പാലക്കാട്: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയും കോണ്‍ഗ്രസ് അനുഭാവിയുമായ രാഗരഞ്ജിനിയുടെ ആരോപണങ്ങളില്‍ മാനനഷ്ടത്തിന് നോട്ടീസ് അയച്ച് സി.പി.ഐ.എം നേതാവ് ഡോ. പി. സരിനും കുടുംബവും. ശനിയാഴ്ചയാണ് ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് സരിന്റെ കുടുംബം നോട്ടീസ് അയച്ചത്.
ആരോപണങ്ങളെ നിയമപരമായി നേരിടാന്‍ തന്നെയാണ് തീരുമാനമെന്ന് സരിന്റെ പങ്കാളി ഡോ. സൗമ്യ അറിയിച്ചു. എല്ലാ വെല്ലുവിളികളും ഏറ്റെടുക്കുന്നതായും സൗമ്യ പ്രതികരിച്ചു.
‘ധൈര്യമുണ്ടെങ്കില്‍ പോയി മാനനഷ്ടത്തിന് കേസ് കൊടുക്കൂ, കേസ് കൊടുത്താല്‍ എല്ലാ തെളിവുകളും പുറത്തുവിടും’ ഈ രണ്ട് വെല്ലുവിളികളും ഏറ്റെടുക്കുന്നതായാണ് സൗമ്യ അറിയിച്ചത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സൗമ്യയുടെ പ്രതികരണം.
കാസര്‍ഗോട്ടെ ഒരു പരിപാടിയില്‍ പങ്കെടുക്കവേ സരിനില്‍ നിന്ന് മോശം അനുഭവമുണ്ടായെന്നും ഹോട്ടലില്‍ സ്റ്റേ ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നുമായിരുന്നു രാഗരഞ്ജിനിയുടെ ആരോപണം. എന്നാല്‍ ഈ ആരോപണം സരിനും സൗമ്യയും നിഷേധിക്കുകയാണ് ചെയ്തത്.
ഇതിനിടെ സരിനെതിരെ ആരോപണമുന്നയിച്ച ഫേസ്ബുക്ക് പോസ്റ്റ് രാഗരഞ്ജിനി ഡിലീറ്റ് ചെയ്യുകയുമുണ്ടായി. സരിനെതിരായ ആരോപണം പ്രതിപക്ഷം വലിയ ആയുധമാക്കുകയും സൈബര്‍ ഇടങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
നിലവില്‍ ഇത്തരം നീക്കങ്ങളെ പരിഹസിച്ചുകൂടിയാണ് സൗമ്യ ഫേസ്ബുക്കില്‍ പ്രതികരിച്ചിരിക്കുന്നത്.
‘വലിയ ഫാന്‍സ് അസോസിയേഷനും കൊട്ട നിറയെ ലൈക്കും ഷെയറും ഒന്നും ഇല്ല ഗയ്സ്. പക്ഷെ അത്ര പെട്ടെന്ന് ഒന്നും കുനിക്കില്ല എന്ന് ഉറപ്പുള്ള ഒരു തലയുണ്ട്! സൗമ്യക്കും സരിനും. ഞങ്ങള്‍ക്കും ഒരു മകളുണ്ട്!,’ സൗമ്യ കുറിച്ചു.
തങ്ങള്‍ എവിടെയും പോയി ഒളിക്കില്ലെന്നും ‘ഇരയെ’ അപമാനിക്കാനും സ്വാധീനിക്കാനും മറ്റും ശ്രമിക്കില്ലെന്നും സൗമ്യ വ്യക്തമാക്കി. പുറത്തുവിടാനിരിക്കുന്ന തെളിവുകള്‍ ഫേക്ക് ആണെങ്കില്‍ സമയമെടുത്തിട്ടാണെങ്കിലും സത്യം തെളിയിച്ചിരിക്കുമെന്നും സൗമ്യ പറഞ്ഞു.
നമുക്ക് എതിരായ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് പൂര്‍ണ ബോധ്യമുള്ള പക്ഷം നിയമപരമായി അതിനെ നേരിടാമെന്ന ആത്മവിശ്വാസം തനിയെ വന്നുകൊള്ളുമെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു. മാന്യമായി മുന്നോട്ടുപോകുമെന്നും സൗമ്യ പറഞ്ഞു.
പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒന്നിലധികം ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സരിനെതിരെ രാഗരഞ്ജിനി രംഗത്തെത്തുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ അറിയിച്ചതിന് പിന്നാലെയാണ് രഞ്ജിനി സരിനെതിരെ ആരോപണം ഉന്നയിച്ചത്.
Content Highlight: P. Sarin and his family sent a defamation notice