'തോഷഖാന' കേസ്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു
World News
'തോഷഖാന' കേസ്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th February 2023, 8:28 pm

ഇസ് ലാമാബാദ്: തോഷഖാന കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇസ്‌ലാമാബാദ് സെഷന്‍ കോടതി. തുടര്‍ച്ചയായി വിചാരണയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ തലവന്‍കൂടിയായ ഇമ്രാന്‍ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി ഉത്തരവായത്.

ഇമ്രാനെതിരെ നിലവില്‍ നാലോളം കേസുകളാണ് പാകിസ്ഥാനിലെ വിവിധ കോടതികളില്‍ നിലവിലുള്ളത്. അനധികൃതമായി വിദേശത്ത് നിന്ന് പണം സ്വീകരിക്കല്‍, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കല്‍, കൊലപാതക ശ്രമം, തോഷഖാന എന്നീ കേസുകളാണ് ഇമ്രാനെതിരെ നിലവിലുള്ളത്.

ഇതില്‍ തോഷഖാന ഒഴികെ മറ്റ് മൂന്ന് കേസുകളിലും ഇമ്രാന് ജാമ്യം അനുവദിച്ച് കോടതി ഉത്തരവായിട്ടുണ്ട്.

പ്രധാനമന്ത്രിയായിരിക്കെ രാജ്യത്തിന് ലഭിച്ച സമ്മാനങ്ങളും സംഭാവനകളും സ്വന്തം ആവശ്യത്തിന് വകമാറി ചിലവഴിച്ചു എന്നതാണ് ഇമ്രാനെതിരെയുള്ള ‘തോഷഖാന’ കേസ്.

തോഷഖാന കേസിന്റെ വിചാരണ ഇന്ന് നടക്കാനിരിക്കെ കോടതിയില്‍ ഹാജരാകാന്‍ ഇമ്രാന് കഴിഞ്ഞിരുന്നില്ല. മറ്റ് മൂന്ന് കേസുകളിലും ഹാജരാകാനുള്ളത് കൊണ്ടാണ് കോടതിയില്‍ എത്താന്‍ കഴിയാത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തു.

ഇമ്രാന്റെ കേസിനോടനുബന്ധിച്ച് കോടതിക്ക് ചുറ്റും വലിയ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. മാധ്യമങ്ങള്‍ക്കും കോടതിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു.

ഇമ്രാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കോടതി മാര്‍ച്ച് ഏഴിനുള്ളില്‍ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശിച്ചു.

2018 ലാണ് ഇമ്രാന്‍ഖാന്‍ പാകിസ്ഥാന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. അഴിമതിയും തീവ്രവാദ ബന്ധവും ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് 2022ല്‍ പാകിസ്ഥാന്‍ പാര്‍ലമെന്റ് പ്രമേയത്തിലൂടെ പദവിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ പാകിസ്ഥാനില്‍ ഒരു രണ്ടാമങ്കം പ്രതീക്ഷിച്ചിറങ്ങിയ ഇമ്രാന് കേസ് തിരിച്ചടിയാവുമെന്നാണ് കരുതുന്നത്.

Content Highlight: Pakistan former prime minister Imran khan got arrested