വീണ്ടും കുഞ്ഞന്‍ സ്‌കോറില്‍ പുറത്ത് ! ബിഗ് ബാഷില്‍ ക്ലച്ച് പിടിക്കാനാവാതെ ബാബര്‍
Cricket
വീണ്ടും കുഞ്ഞന്‍ സ്‌കോറില്‍ പുറത്ത് ! ബിഗ് ബാഷില്‍ ക്ലച്ച് പിടിക്കാനാവാതെ ബാബര്‍
ഫസീഹ പി.സി.
Thursday, 8th January 2026, 10:44 pm

ബിഗ് ബാഷ് ലീഗില്‍ (ബി.ബി.എല്‍) വീണ്ടും കുഞ്ഞന്‍ സ്‌കോറില്‍ പുറത്തായി പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസം. ഇന്ന് ടൂര്‍ണമെന്റില്‍ നടന്ന സിഡ്‌നി സിക്‌സേഴ്‌സ് – മെല്‍ബണ്‍ സ്റ്റാര്‍സ് മത്സരത്തിലാണ് താരം വീണ്ടും നിരാശപ്പെടുത്തിയത്. മത്സരത്തില്‍ താരത്തിന്റെ ടീമായ സിഡ്നി സിക്‌സേഴ്‌സ് ജയിച്ചെങ്കിലും താരത്തിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.

ബാബര്‍ മത്സരത്തില്‍ ഓപ്പണറായി എത്തി മൂന്നാം ഓവറില്‍ തന്നെ തിരികെ നടന്നു. 17 പന്തില്‍ വെറും 14 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം മാര്‍ക്‌സ് സ്റ്റോയ്നിസിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുരുങ്ങിയാണ് താരത്തിന്റെ മടക്കം.

നേരത്തെ ബി.ബി.എല്ലിലെ മറ്റ് മത്സരങ്ങളിലും ബാബര്‍ നിരാശപ്പെടുത്തിയിരുന്നു. ഇതുവരെ താരം ടൂര്‍ണമെന്റില്‍ കളിച്ചത് ഏഴ് മത്സരങ്ങളിലാണ്. അതിലെ താരത്തിന്റെ സമ്പാദ്യം 145 റണ്‍സാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് താരം മികച്ച പ്രകടനം നടത്തിയത്.

തന്റെ അരങ്ങേറ്റ ബി.ബി.എല്‍ സീസണില്‍ രണ്ട് തവണ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ബാക്കി മത്സരങ്ങളില്‍ ബാബര്‍ നിരാശപ്പെടുത്തി. ഇന്നത്തെ മത്സരത്തിന് പുറമെ നാല് മത്സരങ്ങളില്‍ താരം തിരികെ നടന്നത് ഒറ്റയക്കത്തിനാണ്.

പെര്‍ത്ത് സ്‌കോര്‍ച്ചേഴ്സിന് എതിരെ അഞ്ച് പന്തില്‍ രണ്ട് റണ്‍സുമായാണ് ബാബര്‍ ഈ സീസണ്‍ തുടങ്ങിയത്. പിന്നാലെ രണ്ടാം മത്സരത്തില്‍ അഡലൈഡ് സ്‌ട്രൈക്കേഴ്‌സിനെ നേരിട്ടപ്പോള്‍ താരം പത്ത് പന്തില്‍ ഒമ്പത് റൺസുമായി മടങ്ങി.

 ബാബര്‍ അസം.Photo: SecularKeSutradhaar/x.com

എന്നാല്‍, പിന്നാലെ സിഡ്നി തണ്ടേഴ്‌സിനെതിരെ കളത്തില്‍ ഇറങ്ങിയപ്പോള്‍ 58 റണ്‍സ് നേടി. താരം ഫോമിലേക്ക് മടങ്ങി എത്തിയെന്ന് സന്തോഷിച്ച ആരാധകരെ അടുത്ത മത്സരത്തില്‍ വീണ്ടും നിരാശപ്പെടുത്തി. ഏഴ് പന്തില്‍ രണ്ട് റണ്‍സായിരുന്നു മെല്‍ബണ്‍ സ്റ്റേഴ്‌സിനെതിരെ പാക് താരത്തിന്റെ സമ്പാദ്യം.

റെനെഗേഡ്‌ഴ്‌സിന് എതിരെ അര്‍ധ സെഞ്ച്വറി നേടി വീണ്ടും ബാബര്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി. മത്സരത്തില്‍ 46 പന്തില്‍ 58 റണ്‍സാണ് താരം നേടിയത്.

പക്ഷേ, അടുത്ത മത്സരത്തില്‍ മുന്‍ പാക് നായകന്‍ തന്റെ ‘ഒറിജിനല്‍ ഫോമിലേക്ക്’ തിരിച്ചെത്തി. ബ്രിസ്ബേന്‍ ഹീറ്റിന് എതിരെ ഏഴ് പന്തില്‍ രണ്ട് റണ്‍സായിരുന്നു താരത്തിന്റെ സ്‌കോര്‍. ഇപ്പോള്‍ മെല്‍ബണ്‍ സ്റ്റേഴ്‌സിനെ വീടും നേരിട്ടപ്പോള്‍ 14 റണ്‍സിനും പുറത്തായിരിക്കുന്നു.

Content Highlight: Pakistan super star Babar Azam flops again in BBL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി