മറുനാടന്‍ വിദ്വേഷ പ്രചാരകന്‍; സംരക്ഷിക്കേണ്ട ബാധ്യത ലീഗിനില്ല: പി.എം.എ. സലാം
Kerala News
മറുനാടന്‍ വിദ്വേഷ പ്രചാരകന്‍; സംരക്ഷിക്കേണ്ട ബാധ്യത ലീഗിനില്ല: പി.എം.എ. സലാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th July 2023, 1:12 pm

മലപ്പുറം: മറുനാടന്‍ മലയാളിയെ സംരക്ഷിക്കേണ്ട ബാധ്യത മുസ്‌ലിം ലീഗിനില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. മറുനാടന്‍ മലയാളിയെ മാധ്യമസ്ഥാപനമായി കാണുന്നില്ലെന്നും സലാം പറഞ്ഞു. മറുനാടന്‍ മലയാളിക്ക് കോണ്‍ഗ്രസ് നല്‍കിയ പിന്തുണയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മലപ്പുറത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഷാജന്‍ സ്‌കറിയയുടെ എല്ലാ ഇടപെടലും അന്വേഷിക്കണം എന്നതാണ് തങ്ങളുടെ നിലപാടെന്നും പി.എം.എ സലാം പറഞ്ഞു. എന്നാല്‍ ആ അന്വേഷണത്തില്‍ അനീതി ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മറുനാടന്‍ മലയാളിയെക്കുറിച്ച് ലീഗിന് നേരത്തെ തന്നെ ആശങ്കയുണ്ട്. ഷാജന്‍ സ്‌കറിയയുടെ പല റിപ്പോര്‍ട്ടുകളും മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണ് എന്നാണ് ലീഗിന്റെ അഭിപ്രായം. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ ഉതകുന്ന കണ്ടെന്റുകളാണ് അതിലുള്ളത്.

സര്‍ക്കാര്‍ അതിനെതിരെ നടപടിയെടുക്കുമെന്നാന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. വിദ്വേഷം പടര്‍ത്തുന്ന പ്രചാരവേലകള്‍ ഒരു മാധ്യമത്തിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല. മറുനാടന്‍ ഒരു മാധ്യമമാണ് എന്ന് പോലും ആരും പറയുന്നില്ല. ഒരു വ്യക്തി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി, അയാള്‍ അയാള്‍ക്ക് തോന്നിയത് പറയുകയാണ്,’ പി.എം.എ. സലാം പറഞ്ഞു.

നേരത്തെ മുസ്‌ലിം സംഘടനാ നേതാക്കളും മറുനാടനെ പിന്തുണച്ച കോണ്‍ഗ്രസ് നിലപാട് ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. മറുനാടന്‍ മലയാളിയെ സാധാരണ മീഡിയകളുടെ കൂട്ടത്തില്‍ എണ്ണി നോര്‍മലൈസ് ചെയ്യുന്ന കോണ്‍ഗ്രസ് നിലപാട് പ്രതിഷേധാര്‍ഹമാണെന്നായിരുന്നു വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ് പറഞ്ഞിരുന്നത്.

മറുനാടന്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ബാക്ടീരിയയാണെന്നും സി.പി.ഐ.എം വിമര്‍ശനത്തിന്റെ പേരില്‍ മറുനാടന് നല്‍കുന്ന പിന്തുണ മതേതര ചേരിയെ തകര്‍ക്കുന്ന നിലപാടാണെന്നുമായിരുന്നു സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പരാമര്‍ശം.

കുന്നത്തുനാട് എം.എല്‍.എ പി.വി. ശ്രീനിജന്റെ പരാതിയിലുള്ള കേസില്‍ മറുനാടന്‍ മലയാളിയുടെ ഉടമ ഷാജന്‍ സ്‌കറിയ ഒളിവില്‍ പോയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മറുനാടന്റെ ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തിയതാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിവാദമാക്കിയത്.