റഹ്മാന്‍ താമസിച്ചത് പാതി ചുമരുള്ള മുറിയില്‍, സജിതയെ താമസിപ്പിച്ചത് മറ്റെവിടെയോ; മകന് മാനസികപ്രശ്‌നങ്ങളുണ്ടെന്ന് രക്ഷിതാക്കള്‍
Kerala News
റഹ്മാന്‍ താമസിച്ചത് പാതി ചുമരുള്ള മുറിയില്‍, സജിതയെ താമസിപ്പിച്ചത് മറ്റെവിടെയോ; മകന് മാനസികപ്രശ്‌നങ്ങളുണ്ടെന്ന് രക്ഷിതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th June 2021, 3:04 pm

പാലക്കാട്: അയിലൂരില്‍ യുവതിയെ പത്ത് വര്‍ഷം വീട്ടിലെ മുറിയില്‍ ആരും അറിയാതെ താമസിപ്പിച്ചുവെന്ന വാദം തള്ളി യുവാവിന്റെ രക്ഷിതാക്കള്‍. പാതി ചുമരുള്ള മുറിയിലാണ് റഹ്മാന്‍ താമസിച്ചിരുന്നത്. ആരെങ്കിലും ആ മുറിയില്‍ ഉണ്ടെങ്കില്‍ തങ്ങള്‍ അറിയുമായിരുന്നെന്ന് റഹ്മാന്റെ പിതാവ് മുഹമ്മദ് കരീം, മാതാവ് ആത്തിക എന്നിവര്‍ മീഡിയവണിനോട് പറഞ്ഞു.

മൂന്നു മാസം മുമ്പാണ് സജിത പുറത്തിറങ്ങാന്‍ ഉപയോഗിച്ചു എന്ന് പറയപെടുന്ന ജനലിന്റെ അഴികള്‍ മുറിച്ചുമാറ്റിയതെന്നും രക്ഷിതാക്കള്‍ പറയുന്നു. റഹ്മാന് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

മൂന്നു വര്‍ഷം മുമ്പ് വീടിന്റെ മേല്‍ക്കൂര പൊളിച്ചു പണിതിരുന്നു. ആ സമയത്ത് റഹ്മാന്റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്. ഒരു കട്ടില്‍ പോലും ആ മുറിയിലുണ്ടായിരുന്നില്ല.

ചെറിയ ടീപോയ് മാത്രമാണുണ്ടായിരുന്നതെന്നും മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍, ഈ ടീപോയ്ക്കകത്ത് സജിത ഒളിച്ചുവെന്നാണ് റഹ്മാന്‍ പറഞ്ഞത്. വര്‍ഷങ്ങളോളം സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും റഹ്മാന്റെ മാതാപിതാക്കള്‍ പറയുന്നു.

വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ഇരുവരും വീട്ടുകാരെ ഭയന്നാണ് ഒളിവില്‍ ദാമ്പത്യം ആരംഭിച്ചത്. റഹ്മാന്റെ വീട്ടിലെ ഒറ്റമുറിയില്‍ പത്ത് വര്‍ഷത്തോളമാണ് സജിത ഒളിച്ചു ജീവിച്ചതെന്നാണ് യുവാവ് പറഞ്ഞത്. മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തില്‍ നിര്‍ണായകമായത്.

റഹ്മാനും സജിതയുമായുള്ള ബന്ധം തുടങ്ങുന്നത് 2010 ഫെബ്രുവരി രണ്ടിനാണ്. റഹ്മാന്റെ സഹോദരിയുടെ കൂട്ടുകാരിയാണ് സജിത. കൂട്ടുകാരിയെ കാണാനും സംസാരിക്കാനുമായി സജിത റഹ്മാന്റെ വീട്ടിലെത്തുന്നത് പതിവായിരുന്നു.

ഈ സൗഹൃദം വളര്‍ന്ന് പ്രണയമായപ്പോഴാണ് റഹ്മാനൊപ്പം ജീവിക്കാന്‍ 18 വയസ്സുകാരിയായ സജിത വീടുവിട്ടിറങ്ങിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Palakkad Rahman Sajitha Viral Love Story Parents