ഇമ്രാന്‍ ഖാന്‍ ജയിലില്‍ മരിച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊലീസ്; ധര്‍ണ അവസാനിപ്പിച്ച് സഹോദരി
Imran Khan
ഇമ്രാന്‍ ഖാന്‍ ജയിലില്‍ മരിച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊലീസ്; ധര്‍ണ അവസാനിപ്പിച്ച് സഹോദരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th November 2025, 7:58 am

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രിയും തെഹ്‌രീക്-ഇ-ഇന്‍സാഫ് (പി.ടി.ഐ)നേതാവുമായ ഇമ്രാന്‍ ഖാന്‍ ജയിലില്‍വെച്ച് കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ പ്രതികരണവുമായി പാക് പൊലീസ്.

ഇമ്രാന്‍ ഖാന്‍ മരിച്ചിട്ടില്ലെന്നും സോഷ്യല്‍മീഡിയയിലെ പ്രചാരണം വ്യാജമാണെന്നും പൊലീസ് ഇമ്രാന്‍ ഖാന്റെ കുടുംബത്തെ അറിയിച്ചു. തുടര്‍ന്ന് ഇമ്രാന്‍ ഖാന്റെ സഹോദരി അലീമ ഖാന്റെ നേതൃത്വത്തില്‍ അഡിയാല ജയിലിന് മുന്നില്‍ നടത്തിവന്നിരുന്ന പ്രതിഷേധ ധര്‍ണ അവസാനിപ്പിച്ചു.

തെഹ്‌രീക്-ഇ-ഇന്‍സാഫ് പ്രവര്‍ത്തകരും അലീമ ഖാനും പൊലീസുമായി ചര്‍ച്ച നടത്തിയിരുന്നെന്ന് അധികൃതര്‍ പിന്നീട് അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരത്തോടെ അലീമ ഖാനും പി.ടി.ഐ നേതാക്കള്‍ക്കും ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കാമെന്ന് അധികൃതര്‍ അറിയിച്ചതായാണ് വിവരം. അടുത്ത ചൊവ്വാഴ്ചയും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

തടവിലാക്കപ്പെട്ട സഹോദരനെ കാണാതെ പിന്മാറില്ലെന്ന് അറിയിച്ചാണ് അലീമ ഖാന്‍ ജയിലിന് മുന്നില്‍ സമരം നടത്തിയിരുന്നത്.

ഇമ്രാന്‍ ഖാനെ നിയമവിരുദ്ധമായി ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഇത് അന്യായമാണെന്നും അലീമ പ്രതികരിച്ചിരുന്നു.

ജയിലിന് പുറത്ത് വന്‍ പൊലീസ് വിന്യാസം ഏര്‍പ്പെടുത്തിയതിനെയും അലീമ ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തെ ജയിലില്‍ നിന്നും മാറ്റിയിട്ടുണ്ടാകാമെന്നും അല്ലെങ്കില്‍ കാണാന്‍ അനുവദിക്കാത്തത് എന്താണെന്നും അലീമ ചോദിച്ചതായി ദി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇമ്രാന്‍ ഖാന്‍ പൊലീസിന്റെ ക്രൂരമര്‍ദനത്തിനിരയായി ജയിലില്‍ വെച്ച് കൊല്ലപ്പെട്ടെന്ന് സഹോദരിമാരായ നൊറീന്‍ ഖാന്‍, അലീമ ഖാന്‍, ഉസ്മ ഖാന്‍ എന്നിവര്‍ ആരോപിക്കുകയും ചെയ്തിരുന്നു.

അഴിമതി കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ 2023 ഓഗസ്റ്റിലാണ് ഇമ്രാന്‍ ഖാന്‍ അറസ്റ്റിലായത്. പിന്നീട് കോടതി അദ്ദേഹത്തിന് 14 വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.

അഡിയാല ജയിലില്‍ തടവില്‍ കഴിയുന്ന ഇമ്രാന്‍ ഖാനെ രണ്ട് ആഴ്ചയിലൊരിക്കല്‍ കാണാന്‍ കുടുംബത്തിന് അനുമതിയുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹത്തെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു.

പിന്നാലെയാണ് മരണവാര്‍ത്ത പ്രചരിച്ചതും ആയിരക്കണക്കിന് പി.ടി.ഐ പ്രവര്‍ത്തകര്‍ ജയിലിന് മുന്നില്‍ പ്രതിഷേധവുമായി അണിനിരന്നതും. ഇതിനിടെ ഇമ്രാന്‍ ഖാന്റെ സഹോദരിമാര്‍ക്ക് പൊലീസ് മര്‍ദനമേറ്റെന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരുന്നു.

Content Highlight: Pakistan Police call propaganda that Imran Khan died in jail false; sister ends protest