ലോകകപ്പിന് മുന്നോടിയായി ഷെഡ്യൂള്‍ ചെയ്ത ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി). ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെയാണ് പി.സി.ബി സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
ബാബറിനും റിസ്‌വാനും പുറമെ, ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും പാക് സ്‌ക്വാഡില്‍ ഇടം പിടിച്ചില്ല. ബിഗ് ബാഷ് ലീഗില്‍ കളിക്കുന്നതിനാലാണ് ഈ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്.
ബാബർ അസമും മുഹമ്മദ് റിസ്‌വാനും. Photo: MufaddalVohra/x.com
അതേസമയം, പരമ്പരയ്ക്കായി 15 അംഗ സ്‌ക്വാഡാണ് പി.സി.ബി പ്രഖ്യാപിച്ചത്. പരമ്പരയില്‍ സല്‍മാന്‍ അലി ആഘ തന്നെയാണ് പാകിസ്ഥാന്റെ ക്യാപ്റ്റന്‍. പരിക്ക് കാരണം മാസങ്ങളോളം മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന ഓള്‍റൗണ്ടര്‍ ശദാബ് ഖാന്‍ ടീമിലേക്ക് തിരിച്ചെത്തി. ഈ വര്‍ഷം ജൂണിലാണ് താരം അവസാനമായി പാകിസ്ഥാന്‍ ടീമില്‍ കളിച്ചത്.
തോളെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് താരം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്നത്. ശസ്ത്രക്രിയ കഴിഞ്ഞ ശദാബ് ഖാന്‍ നിലവില്‍ ബിഗ് ബാഷ് ലീഗില്‍ കളിക്കുകയാണ്.
കൂടാതെ, യുവവിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഖവാജ നഫായ് ടീമില്‍ ഇടം പിടിച്ചു. 23കാരനായ താരം ഇത് ആദ്യമായാണ് പാകിസ്ഥാന്റെ ടി – 20 ടീമിന്റെ ഭാഗമാകുന്നത്. താരം ഇതുവരെ 32 ടി – 20 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇതില്‍ 132.28 എന്ന സ്‌ട്രൈക്ക് റേറ്റ് താരത്തിനുണ്ട്.
ശദാബ് ഖാൻ .Photo: Salman/x.com
അതേസമയം, ജനുവരി ഏഴ് മുതലാണ് ശ്രീലങ്കക്ക് എതിരെയുള്ള ടി – 20 മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ജനുവരി 7, 9, 11 തീയതികളിലാണ് ഈ മത്സരങ്ങള്‍. മത്സരങ്ങളെല്ലാം ശ്രീലങ്കയിലെ രംഗി ദംബുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് അരങ്ങേറുക.
ഈ പരമ്പരയ്ക്ക് ശേഷമായിരിക്കും ഫെബ്രുവരിയില്‍ നടക്കുന്ന ടി – 20 ലോകകപ്പിനുള്ള പാകിസ്ഥാന്റെ സ്‌ക്വാഡിനെ പ്രഖ്യാപിക്കുക. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റ് ഫെബ്രുവരി എട്ടിനാണ് തിരശീലയുയരുക. പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലെ കൊളംബോയിലാണ് നടക്കുക.