ എല്ലാ അസോസിയേഷനുകള്‍ക്കും ഒരുപോലെ ബാധകമാണെന്ന് ഉറപ്പാക്കുന്നതിനുമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഈ നീക്കം ഒരു ഏറ്റുമുട്ടലിനുള്ള ശ്രമമല്ല. മറിച്ച് നിയമപരമായ നടപടിക്രമങ്ങളോടുള്ള പ്രതിബദ്ധതയാണ്. രാഷ്ട്രീയ പക്ഷപാതമില്ലാതെ ചട്ടങ്ങള്‍ എല്ലാവര്‍ക്കും തുല്യമായി നടപ്പിലാക്കണമെന്ന് മാത്രമാണ് ഫലസ്തീന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്,’ റജൂബ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Palestinian Football President Jibril Rajoub refuses to handshake with Israeli official at FIFA congress

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി