ലണ്ടന്‍: ‘ഫലസ്തീന്‍ ആക്ഷൻ’ എതിരായ നിരോധനത്തിൽ യു.കെ സര്‍ക്കാരിനെതിരെ ബ്രിട്ടനില്‍ വ്യാപക പ്രതിഷേധം. ശനിയാഴ്ച സംഘടനയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് തെരുവിലിറങ്ങിയ 450ഓളം പേരെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഗസയിലെ വംശഹത്യയെ എതിര്‍ക്കുന്നു, ഫലസ്തീന്‍ ആക്ഷനെ പിന്തുണക്കുന്നു എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. എന്നാല്‍ ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ലണ്ടന്‍ പൊലീസ് ഫലസ്തീന്‍ അനുകൂലികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രാത്രി ഒമ്പത് മണിയോടെ ഏകദേശം 466 പ്രതിഷേധക്കാരെ മെട്രോപൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീന്‍ ആക്ഷന്‍ നിരോധിത സംഘടനയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസിന്റെ നടപടി.
എന്നാല്‍ ജൂലൈ 30ന് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നിരോധന നടപടിയില്‍ ജുഡീഷ്യല്‍ പരിശോധനയ്ക്ക് അനുമതി നല്‍കിക്കൊണ്ട് ഒരു ഹൈക്കോടതി ജഡ്ജി ഫലസ്തീന്‍ ആക്ഷന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു.
ബ്രിട്ടനില്‍ ആദ്യമായാണ് ഒരു ഡയറക്ട് ആക്ഷന്‍ ഗ്രൂപ്പിനെ രാജ്യത്ത് നിരോധിത സംഘടനയായി പ്രഖ്യാപിക്കുന്നത്. ഇതിനുപിന്നാലെ സംഘടനയുമായി ബന്ധമുള്ള നൂറുകണക്കിന് ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ യു.കെ സര്‍ക്കാരിന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. യു.കെയിലെ കൂട്ട അറസ്റ്റുകള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്ന് ആംനസ്റ്റി മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
‘അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൈവശം ഒരു പ്ലക്കാര്‍ഡ് മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തരത്തില്‍ സമാധാനപരമായി പ്രതിഷേധിച്ചവരെ തീവ്രവാദ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന് വിരുദ്ധമാണ്,’ ആംനസ്റ്റി യു.കെ ചീഫ് എക്‌സിക്യൂട്ടീവ് സച്ചാ ദേശ്മുഖ് പറഞ്ഞു.
2020 ലാണ് ഫലസ്തീന്‍ ആക്ഷന്‍ സ്ഥാപിതമായത്. ഇസ്രഈലിന്റെ വര്‍ണവിവേചനം അവസാനിപ്പിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. ഗസയില്‍ യുദ്ധമാരംഭിച്ചതുമുതല്‍ ബ്രിട്ടന്റെ ഇസ്രഈല്‍ അനുകൂല നിലപാടിനെതിരെ നിരന്തരമായി സംസാരിച്ചിരുന്ന സംഘടന കൂടിയാണിത്.
യു.കെയില്‍ നിന്ന് ഇസ്രഈലിലേക്കുള്ള ആയുധക്കയറ്റുമതിയെ എതിര്‍ത്തതിന് ഫലസ്തീന്‍ ആക്ഷനിലെ നിരവധി അംഗങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. റോയല്‍ എയര്‍ഫോഴ്സ് ബ്രൈസ് നോര്‍ട്ടണ്‍ ബേസില്‍ അതിക്രമിച്ചെത്തി ആര്‍.എ.എഫ് വിമാനങ്ങളില്‍ സ്‌പ്രേ പെയിന്റ് ചെയ്തതോടെയാണ് യു.കെ സര്‍ക്കാര്‍ ഫലസ്തീന്‍ ആക്ഷനെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചത്.
Content Highlight: Ban on Palestine action; London police arrest around 450 people during protest