പഹല്‍ഗാം മോദി വോട്ടാക്കുമെന്ന പരാമർശം; നേഹ സിങ്ങിനെതിരായ കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി
India
പഹല്‍ഗാം മോദി വോട്ടാക്കുമെന്ന പരാമർശം; നേഹ സിങ്ങിനെതിരായ കേസ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd September 2025, 12:08 pm

ലഖ്നൗ: പഹല്‍ഗാം പരാമര്‍ശത്തിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഗായിക നേഹ സിങ്ങിന്റെ ഹരജി തള്ളി അലഹബാദ് ഹൈക്കോടതി. ജസ്റ്റിസുമാരായ രാജേഷ് സിങ് ചൗഹാന്‍, സയ്യിദ് ഖമര്‍ ഹസന്‍ റിസ്വി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ നേഹ സിങ് പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് അപമാനകരമായ രീതിയില്‍ ഉപയോഗിച്ചതായി കോടതി പറഞ്ഞു.

നേഹക്കെതിരായ ആരോപണങ്ങളിൽ തെളിവുകളുണ്ടെന്നും കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. സെപ്റ്റംബര്‍ 26ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും നേഹ സിങ്ങിന് നിര്‍ദേശമുണ്ട്.

കേസില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ അന്വേഷണവുമായി സഹകരിക്കാനും കോടതി നിര്‍ദേശിച്ചു. കൂടാതെ വിവാദ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തത് പഹല്‍ഗാം ആക്രമണത്തിന് ശേഷമായതിനാല്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ പോസ്റ്റുകളുടെ അപ് ലോഡിങ് സമയം പരിഗണിക്കണമെന്നും കോടതി പറഞ്ഞു.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം സംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകളിലായിരുന്നു നേഹ സിങ്ങിനെതിരായ പരാതി.

പഹല്‍ഗാം ഭീകരാക്രമണം ഭരണകക്ഷി, ഇന്റലിജന്‍സ്, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയുടെ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു നേഹയുടെ പോസ്റ്റ്. പിന്നാലെ രാജ്യദ്രോഹക്കുറ്റം ചുമത്തി നേഹക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

2019ല്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം, പഹല്‍ഗാം ആക്രമണത്തിന്റെ പേരില്‍ പ്രധാനമന്ത്രി മോദി ബീഹാറില്‍ വോട്ട് തേടുമെന്ന് പറയുന്ന നേഹയുടെ വീഡിയോ പാകിസ്ഥാന്‍ പത്രപ്രവര്‍ത്തകരുടെ ഒരു എക്സ് ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് നേഹക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ അഭയ് പ്രതാപ് സിങ് എന്നയാള്‍ പരാതി നല്‍കുകയായിരുന്നു. നേഹയുടെ പോസ്റ്റ് വിവിധ സമുദായങ്ങളില്‍ ഭിന്നത ഉണ്ടാക്കുമെന്നും ഇത് ദേശീയ അഖണ്ഡതയെ പ്രതികൂലമായി ബാധിക്കുമെന്നും കാണിച്ചായിരുന്നു അഭയ്‌യുടെ പരാതി. സമാനമായ വാദങ്ങള്‍ ഉന്നയിച്ച് ശിവേന്ദ്ര സിങ് എന്ന വ്യക്തിയും പരാതി നല്‍കിയിരുന്നു.

എന്നാല്‍ ഈ പരാതി അഡീഷണല്‍ സിവില്‍ ജഡ്ജിയും അയോധ്യ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമായ ഏക്താ സിങ് തള്ളുകയായിരുന്നു. നേഹക്കെതിരായ പരാതി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി തള്ളിയത്.

Content Highlight: Pahalgam remarks; High Court will not quash case against singer Neha Singh