ഞാനൊരു ഇന്ത്യാ വിരുദ്ധനോ അമേരിക്കാ വിരുദ്ധനോ അല്ല: ഇമ്രാന്‍ ഖാന്‍
World News
ഞാനൊരു ഇന്ത്യാ വിരുദ്ധനോ അമേരിക്കാ വിരുദ്ധനോ അല്ല: ഇമ്രാന്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th April 2022, 8:04 am

ഇസ്‌ലാമാബാദ്: താനൊരു ഇന്ത്യാ വിരുദ്ധനോ അമേരിക്കാ വിരുദ്ധനോ അല്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. താന്‍ ഒരു രാജ്യത്തിനും എതിരല്ലെന്നും ഇമ്രാന്‍ പറഞ്ഞു.

പരസ്പര ബഹുമാനത്തോടെ എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം സ്ഥാപിച്ചെടുക്കാനാണ് ആഗ്രഹമെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

”ഞാന്‍ ഒരു രാജ്യത്തിനും എതിരല്ല. ഞാന്‍ ഇന്ത്യാ വിരുദ്ധനോ അമേരിക്കാ വിരുദ്ധനോ അല്ല.

എന്നാല്‍ ചില പോളിസികള്‍ക്കെതിരായി നമുക്ക് നിലകൊള്ളാം. അവരുമായി സൗഹൃദമുണ്ടാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അവിടെ ബഹുമാനം വേണം,” പ്രധാനമന്ത്രി പറഞ്ഞതായി പാകിസ്ഥാന്‍ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

പബ്ലിക് ഇന്ററാക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുത്ത് കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ, തനിക്കെതിരായ അവിശ്വാസ പ്രമേയം വിദേശ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപണം തെളിയിക്കാന്‍ തന്റെ കയ്യില്‍ കത്തുണ്ടെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.

യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് സെക്രട്ടറി തലത്തിലുള്ള ഓഫീസറുമായി നടത്തിയ അനൗദ്യോഗിക സംഭാഷണം സംബന്ധിച്ച് യു.എസിലെ പാകിസ്ഥാന്‍ അംബാസിഡര്‍ അയച്ച ടെലഗ്രാം സന്ദേശം ചൂണ്ടിക്കാണിച്ചായിരുന്നു ഇമ്രാന്‍ ഖാന്റെ ആരോപണം. ഇത് സംബന്ധിച്ച ചോദ്യത്തിനാണ് താന്‍ ഒരു രാജ്യത്തിനും എതിരല്ല, എന്ന് ഇമ്രാന്‍ മറുപടി പറഞ്ഞത്.

ഇമ്രാന്‍ ഖാന്റെ നിര്‍ദേശപ്രകാരം പാകിസ്ഥാന്‍ ദേശീയ അസംബ്ലി പ്രസിഡന്റ് ആരിഫ് അല്‍വി അനിശ്ചിത കാലത്തേക്ക് പിരിച്ച് വിട്ടിരിക്കുകയാണ്. രാജ്യത്ത് വൈകാതെ തെരഞ്ഞെടുപ്പും നടത്തും.

തനിക്കെതിരായ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് തടയുന്നതിനായായിരുന്നു ഇമ്രാന്‍ ഖാന്‍ ഇത്തരത്തില്‍ നീക്കം നടത്തിയത്.

ഞായറാഴ്ച അവിശ്വാസ പ്രമേയ ചര്‍ച്ചക്കായി അസംബ്ലി ചേര്‍ന്നെങ്കിലും, ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി പ്രമേയ അവതരണത്തിന് അനുമതി നിഷേധിക്കുകയും സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയുമായിരുന്നു.

വിദേശരാജ്യത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അവിശ്വാസ പ്രമേയമെന്നും പ്രമേയം കൊണ്ടുവന്ന രീതി ഭരണഘടനാ വിരുദ്ധമാണ് എന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ വാദം.

ഇമ്രാന്‍ ഖാനും സഭയില്‍ ഹാജരായിരുന്നില്ല. ഭരണഘടനയുടെ അഞ്ചാം വകുപ്പ് പ്രകാരമായിരുന്നു അവിശ്വാസ പ്രമേയം തള്ളിയത്.

ഇതിന് തൊട്ടുപിന്നാലെ പാകിസ്ഥാന്‍ ദേശീയ അസംബ്ലി അനിശ്ചിത കാലത്തേക്ക് പിരിച്ചുവിടാനും രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താനും ആവശ്യപ്പെട്ട് പ്രസിഡന്റിന് കത്തയച്ചതായി ഇമ്രാന്‍ ഖാന്‍ പ്രസ്താവന നടത്തുകയായിരുന്നു.

ഇതോടെ, അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട് സ്ഥാനം രാജിവെക്കേണ്ട അവസ്ഥയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ഇമ്രാന് കുറച്ച് കാലത്തേക്ക് കൂടി പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനുള്ള വഴി തുറക്കുകയായിരുന്നു.

Content Highlight: Pakistan PM Imran Khan says he is not ‘anti-Indian’ or ‘anti-American’