'കോരന്റെ മകനെ അംഗീകരിക്കാനാവാത്ത ഫ്യൂഡല്‍ വരേണ്യത സഖാവിനെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു'; പിണറായി വിജയന് ജന്മദിനാംശസയുമായി റിയാസ്
Kerala
'കോരന്റെ മകനെ അംഗീകരിക്കാനാവാത്ത ഫ്യൂഡല്‍ വരേണ്യത സഖാവിനെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു'; പിണറായി വിജയന് ജന്മദിനാംശസയുമായി റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th May 2026, 11:10 pm

കോഴിക്കോട്: സംസ്ഥാന മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് അഡ്വ. പി.എ. മുഹമ്മദ് റിയാസ് എം.എല്‍.എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് റിയാസ് പിണറായി വിജയന് ആശംസ അറിയിച്ചത്. ‘തളരാത്ത മനസ്സിനും പതറാത്ത നിലപാടുകള്‍ക്കും ജന്മദിനാശംസകള്‍,’ എന്ന് പറഞ്ഞുകൊണ്ടാണ് റിയാസിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

പിണറായി വിജയനെതിരെ സകല മര്യാദകളും ലംഘിച്ച് അപവാദ പ്രചാരണങ്ങള്‍ നടക്കുകയാണെന്നും റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞതിന് പിറകെ അദ്ദേഹം പ്രതിപക്ഷ നേതാവായതിനെ എന്തോ പുതിയ സംഭവമായാണ് പ്രചരിപ്പിക്കുന്നത്. സഖാക്കള്‍ ഇ.എം.എസ്സും ഇ.കെ നായനാരും വി.എസ്സും ഇങ്ങനെ ആയത് അറിയാത്തവരല്ലല്ലോ ഈ പ്രചാരകരെന്നും അദ്ദേഹം ചോദിച്ചു.

സി.പി.എമ്മിനെ സംബന്ധിച്ച് ആര് എന്ത് സ്ഥാനം വഹിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. യു.ഡി.എഫില്‍ കെ. കരുണാകരനും എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിയായതിന് പിറകെ പ്രതിപക്ഷ നേതാവായവരാണെന്നും റിയാസ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

‘കോരന്റെ മകനെ അംഗീകരിക്കാനാവാത്ത ഫ്യൂഡല്‍ വരേണ്യതയും കോര്‍പ്പറേറ്റ് മാധ്യമങ്ങളും നിരന്തരമായി സഖാവിനെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു,’ എന്നും റിയാസ് പറഞ്ഞു. ‘ജനമനസില്‍ സഖാവ് അന്നും ഇന്നും എന്നും പോരാട്ടത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘എക്കാലവും പ്രസ്ഥാനത്തിനുവേണ്ടി മാത്രം നിലകൊണ്ടതിനാണ്, വിട്ടുവീഴ്ചയില്ലാതെ നിലപാടു പറഞ്ഞതിനാണ് ഈ ആക്രമണമെന്ന് അറിയാം.പ്രായമായെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരേ… അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യന്‍ ഇനിയുമുണ്ടാകും, കൂടെ പോരാടാന്‍ ഞങ്ങളും..,’ റിയാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

തളരാത്ത മനസ്സിനും
പതറാത്ത നിലപാടുകള്‍ക്കും
ജന്മദിനാശംസകള്‍ ?.


കോരന്റെ മകനെ അംഗീകരിക്കാനാവാത്ത
ഫ്യൂഡല്‍ വരേണ്യതയും കോര്‍പ്പറേറ്റ് മാധ്യമങ്ങളും
നിരന്തരമായി സഖാവിനെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു.
പ്രസ്ഥാനത്തിനുമപ്പുറം ഈ മനുഷ്യന് നിലപാടില്ല എന്നത് കൊണ്ടാണ് ആക്രമത്തിന് ഇളവ് നല്‍കാത്തതെന്നറിയാം.
സകല മര്യാദകളും ലംഘിച്ച് അപവാദ പ്രചരണങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
വ്യക്തിപരമായി അധിക്ഷേപിച്ച്
തകര്‍ത്തുകളയാന്‍ എല്ലാ അടവുകളും പയറ്റിക്കൊണ്ടേയിരിക്കുന്നു.

മുഖ്യമന്ത്രി പദത്തില്‍ ഇരുന്നയാള്‍ ഉടനെ പ്രതിപക്ഷ നേതാവായത് എന്തോ പുതിയ സംഭവമായാണ് ഇപ്പോഴുള്ള പ്രചരണം.
സഖാക്കള്‍ ഇ.എം.എസ്സും ഇ.കെ നായനാരും വി.എസ്സും ഇങ്ങനെ ആയത് അറിയാത്തവരല്ലല്ലോ ഈ പ്രചാരകര്‍.
ഞങ്ങളെ സംബന്ധിച്ചിടത്തോളം ആര് എന്ത് ചുമതല നിര്‍വ്വഹിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്.
ഇനി ഒന്ന് ഓര്‍മ്മിപ്പിച്ചോട്ടെ,
യു.ഡി.എഫില്‍ കെ. കരുണാകരനും എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും ഇങ്ങനെ ആയതല്ലേ ?

എങ്ങിനെ വേണമെങ്കിലും നിങ്ങള്‍ വളഞ്ഞിട്ടടിച്ചോളൂ പക്ഷേ,
ജനമനസില്‍ സഖാവ് അന്നും ഇന്നും എന്നും പോരാട്ടത്തിന്റെ പ്രതീകമാണ്.
എക്കാലവും പ്രസ്ഥാനത്തിനുവേണ്ടി മാത്രം നിലകൊണ്ടതിനാണ്, വിട്ടുവീഴ്ചയില്ലാതെ നിലപാടു പറഞ്ഞതിനാണ് ഈ ആക്രമണമെന്ന് അറിയാം.
പ്രായമായെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരേ…
അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യന്‍ ഇനിയുമുണ്ടാകും,
കൂടെ പോരാടാന്‍ ഞങ്ങളും..

Content Highlight: PA Muhammed Riyas About Pinarayi Vijayan on Birthday Wish Message