ന്യൂസിലാന്‍ഡില്‍ 2019ല്‍ നടന്ന ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തില്‍ കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടവരാണ് നിങ്ങള്‍. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ എങ്ങനെയാണ് ആ ട്രോമയെ അതിജീവിച്ചത്? ഭീകരാക്രമണത്തിന് ശേഷം എങ്ങനെയാണ് വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സംവാദവും ഇടപെടലുകളും സാധ്യമാക്കിയത് ?
ആലിയ ഡാന്‍സൈസന്‍: ഒരു കമ്മ്യൂണിറ്റിക്ക് നേരെ ആക്രമണമുണ്ടാകുമ്പോള്‍ അവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിലെ ഏതൊരാള്‍ക്കും മനസിലാകും. കാരണം എവിടെയായാലും, ആര്‍ക്കെതിരെ നടക്കുന്നതായാലും മുറിപ്പെടുന്നത് അടിസ്ഥാന മനുഷ്യവികാരങ്ങളാണ്. അന്നത്തെ ആക്രമണത്തിന് ശേഷം മുസ്‌ലിങ്ങളും മറ്റ് വിഭാഗങ്ങളും തമ്മില്‍ സംഭാഷണങ്ങളും ഇടപെടലുകളും സാധ്യമായതിന് പിന്നിലെ പ്രധാന കാരണം ന്യൂസിലാന്‍ഡിന്റെ സാമൂഹ്യചരിത്രമാണ്.
വിവിധ കാലഘട്ടങ്ങളിലായി എത്തിച്ചേര്‍ന്ന ഓരോ ജനതയെയും സ്വീകരിച്ചവരാണ് ന്യൂസിലാന്‍ഡിലെ തദ്ദേശീയരായ ജനവിഭാഗങ്ങള്‍. ഓരോ സമൂഹങ്ങളും സ്വന്തം ഐഡിന്റിറ്റി നഷ്ടപ്പെടാതെയും സഹവര്‍ത്തിത്വത്തോടെയുമാണ് കഴിഞ്ഞുവന്നത്. ഇത്തരത്തില്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ നേരത്തെ തന്നെ നിലനിന്നിരുന്ന ഐക്യമാണ് ആക്രമണശേഷമുള്ള ഇടപെടലുകള്‍ സാധ്യമാക്കിയത്.
അന്ന് ആക്രമണം നടന്ന രാത്രി എത്തിനിസിറ്റി(Ministry for Ethnic Communities) വിഭാഗം മന്ത്രി എന്നെ വിളിച്ചിരുന്നു. ഞങ്ങളാകെ തകര്‍ന്നിരിക്കുകയായിരുന്നു അപ്പോള്‍, ആ സമയത്ത് ഞാന്‍ അവരോട് ‘ഇത് സംഭവിക്കുമെന്ന് ഞങ്ങള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇനിയെല്ലാം നാളെ രാവിലെ സംസാരിക്കാം,’ എന്ന് പറഞ്ഞു. ആ മന്ത്രിയുമായി നേരത്തെ ബന്ധമുണ്ടായിരുന്നത് കൊണ്ടാണ് എനിക്ക് അവരോട് അന്ന് അങ്ങനെ സംസാരിക്കാനായത്. ഇതൊരു ഉദാഹരണമാണ്, പരസ്പരം അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണം.
യുണൈറ്റഡ് കമ്മ്യൂണിറ്റീസ് ഫോര്‍ പീസ് എന്ന സംഘടനയില്‍ കൂടി ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ സമൂഹവിഭാഗങ്ങളും തമ്മില്‍ പരസ്പരമുള്ള ബന്ധവും ആശയവിനിമയവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. മുസ്‌ലിങ്ങളും ഹിന്ദുക്കളും സിഖുക്കാരുമെല്ലാം ഈ സംഘടനയിലുണ്ട്. ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തിന് മുമ്പ് തന്നെ ഈ സംഘടന പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ ആക്രമണത്തിന് ശേഷവും ഞങ്ങള്‍ക്ക് പരസ്പരം തടസങ്ങളില്ലാതെ ഇടപെടാന്‍ കഴിഞ്ഞു.
