വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് തങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് ആവര്‍ത്തിച്ച് യു.എസ്. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച യു.എസ് പാകിസ്ഥാന്‍-ഇന്ത്യന്‍ പ്രതിനിധികളുമായി രാജ്യം നിരന്തരം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.
‘ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ (വ്യാഴാഴ്ച്ച) ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും സെക്രട്ടറി സംസാരിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി മോദിയോട് പറഞ്ഞതുപോലെ, ഭീകരതയ്ക്കെതിരെയായ ഇന്ത്യയുടെ പോരാട്ടത്തില്‍ അമേരിക്ക ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു. പ്രധാനമന്ത്രി മോദിക്ക് ഞങ്ങളുടെ പൂര്‍ണ പിന്തുണയുമുണ്ട്,’ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് വ്യാഴാഴ്ച പറഞ്ഞു. പത്രസമ്മേളനത്തിലായിരുന്നു യു.എസ് വക്താവിന്റെ പ്രസ്താവന.
ദക്ഷിണേഷ്യയില്‍ സമാധാനം നിലനിര്‍ത്താന്‍ യു.എസ് ഇന്ത്യയിലും പാകിസ്ഥാനിലും സമ്മര്‍ദം ചെലുത്തി വരികയാണ്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ തുടരുന്ന സാഹചര്യത്തിലാണ് യു.എസിന്റെ പ്രസ്താവന.
അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നത്തില്‍ അമേരിക്ക ഇടപെടേണ്ട ആവശ്യമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറച്ച് ദിവസം മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. പ്രശ്നം അവര്‍ സ്വയം പരിഹരിച്ചു കൊള്ളുമെന്നും ഇരുവിഭാഗവും തമ്മിലുള്ള പിരിമുറുക്കങ്ങള്‍ വര്‍ഷങ്ങളായി ഉള്ളതാണെന്നുമായിരുന്നു അന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ അവര്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അത് പരിഹരിച്ച് കൊള്ളുമെന്നും ട്രംപ് പറയുകയുണ്ടായി.
‘ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 1,500 വര്‍ഷമായി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് അങ്ങനെ തന്നെയായിരുന്നു. അവരത് ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പരിഹരിക്കും. എനിക്ക് ഉറപ്പുണ്ട്. രണ്ട് നേതാക്കളെയും എനിക്കറിയാം. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ വലിയ സംഘര്‍ഷമുണ്ടെങ്കിലും അവ എല്ലായ്പ്പോഴും ഉണ്ടായിട്ടുണ്ട്,’ ട്രംപ് പറഞ്ഞു.
എന്നാല്‍ ട്രംപിന്റെ പ്രസ്താവന വന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം തങ്ങള്‍ ഇന്ത്യയ്ക്കൊപ്പമാണെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും യു.എസ് അറിയിച്ചിരുന്നു. ആക്രമണത്തിന്റെ സമയത്ത് ഇന്ത്യയിലുണ്ടായിരുന്ന യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ പരമാര്‍ശങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടായിരുന്നു യു.എസിന്റെ പ്രതികരണം.
യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് റോയിട്ടേഴ്സിന് അയച്ച മെയിലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എസും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഏഷ്യന്‍ മേഖലയില്‍ ചൈനയ്ക്കെതിരെയുള്ള പിടിവള്ളിയായാണ് അമേരിക്ക ഇന്ത്യയെ കണക്കാക്കുന്നത്. അതിനാല്‍ ഇന്ത്യയ്ക്കുള്ള പിന്തുണ യു.എസിനും ഗുണകരമാണ്.
അതേസമയം അമേരിക്കയ്ക്ക് ഇന്ത്യ പിന്തുണ പ്രഖ്യാപിക്കുമ്പോഴും ചൈനയുടെ പിന്തുണ പാകിസ്ഥാനാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയെ പിന്തുണച്ച ചൈന ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന നിര്‍ദേശത്തിന് പിന്നാലെയാണ് പാകിസ്ഥാന് പിന്തുണയുമായി രംഗത്തെത്തിയത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പാകിസ്താന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറുമായി ഫോണില്‍ സംസാരിച്ചതായാണ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
Content Highlight: Pahalgam terror attack; US reiterates its full support to Narendra Modi