ടി – 20 ലോകകപ്പില്‍ പാകിസ്ഥാനും യു.എസ്.എയും തമ്മിലുള്ള മത്സരം കൊളംബോയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തിട്ടുണ്ട്. സാഹിബ്സാദ ഫര്‍ഹാന്റെ കരുത്തിലാണ് ടീം മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്.
മത്സരത്തില്‍ ഒന്നാം വിക്കറ്റില്‍ പാകിസ്ഥാനായി സയീം അയൂബും ഫര്‍ഹാനും അര്‍ധ സെഞ്ച്വറി ഉയര്‍ത്തി. സ്‌കോര്‍ ബോര്‍ഡില്‍ 54 റണ്‍സ് ചേര്‍ത്തതിന് പിന്നാലെ 17 പന്തില്‍ 19 റണ്‍സെടുത്ത് അയൂബ് മടങ്ങി. ഇതിലേക്ക് രണ്ട് റണ്‍സ് ചേര്‍ത്തപ്പോഴേക്കും ക്യാപ്റ്റന്‍ അലി ആഘയും തിരികെ നടന്നു. വെറും ഒരു റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
പിന്നാലെ ക്രീസിലെത്തിയ ബാബര്‍ അസമുമായി ചേര്‍ന്ന് ഫര്‍ഹാന്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോയി. ഇരുവരും 86 റണ്‍സ് ചേര്‍ത്ത് പിരിഞ്ഞു. 32 പന്തില്‍ 46 റണ്‍സുമായി ബാബര്‍ അസമാണ് ആദ്യം തിരികെ നടന്നത്. ഏറെ വൈകാതെ 41 പന്തില്‍ 73 റണ്‍സെടുത്ത് ഫര്‍ഹാനും മടങ്ങി.
പാകിസ്ഥാനായി പിന്നാലെ ക്രീസിലെത്തിയ ശദാബ് ഖാന്‍ 12 പന്തില്‍ 30 റണ്‍സെടുത്തു. ഏറെ വൈകാതെ താരം മടങ്ങി. പിന്നീട് ബാറ്റിങ്ങിനെത്തിയ ആര്‍ക്കും ബാറ്റിങ്ങില്‍ തിളങ്ങാനായില്ല. യു.എസ്.എ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയതോടെ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 190 റണ്‍സിന് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.
#SahibzadaFarhan’s brilliant half-century, followed by a late cameo from #ShadabKhan, helped Pakistan post a challenging total against the USA. 🔥
Will the USA chase this down, or will Pakistan dominate? ✍🏻
യു.എസ്.എക്കായി ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് നാല് വിക്കറ്റുകള്‍ നേടിയപ്പോള്‍ മുഹമ്മദ് മൊഹ്സിന്‍, സൗരഭ് നേത്രവല്‍ക്കര്‍, ഹര്‍മീത് സിങ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
നിലവില്‍ യു.എസ്.എ മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. മൂന്ന് ഓവറുകള്‍ പിന്നിടുമ്പോള്‍ ടീം വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെടുത്തിട്ടുണ്ട്. 11 പന്തില്‍ 22 റണ്‍സെടുത്ത ഷായാന്‍ ജഹാംഗീറും ഏഴ് പന്തില്‍ ഏഴ് റണ്‍സെടുത്ത ആന്‍ഡ്രീസ് ഗൗസുമാണ് ക്രീസിലുള്ളത്.
Content Highlight: Pakistan set a target of 192 with Sahibzada Farhan’s knock against USA in T20 World Cup 2026