ഇനി മുസ്‌ലിം സമൂഹത്തിലേക്ക് വന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ വികാരത്തിന് അടിപ്പെടാനുള്ള എല്ലാ സാധ്യതകളുമുണ്ട്. എന്നാല്‍ സ്വയം നിയന്ത്രിച്ചുകൊണ്ടും ശാന്തമായും എല്ലാത്തിനെയും നേരിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ മാത്രമേ പ്രയോജനകരമായ എന്തെങ്കിലും നടക്കൂവെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു.
ഡോ. മെയ്‌സൂണ്‍ സലാമ: ഈ പറഞ്ഞതിനൊപ്പം ഒരു കാര്യം കൂടി ഞാന്‍ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുകയാണ്. ഞങ്ങളെ കേള്‍ക്കാനും വേദനകള്‍ മനസിലാക്കാനും സര്‍ക്കാര്‍ തയ്യാറായത് എടുത്ത് പറയേണ്ടതാണ്. നമുക്ക് എത്ര ഉച്ചത്തില്‍ വേണമെങ്കിലും സംസാരിക്കാം, പക്ഷെ കേള്‍ക്കാനാളില്ലെങ്കില്‍ അതെല്ലാം വൃഥാവിലാകില്ലേ.
ഭാവിയെ കുറിച്ച് ചിന്തിച്ചുകൊണ്ടായിരുന്നു ആക്രമണത്തിന് ശേഷം ഞങ്ങളെല്ലാം പ്രവര്‍ത്തിച്ചത്. മുസ്‌ലിങ്ങള്‍ക്കെതിരെ മാത്രമല്ല, ഒരു കമ്മ്യൂണിറ്റിക്ക് നേരെയും ഇനി ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്ത് ചെയ്യണമെന്നായിരുന്നു ഞങ്ങള്‍ ആലോചിച്ചത്. പ്രതികാരം ചെയ്യലല്ല, പോസിറ്റീവ് ചിന്തകളിലൂടെയാണ് ഈ പ്രതിസന്ധികളെ നേരിടേണ്ടതെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു. ആലിയ പറഞ്ഞ, നേരത്തെയുണ്ടായിരുന്ന ബന്ധങ്ങള്‍ നഷ്ടപ്പെടാതെ മുന്നോട്ടുപോവുക എന്നത് ഈ ഘട്ടത്തില്‍ ഏറെ പ്രധാനപ്പെട്ടതായിരുന്നു. അതിനുവേണ്ടിയുള്ള പ്രോജക്ടുകള്‍ വിഭാവനം ചെയ്തു.
തീവ്രവാദി ആക്രമണങ്ങളുടെയെല്ലാം തുടക്കം ഭയമാണ്. ആക്രമിക്കാനൊരുങ്ങുന്ന സംസ്‌കാരത്തോടും കമ്മ്യൂണിറ്റിയോടും ഒരുതരം ഭയം തീവ്രവാദികള്‍ക്കുണ്ട്. ഈ ഭയം എവിടെ നിന്നാണ് വരുന്നത് എന്നതാണ് ഞങ്ങള്‍ ആദ്യം അന്വേഷിച്ചത്. അവര്‍ക്ക് മറ്റുള്ളവരുടെ സംസ്‌കാരത്തെയോ വിശ്വാസങ്ങളെയോ ജീവിതരീതികളെയോ കുറിച്ച് അറിയില്ലെന്ന് ഞങ്ങള്‍ക്ക് മനസിലായി.
മാധ്യമങ്ങളോ ചില തീവ്രചിന്താ ഗ്രൂപ്പുകളോ പുറത്തുവിടുന്ന വസ്തുതാവിരുദ്ധമായ വിവരങ്ങള്‍ മാത്രമാണ് അവര്‍ക്ക് മുന്നിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് അവരില്‍ മുസ്‌ലിങ്ങളോടോ ഇതര വിഭാഗങ്ങളോടോ ഉള്ള വെറുപ്പും വിദ്വേഷവും വളരുന്നത്. അതുകൊണ്ട് തന്നെ ബോധവത്കരണവും വിദ്യാഭ്യാസവുമാണ് ഈ തീവ്രവാദത്തിനെതിരെയുള്ള ഏറ്റവും മികച്ച പരിഹാരമെന്നും ഞങ്ങള്‍ക്ക് മനസിലായി.
ചെറിയ പ്രായം മുതല്‍ തന്നെ മറ്റുള്ളവരെയും അവരുടെ സംസ്‌കാരത്തെയും കുറിച്ച് അറിയാനും മനസിലാക്കാനുമായാല്‍ മാറ്റം സാധ്യമാണ്. അതുകൊണ്ടാണ് ആ പ്രായത്തിലുള്ള കുട്ടികള്‍ക്കുള്ള പ്രോജക്ടുകള്‍ ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. വേഷവും ജീവിതരീതികളും വിശ്വാസവുമെല്ലാം വ്യത്യസ്തമാണെങ്കിലും എല്ലാവരും മനുഷ്യരാണെന്ന് മനസിലാക്കി വേണം പുതിയ തലമുറ വളരാന്‍.
മുസ്‌ലിം സമൂഹത്തെയും ജീവിതത്തെയും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന ചെറിയ കഥാപുസ്തകങ്ങള്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നിങ്ങള്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയത്. എങ്ങനെയാണ് ഈ ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത്? പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
ആലിയ ഡാന്‍സൈസന്‍: ചെറിയ പ്രായത്തില്‍ ലഭിക്കുന്ന അറിവും അതുള്ളിലുണ്ടാക്കുന്ന ധാരണകളും വളരുമ്പോഴും കൂടെയുണ്ടാകും. പുതിയ വിദ്യാഭ്യാസരീതികളിലൂടെ കടന്നുപോകുന്ന കുഞ്ഞുങ്ങള്‍ നാളെ രാജ്യത്തെ നയിക്കുന്ന പദവികളിലെത്തുമ്പോഴും ആ ധാരണകള്‍ അവര്‍ക്ക് വഴികാട്ടിയാവും. ചിന്തകളിലും രീതികളിലും നാനാത്വം കണ്ടും അനുഭവിച്ചും വളര്‍ന്നാലേ ഇതെല്ലാം സാധ്യമാകൂ.
ഞങ്ങളുടെ കുട്ടികള്‍ സ്‌കൂളുകളില്‍ ഹരാസ് ചെയ്യപ്പെടുന്നുണ്ട്. സഹപാഠികളില്‍ നിന്ന് മാത്രമല്ല, അധ്യാപകരില്‍ നിന്ന് പോലും കുട്ടികള്‍ അധിക്ഷേപവും വിവേചനങ്ങളും അനുഭവിക്കേണ്ടി വരുന്നുണ്ട്. ഈ സാഹചര്യങ്ങളില്‍ കൂടി മാറ്റം വരുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇസ്‌ലാമിക് വുമണ്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ പദ്ധതികള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അധ്യാപകര്‍ക്ക് അവബോധമുണ്ടായാല്‍ അവര്‍ക്ക് വിദ്യാര്‍ത്ഥികളെ ശരിയായ പാതയില്‍ നയിക്കാന്‍ കഴിയും. മുസ്‌ലിങ്ങളെ കുറിച്ച് മാത്രമല്ല, എല്ലാ വിഭാഗങ്ങളെ കുറിച്ചും അധ്യാപകര്‍ക്കും അതുവഴി വിദ്യാര്‍ത്ഥികള്‍ക്കും അറിവും പരിചയവുമുണ്ടായിരിക്കണം.
ഈ പദ്ധതിയുടെ ഭാഗമായി ന്യൂസിലാന്‍ഡിലെ വിദ്യഭ്യാസ വകുപ്പിനെയായിരുന്നു ഞങ്ങള്‍ ആദ്യം സമീപിച്ചത്. അധ്യാപകരോട് നിങ്ങള്‍ അങ്ങനെ ചെയ്യൂ, ഇങ്ങനെ ചെയ്യൂ എന്ന് പറഞ്ഞിട്ട് കാര്യമില്ല, അവര്‍ക്ക് കൃത്യമായ റിസോഴ്‌സ് നല്‍കാനും കഴിയണം. പരിശീലന സാമഗ്രികളുമുണ്ടാകണം. അതാണ് ഈ പുസ്തകങ്ങളിലൂടെ ഞങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നത്.
വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്‌കങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. പല ഭാഷാശൈലികളിലാണ് ഈ ഓരോ പുസ്തകങ്ങളും കഥ പറയുന്നത്. ഒരു നാട്ടില്‍ തന്നെ വ്യത്യസ്ത സ്ലാങ്ങിലും സംസ്‌കാരത്തിലുമുള്ളവരുണ്ടെന്ന കാര്യം കുട്ടികള്‍ ചെറുപ്പത്തില്‍ തന്നെ മനസിലാക്കേണ്ടതുണ്ടല്ലോ. മുസ്‌ലിങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, ന്യൂസിലാന്‍ഡിലെ എല്ലാ കുട്ടികള്‍ക്കും വേണ്ടിയാണ് ഈ പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
അഭയാര്‍ത്ഥിയായി എത്തിയ ഒരാള്‍ നേരിടുന്ന വിവേചനങ്ങളാണ് ഒരു കഥ, സൊമാലിയില്‍ നിന്നെത്തിയ ഒരു കുട്ടിയെ കുറിച്ചാണ് മറ്റൊരു കഥ. പള്ളിയിലെ ഒരു ദിവസമാണ് മറ്റൊന്നില്‍. വിവിധ മേഖലകളിലുള്ള 13 മുസ്‌ലിം സ്ത്രീകള്‍ തങ്ങളുടെ ജീവിതം പറയുന്ന പുസ്തകവുമുണ്ട്. മുസ്‌ലിം കുട്ടികള്‍ക്ക് തങ്ങള്‍ ഈ നാടിന്റെ ഭാഗമാണെന്ന തോന്നലാണ് ഈ പുസ്തകങ്ങള്‍ സൃഷ്ടിക്കുന്നത്. മറ്റ് കമ്മ്യൂണിറ്റിയിലെ കുട്ടികള്‍ക്ക് മുസ്‌ലിം വിഭാഗങ്ങളെ കുറിച്ചറിയാനും മനസിലാക്കാനും ഇവ സഹായിക്കും.
മറ്റൊരു കാര്യം കൂടിയുണ്ട്. പള്ളിയിലെ ഓപ്പണ്‍ ഡേയെ കുറിച്ചുള്ള കഥയില്‍ മൈലാഞ്ചിയിടുന്നതിനെ കുറിച്ച് പറയുന്നുണ്ട്. അതിലൂടെ ഗണിതശാസ്ത്രത്തിലെ റിഫ്‌ളക്ഷന്‍ എന്ന കോണ്‍സെപ്റ്റിനെയാണ് പരിചയപ്പെടുന്നത്. അധ്യാപകര്‍ക്ക് ഈ കഥകളുമായി ബന്ധപ്പെട്ട ആക്ടിവിറ്റികളുടെ റിസോഴ്‌സ് മെറ്റീരിയലുകളും പ്രോജക്ടില്‍ നല്‍കുന്നുണ്ട്. ഈ ഓരോ കഥകളും ന്യൂസിലാന്‍ഡിലെ പല നഗരങ്ങളില്‍ നിന്നുള്ള വ്യത്യസ്ത സംസ്‌കാരങ്ങളില്‍ പെട്ടവരാണ് എഴുതിയിട്ടുള്ളത് എന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ പ്രൈമറി സ്‌കൂളുകളിലാണ് ഈ പ്രോജക്ട് നടക്കുന്നത്. വരും നാളുകളില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൂടി ഇവയെ വികസിപ്പിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
ക്രൈസ്റ്റ് ചര്‍ച്ചിലെ അക്രമി ഓസ്‌ട്രേലിയയില്‍ നിന്നും ന്യൂസിലാന്‍ഡിലേക്ക് വരുന്ന സമയത്ത് തന്നെ മനസില്‍ ഈ പ്ലാനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ, അക്രമം നടത്തുന്നതിന് മുമ്പ് അയാളുടെ ജീവിതവും അയാളെ സ്വാധീനിച്ച ഘടകങ്ങളുമെല്ലാം പ്രാധാന്യത്തോടെ വിലയിരുത്തേണ്ടതുണ്ട്. മാതാപിതാക്കളും അധ്യാപകരും മറ്റ് സാമൂഹ്യ ഏജന്‍സികളും പൊലീസുമെല്ലാം പ്രോആക്ടീവായി ഇടപെടേണ്ട പല സന്ദര്‍ഭങ്ങളും അവിടെയുണ്ടായുണ്ടാകും. എന്നാല്‍ എങ്ങനെയാണ് ഇടപെടേണ്ടത് എന്ന കാര്യത്തില്‍ ഇവര്‍ക്കെല്ലാം അജ്ഞതയുണ്ട്. അതില്ലിതാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി സുരക്ഷാ മേഖലയില്‍ ന്യൂസിലാന്‍ഡും മറ്റ് ലോകരാജ്യങ്ങളുമെല്ലാം ഒരുപാട് തുക ചിലവഴിക്കുന്നുണ്ട്. പക്ഷെ അതുകൊണ്ട് പ്രയോജനമുണ്ടാകുന്നില്ലെന്ന് വ്യക്തമാണ്. തീവ്രവാദ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തീവ്രവാദത്തെ തടയാനായി സുരക്ഷാമേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് കാര്യമില്ല. ശരീരം മുഴുവന്‍ രോഗം പടര്‍ന്നുപിടിച്ച ശേഷം മരുന്ന് കൊടുക്കാന്‍ തുടങ്ങുന്ന പോലെയാണ് അത്. ഈ രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്നുകളാണ് നമുക്ക് ആവശ്യം. സുരക്ഷാമേഖലയില്‍ ശ്രദ്ധിക്കരുതെന്നല്ല, അതിനൊപ്പമോ, അതിനേക്കാള്‍ കൂടുതലായോ മെച്ചപ്പെട്ട ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനായി പണവും അധ്വാനവും ചെലവഴിക്കാന്‍ നമ്മള്‍ തയ്യാറാകണം.
മാത്രമല്ല, വളരെ കോസ്റ്റ് ഇഫക്ടീവായ മെത്തേഡ് കൂടിയാണത്. നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാനായാല്‍ പിന്നെ സുരക്ഷാഭീഷണിയുണ്ടാകില്ല, ആ മേഖലയില്‍ ഇന്ന് ചെയ്യുന്നതുപോലെ കോടികള്‍ ചെലവഴിക്കുകയും വേണ്ട.
ലോകം മുഴുവന്‍ ഇന്ന് തീവ്രവാദം പടര്‍ന്ന് പിടിച്ചിട്ടുണ്ട്. ഒരൊറ്റ മനുഷ്യനാണ് അന്നത്തെ ആക്രമണത്തിലൂടെ ന്യൂസിലാന്‍ഡിന് ബില്യണ്‍ ഡോളറുകളുടെ നഷ്ടമുണ്ടാക്കിയത്. അയാളുടെ കുട്ടിക്കാലത്ത്, സര്‍ക്കാരുകള്‍ വിദ്യാഭ്യാസത്തിനും മറ്റ് സാമൂഹ്യഇടപെടലുകള്‍ക്കും വേണ്ടി കുറച്ചധികം തുക മാറ്റിവെച്ചിരുന്നെങ്കില്‍, വേണ്ട റിസോഴ്‌സ് തയ്യാറാക്കിയിരുന്നെങ്കില്‍ ഇന്ന് കാണുന്ന കനത്ത നഷ്ടം ഉണ്ടാകുമായിരുന്നില്ല.
ന്യൂസിലാന്‍ഡ് ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്. ഓരോ കമ്മ്യൂണിറ്റിയുടെയും ആവശ്യങ്ങളും ആശങ്കകളും അവരില്‍ നിന്ന് തന്നെ നേരിട്ട് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നുണ്ട്. സാമൂഹ്യരംഗങ്ങളില്‍ ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ലോകരാജ്യങ്ങളെല്ലാം മാതൃകയാക്കണം.
ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തില്‍ മകനെ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ നിന്നാണ് താങ്കള്‍(ഡോ. മെയ്‌സൂണ്‍ സലാമ) ‘അയ ആന്‍ഡ് ബട്ടര്‍ഫ്‌ളൈ’ എന്ന പുസ്തകം എഴുതുന്നത്. തനിക്കുണ്ടായ ഒരു തീരാനഷ്ടത്തെ നേരിടുന്നതിനൊപ്പം സമൂഹത്തില്‍ ഏറ്റവും ആവശ്യമായിരുന്ന മാറ്റങ്ങള്‍ക്കും താങ്കള്‍ ചുക്കാന്‍ പിടിച്ചു. ആക്രമണം നടന്ന 2019 മുതല്‍ ഇതുവരെയുള്ള വര്‍ഷങ്ങളെ വ്യക്തിപരമായി എങ്ങനെയാണ് നോക്കികാണുന്നത്?
ഡോ. മെയ്‌സൂണ്‍ സലാമ: മകന്റെ മരണം എനിക്ക് വല്ലാത്തൊരു ഷോക്കായിരുന്നു. എന്റെ ഭര്‍ത്താവിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഞാന്‍ പൊതുരംഗത്ത് ഏറെ സജീവമായിരുന്ന സമയമായിരുന്നു അത്. ഒരു ചൈല്‍ഡ് കെയര്‍ സെന്ററും നടത്തിവന്നിരുന്നു. ആ കെയര്‍ സെന്ററിലെ കുട്ടികളില്‍ പലര്‍ക്കും അവരുടെ മാതാപിതാക്കളെയോ പ്രിയപ്പെട്ടവരെയോ നഷ്ടമായിരുന്നു. വെടിവെയ്പ്പ് നടന്നതിന് ശേഷം, ആ കുട്ടികളായിരുന്നു അപ്പോള്‍ എന്റെ മനസില്‍ മുഴുവന്‍.
എന്റെ മകന്റെ മകളായ അയയെ കുറിച്ചായിരുന്നു ഞാന്‍ കൂടുതലും ചിന്തിച്ചത്. രണ്ട് വയസുകാരിയായ അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഉപ്പയെ നഷ്ടപ്പെട്ടു. ഉപ്പ ഈ ഭൂമിയിലില്ലെന്ന് എങ്ങനെ അവളോട് പറയുമെന്ന്, എങ്ങനെ ആ ദുഖകരമായ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ അവളെ ഒരുക്കുമെന്ന് ആലോചിച്ച് എനിക്ക് ആധിയായി. ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന എജ്യുക്കേറ്ററെന്ന നിലയില്‍ കുഞ്ഞുങ്ങളോട് എന്തും സംവദിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം കഥകളാണെന്ന് എനിക്ക് തോന്നി. അയക്ക് എന്റെ മടിയിലിരുന്ന് കഥ കേള്‍ക്കുന്നതും വായിക്കുന്നതും ഏറെ ഇഷ്ടവുമായിരുന്നു. അങ്ങനെയാണ് ഇന്ന് കാണുന്ന ഈ പുസ്തകങ്ങളുടെ തുടക്കം.
കൊവിഡ് കാലത്തെ ലോക്ക്ഡൗണിലാണ് ഞാന്‍ കഥയെഴുതാന്‍ തുടങ്ങുന്നത്. ഞാന്‍ ആ സമയത്ത് കുട്ടികളെ ചിത്രശലഭങ്ങളെ കുറിച്ച് പഠിപ്പിക്കുകയായിരുന്നു. അയയും ഇക്കാര്യങ്ങള്‍ പഠിക്കുന്നുണ്ടായിരുന്നു. ലാര്‍വയ-പ്യൂപ്പ എന്നീ ഘട്ടങ്ങളിലൂടെ കടന്ന് പൂമ്പാറ്റയായി മാറുന്ന ആ ലൈഫ് സൈക്കിള്‍, അനിവാര്യമായ മാറ്റത്തെ കുറിച്ചും അതിനെ അംഗീകരിച്ച് മുന്നോട്ട് പോകേണ്ടതിനെ കുറിച്ചും കുട്ടികളെ പഠിപ്പിക്കാനാകുന്ന ഏറ്റവും മികച്ച മാര്‍ഗമാണെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് അയ ആന്‍ഡ് ബട്ടര്‍ഫ്‌ളൈ എന്ന കഥ എഴുതുന്നത്.
