കോഴിക്കോട്: മൂന്ന് ദിവസം കൊണ്ട് 3000 മുസ്ലിങ്ങളെ വംശഹത്യ നടത്തിയതല്ലേ ആര്‍.എസ്.എസിന്റെ സന്നദ്ധസേവനമെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. രാഷ്ട്ര നിര്‍മാണത്തില്‍ ആര്‍.എസ്.എസ് പങ്കാളിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വതന്ത്രദിന പ്രസംഗത്തിനെ അടിസ്ഥാനമാക്കി റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രം പോലും ലോകത്തിന് മുമ്പില്‍ കാണിക്കാതിരിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പി. ജയരാജന്‍ പറഞ്ഞു. മോദി മുഖ്യമന്ത്രി ആയിരിക്കുന്ന സമയത്താണ് മൂന്ന് ദിവസംകൊണ്ട് ഗോധ്ര സംഭവത്തിന്റെ പേരില്‍ മൂവായിരം മുസ്ലിങ്ങളെ വംശഹത്യ നടത്തിയതെന്നും അതാണല്ലോ സന്നദ്ധസേവനമെന്നും അദ്ദേഹം വിമര്‍ശിച്ചു. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കെതിരെ നടന്നതും രാജ്യവ്യാപകമായി ന്യുനപക്ഷത്തിനെതിരെ നടക്കുന്നതുമാണോ സന്നദ്ധപ്രവര്‍ത്തണമെന്നും ജയരാജന്‍ ചോദിച്ചു. കാപട്യത്തിന്റെ മുഖമുദ്രയായിട്ടാണ് ആര്‍.എസ്.എസ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നും നുണ പ്രചരിപ്പിച്ച് അത് സത്യമാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്വാതന്ത്ര്യദിന സന്ദേശത്തിനിടെ ആര്‍.എസ്.എസിനെ പുകഴ്ത്തിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ആര്‍.എസ്.എസ് അംഗങ്ങള്‍ രാജ്യത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ചെന്നും 100 വര്‍ഷത്തെ ആര്‍.എസ്.എസ് സേവനത്തെ സല്യൂട്ട് ചെയ്യുന്നുവെന്നുമായിരുന്നു സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്.
ആദ്യമായാണ് ഒരു പ്രധാനമന്ത്രി സ്വാതന്ത്രദിന സന്ദേശത്തില്‍ ആര്‍.എസ്.എസിനെ പരാമര്‍ശിക്കുന്നത്. മോദിയുടെ പ്രസംഗം ലജ്ജാകരവും അസ്വീകാര്യവുമാണെന്ന് സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനമന്ത്രി രക്തസാക്ഷികളെ അപമാനിച്ചെന്നും നിരോധിക്കപ്പെട്ട ഒരു വിഭാഗീയ സംഘടനയെ മോദി പ്രോത്സാഹിപ്പിക്കുന്നുവെന്നും സി.പി.ഐ.എം വിമര്‍ശിച്ചു.