കുറച്ച് കഴിഞ്ഞാല്‍ രാജീവ് ചന്ദ്രശേഖര്‍ എനിക്ക് പോസ്റ്റര്‍ ഒട്ടിക്കാനും മതില് ചുരണ്ടാനും അറിയാമെന്ന് പ്രസംഗിക്കും; വീണ്ടും പരിഹസിച്ച് മുഹമ്മദ് റിയാസ്
Kerala News
കുറച്ച് കഴിഞ്ഞാല്‍ രാജീവ് ചന്ദ്രശേഖര്‍ എനിക്ക് പോസ്റ്റര്‍ ഒട്ടിക്കാനും മതില് ചുരണ്ടാനും അറിയാമെന്ന് പ്രസംഗിക്കും; വീണ്ടും പരിഹസിച്ച് മുഹമ്മദ് റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd May 2025, 5:44 pm

തിരുവനന്തപുരം: രാഷ്ട്രീയം പറഞ്ഞാല്‍ രാഷ്ടീയപരമായി നേരിടണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

വിമര്‍ശനങ്ങളെ രാഷ്ടീയപരമായി നേരിടാതെ ‘എന്തോ കുഴപ്പമുണ്ട്, ഡോക്ടറെ കാണണം’ തുടങ്ങിയ പരാമര്‍ശങ്ങളല്ല നടത്തേണ്ടതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ നേരത്തേയെത്തി വേദിയില്‍ സീറ്റുപിടിച്ച രാജീവ് ചന്ദ്രശേഖറിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് വിമര്‍ശനമുയര്‍ത്തിയിരുന്നു.

വേദയിലിരിക്കേണ്ട തങ്ങള്‍ സദസിലാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വേദിയിലാണെന്നുമാണ് മന്ത്രി പറഞ്ഞത്. ഇതിനുള്ള മറുപടിയെന്നോണം രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചിരുന്നു.

rajeev chandrasekhar against muhammad riyas 

‘ഭാരത് മാതാ കീ ജയ്’ എന്ന് കേള്‍ക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് രാജവംശത്തിന്റെ മരുമകനായ മുഹമ്മദ് റിയാസിന് വല്ലാത്തൊരു സുഖക്കേടാണെന്നും എന്തെങ്കിലും സങ്കടമോ സംശയമോ ഉണ്ടെങ്കില്‍ മന്ത്രി ഡോക്ടറെ കാണട്ടെയെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. ഇതിനുപിന്നാലെയാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവിനെതിരെ മുഹമ്മദ് റിയാസ് വീണ്ടും രംഗത്തെത്തിയത്.

‘സാമൂഹിക പ്രവര്‍ത്തനം എന്ന് പറയുമ്പോള്‍ എല്ലാം ചെയ്യണം. മതില് ചുരണ്ടണം, പോസ്റ്റര്‍ ഒട്ടിക്കണം അങ്ങനെയെല്ലാം. താഴെ തട്ടില്‍ നിന്ന് ഇത്തരത്തിലുള്ള പണികളെല്ലാം എടുത്താണ് നമ്മളൊക്കെ ഇവിടെ നിക്കുന്നത്. എന്നാല്‍ ഒരു മാസം കൂടി കഴിഞ്ഞാല്‍ ഒരുപക്ഷെ രാജീവ് ചന്ദ്രശേഖര്‍ ഒരു പ്രസംഗം കൂടി നടത്തും.

അതില്‍ പറയുക തനിക്ക് പോസ്റ്റര്‍ ഒട്ടിക്കാന്‍ അറിയാം. മതില് ചുരണ്ടാന്‍ അറിയാം എന്നൊക്കെയായിരിക്കും. ഇതിനെല്ലാം വേണ്ടി അദ്ദേഹം ഒരു പ്രൊഫഷണല്‍ കോഴ്സും ചെയ്‌തേക്കാം. മതിലില്‍ വെള്ളയടിക്കാനും പോസ്റ്റര്‍ ഒട്ടിക്കാനുമെല്ലാം. പക്ഷെ ഇതുപോലെ പ്രൊഫഷണല്‍ കോഴ്‌സ് ചെയ്ത് സാമൂഹിക പ്രവര്‍ത്തകര്‍ ആയവരല്ല സാമൂഹിക പ്രവര്‍ത്തകര്‍. ബി.ജെ.പിയും അങ്ങനെ തന്നെയാണ്,’ പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്ന രീതിയില്‍ നമുക്കും സംസാരിക്കാന്‍ കഴിയില്ലേ? എന്നാല്‍ അത്തരത്തില്‍ തെറി പറയാനും സംസാരിക്കാനും താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Content Highlight: PA Muhammad RiyaS mocks Rajeev Chandrasekhar again