നെഹ്റുവും അംബേദ്കറും രാജ്യത്തിന് പുത്തന്‍ ദിശാബോധം നല്‍കിയവര്‍; പോരാട്ടങ്ങള്‍ സ്മരിച്ച് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം
national news
നെഹ്റുവും അംബേദ്കറും രാജ്യത്തിന് പുത്തന്‍ ദിശാബോധം നല്‍കിയവര്‍; പോരാട്ടങ്ങള്‍ സ്മരിച്ച് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th August 2021, 2:12 pm

ന്യൂദല്‍ഹി: നെഹ്റുവിനേയും അംബേദ്കറിനേയും വല്ലഭായ് പട്ടേലിനേയും സ്മരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 75ാം സ്വാതന്ത്ര്യദിന സന്ദേശം ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, ഇന്ത്യയുടെ ഏകോപനത്തിന് കാരണമായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഇന്ത്യയുടെ ഭാവി ശോഭനമാക്കിയ ബാബാസാഹേബ് അംബേദ്കര്‍ തുടങ്ങിയവരുടെ ത്യാഗനിര്‍ഭരമായ പോരാട്ടങ്ങള്‍ ഊര്‍ജം പകരുന്നതാണെന്ന് മോദി പറഞ്ഞു.

കൊവിഡ് പ്രതിരോധം നടത്തുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അദ്ദേഹം ആദരമര്‍പ്പിച്ചു. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതി ഇന്ത്യയുടേതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിയെ നേരിടാന്‍ വാക്സിനായി ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവന്നില്ലെന്നും ഏകദേശം 54 കോടി ഡോസ് വാക്സിന്‍ ജനങ്ങള്‍ക്ക് നല്‍കിയെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.

2020 ടോകിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ എല്ലാ താരങ്ങള്‍ക്കും ചടങ്ങിന് ക്ഷണനം ലഭിച്ചിരുന്നു. ഇവര്‍ രാജ്യത്തിന്റെ മഹത്വം വാനോളമുയര്‍ത്തിയെന്നെും, രാജ്യത്തെ യുവാക്കള്‍ക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
.
നമ്മുടെ ഗ്രാമങ്ങള്‍ അതിവേഗം മാറുന്നത് ഇന്ന് നാം കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലൂടെ റോഡ്, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങള്‍ എത്തിക്കാനായി. നിലവില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് വഴി ഗ്രാമങ്ങള്‍ക്ക് ഇന്റര്‍നെറ്റ് എത്തിക്കാനായെന്നും പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

അടുത്ത 25 വര്‍ഷം ഇന്ത്യയുടെ ‘അമൃത് കാല്‍’ (ശുഭ സമയം) ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘അമൃത് കാലത്തിന്റെ ഉദ്ദേശ്യം പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുക, ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വികസന ഭിന്നത കുറയ്ക്കുക, ജനങ്ങളുടെ ജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറയ്ക്കുക, കൂടാതെ ഇന്ത്യ ലോകത്തിലെ ഒരു രാജ്യത്തിനും പിന്നിലാകാതിരിക്കാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുക’ എന്നതാണെന്നും മോദി പറഞ്ഞു.

‘ഇവിടെ നിന്ന് ആരംഭിച്ച്, അടുത്ത 25 വര്‍ഷത്തെ യാത്ര ഒരു പുതിയ ഇന്ത്യയുടെ അമൃത് കാലമാണ് , ഈ അമൃത് കാലത്തിലെ തീരുമാനങ്ങളുടെ പൂര്‍ത്തീകരണം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം വരെ ഞങ്ങളെ കൊണ്ടുപോകും,’ എന്നും മോദി പറഞ്ഞു.

നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിര്‍മ്മാണവും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഗതി ശക്തി ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ എല്ലാ സൈനിക് സ്‌കൂളുകളും പെണ്‍കുട്ടികള്‍ക്കായി തുറക്കുമെന്നും മോദി പ്രഖ്യാപിച്ചു. ഗ്രാമങ്ങളിലേക്ക് കൂടുതല്‍ വികസന പദ്ധതികള്‍ എത്തിക്കുമെന്നും എല്ലാവര്‍ക്കും ഒരുപോലെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് സഹായം എത്തിക്കുമെന്നും കാര്‍ഷിക മേഖലയിലെ പരിഷ്‌കരണമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: P M Narendra  Modi remembers Nehru and Ambedkar in Independence Day speech