ചെരിപ്പ് പുറത്ത് വെക്കാന്‍ പറഞ്ഞു; തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് നേരെ ചെരിപ്പേറും അസഭ്യവര്‍ഷവും നടത്തി രോഗികള്‍
Kerala News
ചെരിപ്പ് പുറത്ത് വെക്കാന്‍ പറഞ്ഞു; തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് നേരെ ചെരിപ്പേറും അസഭ്യവര്‍ഷവും നടത്തി രോഗികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th August 2021, 12:12 pm

ആറ്റിങ്ങല്‍: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം. ഡോ. ജയശാലിനിക്ക് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പരിശോധനയ്ക്കെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. ഡോക്ടര്‍ക്ക് നേരെ ചെരിപ്പൂരി എറിയുകയായിരുന്നു. കണ്‍സള്‍ട്ടിംഗ് റൂമിലേക്ക് ചെരിപ്പൂരി മാത്രം കയറണമെന്ന് ആവശ്യപ്പെട്ടതാണ് രോഗികളെ ചൊടിപ്പിച്ചത്.

പ്രകോപിതരായ രോഗികള്‍ ഡോക്ടര്‍ക്ക് നേരെ ചെരിപ്പ് എറിഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്സിന്റെ ദേഹത്തായിരുന്നു ചെരിപ്പ് പതിച്ചത്.

ചെരിപ്പൂരി അകത്ത് കയറാന്‍ പറഞ്ഞപ്പോള്‍ അവര്‍ ദേഷ്യപ്പെടുകയായിരുന്നെന്നും തട്ടിക്കയറിയെന്നും ജയശാലിനി പറഞ്ഞു. ചെരിപ്പെറിയുക മാത്രമല്ല കേട്ടാലറക്കുന്ന വിധത്തില്‍ അസഭ്യപ്രയോഗം നടത്തിയെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജയശാലിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അക്രമം നടത്തിയ രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തങ്ങള്‍ മദ്യലഹരിയിലായിരുന്നു എന്നാണ് പ്രതികള്‍ പറയുന്നത്.

സംഭവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ഡി.എം.ഒയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഈ വിഷയം ഗൗരവമായി കാണുന്നുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടയിലാണ് ചെരിപ്പേറ് സംഭവവും നടന്നിരിക്കുന്നത്.

രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് നേരേ അതിക്രമമുണ്ടാകുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം സര്‍ക്കാര്‍ ഫോര്‍ട്ട് ആശുപത്രിയില്‍ വനിതാ ഡോക്ടറെ രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിച്ചിരുന്നു.

മദ്യലഹരിയിലെത്തിയ രണ്ടുപേരാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും സുരക്ഷാജീവനക്കാരനെയും ആക്രമിച്ചത്. ഈ സംഭവത്തില്‍ വലിയ പ്രതിഷേധമാണുയര്‍ന്നത്. ഇതിനുപിന്നാലെ എറണാകുളം ആലുവയിലും ഡോക്ടര്‍ക്ക് നേരേ ആക്രമണമുണ്ടായിരുന്നു.

ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിയമസഭയിലെ വിവാദ മറുപടിയുടേയും, പിന്നാലെ വന്ന തിരുത്തിന്റെയും പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരം അനിഷ്ടസംഭവങ്ങള്‍ വീണ്ടും അരങ്ങേറുന്നത്. സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഡോക്ടര്‍മാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി പരാമര്‍ശിച്ചത്.

എന്നാല്‍, ചോദ്യോത്തരത്തിനുള്ള മറുപടി തയ്യാറാക്കിയപ്പോള്‍ സംഭവിച്ച സാങ്കേതിക പിഴവാണ് മറുപടി മാറാന്‍ കാരണമായതെന്നായിരുന്നു ആരോഗ്യമന്ത്രി പിന്നീട് അറിയിച്ചത്. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയുറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും വീണ ജോര്‍ജ് പിന്നീട് അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Doctor attacked in Thiruvananthapuram