ട്രോമയിലൂടെ കടന്നുപോകുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള റിസോഴ്‌സ് മെറ്റീരിയലുകള്‍ അധികമില്ലെന്നും ഈ കഥകള്‍ ആ മേഖലക്ക് ഏറെ സഹായകമാകുമെന്നുമാണ് സോഷ്യല്‍ വര്‍ക്കേഴ്‌സ് പറഞ്ഞത്. പിന്നീട് വിദ്യാഭ്യാസ വകുപ്പുമായും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ വികസിച്ചു. പല വിഷയങ്ങളുമായി ബന്ധപ്പെട്ട കഥകള്‍ ഞങ്ങള്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു.
കൂടാതെ മറ്റ് പല പ്രവര്‍ത്തനങ്ങളിലും ഉപദേശക സമിതികളിലും ഞാന്‍ പങ്കെടുത്തു. ഞാന്‍ തിരക്കിട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. ഏറെ ബുദ്ധിമുട്ട് നിറഞ്ഞ സമയമായിരുന്നെങ്കിലും അന്ന് ഞാന്‍ അങ്ങനെ പ്രവര്‍ത്തിച്ചത് വിഷമങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ എന്നെ സഹായിച്ചു.
ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തോട് മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പ്രതികരിച്ച രീതി ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഷാള്‍ ധരിച്ചെത്തിയതും പാര്‍ലമെന്റില്‍ ഖുര്‍ആന്‍ വായിച്ചതുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. ലോകചരിത്രത്തില്‍ തീവ്രവാദ ആക്രമണത്തിന് ഇരയായവരോട് ഇത്രയും സഹാനുഭൂതിയോടെ ഇടപെടുകയും, തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടുകളെടുക്കുകയും ചെയ്ത ലോകനേതാക്കള്‍ കുറവാണെന്നായിരുന്നു ഉയര്‍ന്ന അഭിപ്രായങ്ങള്‍. അപ്രതീക്ഷിതമായാണ് അവര്‍ അധികാരത്തില്‍ നിന്നും സ്വയം ഒഴിയുന്നതായി കഴിഞ്ഞ മാസം പ്രഖ്യാപനം നടത്തിയത്. ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണസമയത്തും അതിനുശേഷവുമുള്ള ജസീന്ത ആര്‍ഡനെ എങ്ങനെയാണ് നിങ്ങള്‍ ഓര്‍ത്തെടുക്കുന്നതും വിലയിരുത്തുന്നതും ?
ആലിയ ഡാന്‍സൈസന്‍: പല ഭരണാധികാരികളും അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങളെ സമീപിക്കാറില്ല. ഇവിടെയാണ് ജസീന്ത ആര്‍ഡന്‍ വ്യത്യസ്തയാകുന്നത്. സമ്പത്തിനല്ല, സാമൂഹ്യക്ഷേമത്തിനാണ് താന്‍ എല്ലാ പ്രാധാന്യവും നല്‍കുന്നതെന്ന് അവര്‍ തുടക്കം മുതലേ പറയുന്നുണ്ട്. ന്യൂസിലാന്‍ഡില്‍ മാവോരി ഭാഷയില്‍ പറയുന്ന ഒരു ചൊല്ലുണ്ട്, ‘എന്താണ് ഏറ്റവും പ്രധാനപ്പെട്ടത്, അത് ജനങ്ങളാണ്, ജനങ്ങളാണ്, ജനങ്ങളാണ്’. ജസീന്ത ആര്‍ഡന്റെ ഭരണത്തിന് കീഴില്‍ അതാണ് സംഭവിച്ചത്.
ഞങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും കൊവിഡ് കാലത്തും എന്നുവേണ്ട ഓരോ സന്ദര്‍ഭങ്ങളിലും ജനങ്ങള്‍ക്കാണ് അവര്‍ പ്രഥമ സ്ഥാനം നല്‍കിയത്. തന്റെ നാളെകള്‍ക്ക് വേണ്ടിയല്ല, ഒരു മെച്ചപ്പെട്ട ലോകത്തിന് വേണ്ടിയായിരുന്നു ജസീന്ത പ്രവര്‍ത്തിച്ചത്. ജനങ്ങളാണ് തങ്ങളുടെ ഏറ്റവും വലിയ റിസോഴ്‌സ് എന്ന് ജസീന്തയെ പോലെ ലോകത്തിലെ മറ്റ് ഭരണാധികാരികളും തിരിച്ചറിയേണ്ടതുണ്ട്. ന്യൂസിലാന്‍ഡിലെ വരാന്‍ പോകുന്ന ഓരോ പ്രധാനമന്ത്രിമാര്‍ക്കുമുള്ള മാതൃകയാണ് ജസീന്ത ആര്‍ഡന്‍.
ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തിന് ശേഷം അവര്‍ ചെയ്ത ഓരോ കാര്യങ്ങളും വളരെ സത്യസന്ധമായിരുന്നു. ഞങ്ങളാരും പറഞ്ഞിട്ടില്ല അവര്‍ അന്ന് ഷാള്‍ ധരിച്ചെത്തിയത്. തന്റെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്ന അവരുടെ തീരുമാനമായിരുന്നു അതിന് പിന്നില്‍. വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് വന്ന സമയത്ത് അവര്‍ നടത്തിയ പ്രസംഗത്തില്‍ ” ശരീരത്തിലെ ഒരു അവയവത്തിന് മുറിവ് പറ്റിയാല്‍ മുഴുവന്‍ ശരീരത്തിനും വേദനിക്കുമെന്ന്” പറഞ്ഞിരുന്നു. ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ മുറിവുകളില്‍ ന്യൂസിലാന്‍ഡ് മുഴുവന്‍ വേദനിക്കുന്നുവെന്ന ആ വാക്കിന്റെ പ്രതിഫലനം രാജ്യത്തെമ്പാടുമുണ്ടായി.
ആക്രമണം നടന്നതിന്റെ അടുത്ത വെള്ളിയാഴ്ച നടത്തിയ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍, വഴികളിലും ബസ് സ്റ്റോപ്പുകളിലും ആളുകള്‍ തലയില്‍ ഷാള്‍ ധരിച്ച് ഞങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഒരു ഗേള്‍സ് സ്‌കൂളിലെ കുട്ടികള്‍ ആ പ്രാര്‍ത്ഥനയുടെ സമയത്ത് തങ്ങള്‍ ഷാള്‍ ധരിച്ചുകൊള്ളട്ടെയെന്ന് അധ്യാപകരോട് ആവശ്യപ്പെട്ടു. അങ്ങനെ ഒരുപാട് സംഭവങ്ങളുണ്ടായിരുന്നു. മെയ്‌സൂണ്‍ നടത്തിയിരുന്ന ചൈല്‍ഡ് കെയര്‍ സെന്ററിലേക്ക് ഒരുപാട് പേര്‍ പൂക്കളുമായെത്തി. പള്ളികള്‍ക്ക് മുമ്പിലും അങ്ങനെയായിരുന്നു. ഞങ്ങളെ ആശ്വസിപ്പിക്കാനും നിരവധിയാളുകളുണ്ടായിരുന്നു. രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് നില്‍ക്കാനാകുമെന്ന് ബോധ്യപ്പെടുത്തിയ നിമിഷങ്ങളായിരുന്നു അത്.
ഡോ. മെയ്‌സൂണ്‍ സലാമ: ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ കാണാനായി ജസീന്ത ആര്‍ഡന്‍ അന്ന് ക്രൈസ്റ്റ്ചര്‍ച്ചിലെ ആശുപത്രികളിലെത്തിയിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ 49 പേരില്‍ എന്റെ ഭര്‍ത്താവുമുണ്ടായിരുന്നു. അവര്‍ ഞങ്ങളെയും കാണാനെത്തുമെന്ന് ആദ്യം പറഞ്ഞിരുന്നു. പക്ഷെ, അവരുടെ ഫ്‌ളൈറ്റിനുള്ള സമയമായെന്നും തിരക്കുള്ളതിനാല്‍ ജസീന്തക്ക് ഒരുപക്ഷെ എല്ലാവരെയും കാണാനാകില്ലെന്നും പിന്നീട് അറിയിപ്പ് വന്നു.
എന്നാല്‍ അവര്‍ ആ ഫ്‌ളൈറ്റും മറ്റെല്ലാ തിരക്കുകളും