പാകിസ്ഥാന്‍ ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം; യു.എന്നില്‍ എസ്. ജയശങ്കര്‍
India
പാകിസ്ഥാന്‍ ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം; യു.എന്നില്‍ എസ്. ജയശങ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th September 2025, 12:45 pm

ന്യൂയോര്‍ക്ക്: യു.എന്‍ സമ്മേളനത്തില്‍ പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണ് പാകിസ്ഥാനെന്ന് ജയശങ്കര്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശം.

‘സ്വാതന്ത്ര്യം നേടിയത് മുതല്‍ ഇന്ത്യ വെല്ലുവിളി നേരിടുന്നു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ അയല്‍ക്കാരനാണ് ഇന്ത്യയ്ക്കുള്ളത്. ഐക്യരാഷ്ട്രസഭ പുറത്തുവിട്ട തീവ്രവാദികളുടെ പട്ടികയില്‍ ഈ രാജ്യത്തെ പൗരന്മാര്‍ നിറഞ്ഞിരിക്കുകയാണ്,’ എസ്. ജയശങ്കര്‍ പറഞ്ഞു.

വര്‍ഷങ്ങളായി നടക്കുന്ന അന്താരാഷ്ട്ര ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനാണെന്നും ജയശങ്കര്‍ ആരോപിച്ചു. അതിര്‍ത്തി കടന്നുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് 2025 ഏപ്രിലില്‍ പഹല്‍ഗാമില്‍ കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തീവ്രവാദത്തെ ചെറുക്കാനുള്ള നീക്കങ്ങള്‍ക്ക് പ്രത്യേക മുന്‍ഗണന നല്‍കേണ്ടതുണ്ട്. കാരണം അത് മതഭ്രാന്ത്, അക്രമം, അസഹിഷ്ണുത, ഭയം എന്നിവയെ സമന്വയിപ്പിക്കുന്ന ഒന്നാണ്. ഭീകരതയില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യ വിനിയോഗിച്ചുവെന്നും എസ്. ജയശങ്കര്‍ പറഞ്ഞു.

ഭീകരവാദത്തിന് ധനസഹായം നല്‍കുന്നത് അടിച്ചമര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരസ്യമായാണ് പാകിസ്ഥാന്‍ ഭീകരതയെ മഹത്വവത്കരിക്കുന്നത്. ഭീകരവാദം ഉള്‍പ്പെടെയുള്ള ഭീഷണികളെ ശക്തമായി നേരിടണമെന്നും എസ്. ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ (ശനി) ഇന്ത്യന്‍ നയതന്ത്രജ്ഞ പെറ്റല്‍ ഗെഹ്ലോട്ടും പാകിസ്ഥാനെതിരെ യു.എന്നിന്റെ പൊതുസഭയില്‍ സംസാരിച്ചിരുന്നു. പ്രകോപനമില്ലാതെയാണ് ഇന്ത്യ അക്രമിച്ചതെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പരാമര്‍ശത്തിന് പെറ്റല്‍ മറുപടി നല്‍കുകയായിരുന്നു.

പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശം അസംബന്ധമെന്നാണ് പെറ്റല്‍ പ്രതികരിച്ചത്. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിന് അഭ്യര്‍ത്ഥിച്ചത് പാകിസ്ഥാനാണ്. ഭീകരതയെ പാകിസ്ഥാന്‍ മഹത്വവത്കരിക്കുന്നു. ഇന്ത്യക്ക് സുപ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ വേണ്ടെന്നും പെറ്റല്‍ വ്യക്തമാക്കിയിരുന്നു.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ’ സംരക്ഷിക്കാനും ഒസാമ ബിന്‍ലാദന് അഭയം നല്‍കാനും പാകിസ്ഥാന്‍ ശ്രമിക്കുന്നതായും പെറ്റല്‍ ആരോപിച്ചിരുന്നു.

ഇതേ പാകിസ്ഥാനാണ് ഐക്യരാഷ്ട്രസഭയിലും ടി.ആര്‍.എഫിനെ സംരക്ഷിച്ചതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഇന്ത്യയുടെ ആഗോള വ്യാപാരം, തീരുവ, പ്രകൃതി ദുരന്തങ്ങള്‍ എന്നീ വിഷയങ്ങളിലും എസ്. ജയശങ്കര്‍ യു.എന്‍ പൊതുസഭയില്‍ സംസാരിച്ചു.

Content Highlight: Pakistan is the epicenter of global terrorism; S. Jaishankar at the UN