ബി.ജെ.പിയിലേക്ക് പോകുമെന്ന് പറഞ്ഞത് സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരിക്കും; റിത്ത ബഹുഗുണ ജോഷിയ്ക്ക് മറുപടിയുമായി സച്ചിന്‍ പൈലറ്റ്
national news
ബി.ജെ.പിയിലേക്ക് പോകുമെന്ന് പറഞ്ഞത് സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരിക്കും; റിത്ത ബഹുഗുണ ജോഷിയ്ക്ക് മറുപടിയുമായി സച്ചിന്‍ പൈലറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th June 2021, 2:34 pm

ജയ്പൂര്‍: താന്‍ ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ബി.ജെ.പിയില്‍ ചേരില്ലെന്നും ആരുമായും ഇതിനായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സച്ചിന്‍ കോണ്‍ഗ്രസില്‍ അസ്വസ്ഥനാണെന്നും ഉടന്‍ ബി.ജെ.പിയിലെത്തുമെന്നും ബി.ജെ.പി നേതാവ് റിത്ത ബഹുഗുണ ജോഷി പറഞ്ഞിരുന്നു. ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയതിന് പിന്നാലെയായിരുന്നു ജോഷിയുടെ പ്രതികരണം.

‘സച്ചിനും ഉടന്‍ ബി.ജെ.പിയില്‍ ചേരും. പാര്‍ട്ടി അദ്ദേഹത്തെ നല്ലരീതിയിലല്ല ഉള്‍ക്കൊള്ളുന്നത്,’ എന്നായിരുന്നു ജോഷിയുടെ പ്രതികരണം.

എന്നാല്‍ ജോഷി ഉദ്ദേശിച്ചത് തന്നെയായിരിക്കില്ലെന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കറെയായിരിക്കുമെന്നുമാണ് സച്ചിന്‍ പൈലറ്റിന്റെ മറുപടി.

‘ജോഷി പറയുന്നത് അവര്‍ സച്ചിനുമായി സംസാരിച്ചുവെന്നാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായിട്ടായിരിക്കും ജോഷി സംസാരിച്ചിട്ടുണ്ടായിരിക്കുക. എന്നോട് സംസാരിക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടാകില്ല,’ സച്ചിന്‍ പൈലറ്റ് പറഞ്ഞു.

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയായിരുന്ന റിത്ത ബഹുഗുണ ജോഷി 2017 ലാണ് ബി.ജെ.പിയില്‍ ചേരുന്നത്.  രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയും ജിതിന്‍ പ്രസാദയും പാര്‍ട്ടി വിട്ടതോടെ അടുത്തത് സച്ചിന്‍ പൈലറ്റാണെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ അതിരൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുകയും സച്ചിനും സംഘവും കോണ്‍ഗ്രസ് വിടുകയും ചെയ്തിരുന്നു.

സിന്ധ്യയുടെ വഴി തന്നെ സച്ചിനും പിന്തുടരും എന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതൃത്വം സച്ചിനുമായി ചര്‍ച്ച നടത്തുകയും ഗെലോട്ടിന്റെ ഇഷ്ടക്കേടിന് മുഖം കൊടുക്കാതെ സച്ചിനെ തിരിച്ചുവിളിക്കുകയും ആയിരുന്നു.

എന്നാല്‍ സച്ചിനും ഗെലോട്ടും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ജിതിന്‍ പ്രസാദ ബുധനാഴ്ചയാണു ബി.ജെ.പി. അംഗത്വം എടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: She May Have Spoken to Tendulkar’: Sachin Pilot’s Dig at Rita Bahuguna Joshi’s ‘He Will Join BJP’ Claim