'പാനൂര്‍ സംഘര്‍ഷത്തെക്കുറിച്ചാണെങ്കില്‍ അങ്ങനെ ഒരു അഭിപ്രായത്തോട് യോജിപ്പില്ല'; മകന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി പി. ജയരാജന്‍
Kerala News
'പാനൂര്‍ സംഘര്‍ഷത്തെക്കുറിച്ചാണെങ്കില്‍ അങ്ങനെ ഒരു അഭിപ്രായത്തോട് യോജിപ്പില്ല'; മകന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി പി. ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th April 2021, 1:50 pm

കണ്ണൂര്‍: പാനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഫേസ്ബുക്കില്‍ മകന്‍ ജയിന്‍ രാജ് ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരണവുമായി സി.പി.ഐ.എം നേതാവ് പി. ജയരാജന്‍.

മകന്‍ ഏത് സാഹചര്യത്തിലാണ് അത്തരമൊരു പോസ്റ്റ് ഇട്ടതെന്ന് അറിയില്ല, പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടുകൊണ്ടാണെങ്കില്‍ അത്തരം ഒരു അഭിപ്രായ പ്രകടനത്തോട് യോജിക്കുന്നില്ല എന്നാണ് ജയരാജന്‍ പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

ദൗര്‍ഭാഗ്യകരമായ മരണം നടന്ന പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.

‘ഇരന്ന് വാങ്ങുന്നത് ശീലമായി പോയി’ എന്നായിരുന്നു പി. ജയരാജന്റെ മകന്‍ ജയിന്‍ രാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത് പാനൂരിലെ കൊലപാതകത്തെ ഉദ്ദേശിച്ചാണെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി പി ജയരാജന്‍ രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. ആക്രമണത്തില്‍ വെട്ടേറ്റാണ് മന്‍സൂര്‍ കൊല്ലപ്പെടുന്നത്. സഹോദരന്‍ മുഹ്സിന്‍ ഗുരുതര പരുക്കുകളുമായി കോഴിക്കോട് ചികിത്സയിലാണ്.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ കൂടിയായ മുഹ്സിന്‍ പറഞ്ഞിരുന്നു. കണ്ടാല്‍ അറിയുന്നവരാണ് ഇവരെന്നും മുഹ്സിന്‍ പറഞ്ഞു. മുഹ്സിനെയാണ് ആക്രമികള്‍ ലക്ഷ്യം വെച്ചിരുന്നതെന്നും, തന്നെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ വന്നതായിരുന്നു സഹോദരന് മന്‍സൂര്‍ എന്നും മുഹ്സിന്‍ പറഞ്ഞിരുന്നു.

പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇപ്പോള്‍ ചാനലുകളില്‍ എന്റെ മകന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് വാര്‍ത്തയായതായി കണ്ടു.ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല.
പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല.ദൗര്‍ഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: P Jayarajan comment on his son Jain Raj’s Facebook post