മലപ്പുറം: വ്യായാമത്തിനും കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളെ ഒരു സംഘടനയും എതിര്‍ക്കില്ലെന്ന് അഖിലേന്ത്യ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെട്ടെന്ന് ഒരു പരിഷ്‌കാരം വരുമ്പോള്‍ അതിനെ കുറിച്ച് സംശയമുന്നയിച്ചാല്‍, അത് പരിഹരിച്ചാല്‍ മാത്രം മതിയെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംശയം തീര്‍ത്ത് കൊടുത്താല്‍ മതിയെന്നും സംശയം ഉന്നയിക്കുന്നവരുടെ മെക്കട്ട് കേറേണ്ടതില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വലിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അല്ലല്ലോ ഈ പരിഷ്‌കാരം വന്നത്? പെട്ടന്ന് ഉണ്ടായതുകൊണ്ട് തന്നെ സ്വാഭാവികമായും ചിലര്‍ക്ക് പരിഷ്‌കാരം സംബന്ധിച്ച് സംശയമുണ്ടായി. അവരോട് സംസാരിച്ച് വിഷയം വ്യക്തത വരുത്തിയാല്‍ മതി. അല്ലാതെ മുഖ്യധാരയില്‍ നില്‍ക്കുന്ന സംഘടനകള്‍ ഒരു സംശയമുന്നയിക്കുമ്പോഴേക്കും അവരെ തീവ്രവാദികളാക്കുന്ന നിലപാട് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ സൂംബ ക്ലാസുകള്‍ നടപ്പിലാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചവരുമായി ചര്‍ച്ച നടത്തുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി അറിയിച്ചതുകൊണ്ടാണ് ഇതുവരെ പരസ്യ പ്രസ്താവന നടത്താതിരുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ചില മത സംഘടനകളും ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. മുരളീധരനും രംഗത്തെത്തിയിരുന്നു.
എസ്.എം.എഫ് നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍, എസ്.വൈ.എസ് നേതാവ് നാസര്‍ ഫൈസി കൂടത്തായി, മുസ്‌ലിം സ്റ്റുഡന്‍സ് ഫെഡറേഷന്‍ നേതാവ് പി.കെ. നവാസ്, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ് തുടങ്ങി നിരവധി ആളുകളാണ് വിമര്‍ശനവുമായെത്തിയത്.
പിന്നാലെ സൂംബ നൃത്തം അല്പവസ്ത്രം ധരിച്ച് കൂടിക്കലര്‍ന്ന് ആടിപ്പാടുന്ന രീതിയാണെന്നും ധാര്‍മികതക്ക് ക്ഷതമേല്പിക്കുന്നതാണെന്നും തുടങ്ങിയ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. പൂര്‍ണ വസ്ത്രം ധരിച്ചുകൊണ്ട് നൃത്തം ചെയ്യാമെങ്കില്‍ എന്തിനാണ് അല്‍പ വസ്ത്രമെന്നും അല്പവസ്ത്രമാണോ പൂര്‍ണ വസ്ത്രമാണോ സൂംബ ഡാന്‍സിന് ഉപയോഗിക്കുകയെന്ന് തനിക്കറിയില്ലെന്നുമാണ് വി. മുരളീധരന്‍ പറഞ്ഞത്.