രാഷ്ട്രീയ വിമര്‍ശനം വളച്ചൊടിച്ചു; ലീഗ്-എസ്.ഡി.പി.ഐ വിമര്‍ശനം മുസ്‌ലിം സമുദായത്തെ വിമര്‍ശിക്കലാവില്ല: പി. ഹരീന്ദ്രന്‍
Kerala
രാഷ്ട്രീയ വിമര്‍ശനം വളച്ചൊടിച്ചു; ലീഗ്-എസ്.ഡി.പി.ഐ വിമര്‍ശനം മുസ്‌ലിം സമുദായത്തെ വിമര്‍ശിക്കലാവില്ല: പി. ഹരീന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd November 2025, 10:47 pm

കണ്ണൂര്‍: പാലത്തായി കേസുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രന്‍. രാഷ്ട്രീയ വിമര്‍ശനത്തെ വര്‍ഗീയമായി വളച്ചൊടിച്ചുവെന്നാണ് ഹരീന്ദ്രന്‍ നല്‍കുന്ന വിശദീകരണം.

ജമാഅത്തെ ഇസ്‌ലാമിയുടെ ക്യാപ്‌സ്യൂള്‍ മുസ്‌ലിം ലീഗ് ഏറ്റെടുക്കുകയായിരുന്നു. കാലങ്ങളായി ഇതാണ് നടക്കുന്നതെന്നും ഹരീന്ദ്രന്‍ പറഞ്ഞു. മുസ്‌ലിം ലീഗിനെയും എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുളള വര്‍ഗീയ സംഘടനകളെയും വിമര്‍ശിച്ചാല്‍ മുസ്‌ലിം സമുദായത്തെ വിമര്‍ശിക്കലാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അത് മുസ്‌ലിം സമുദായത്തിനെതിരായ ആക്ഷേപമെന്ന് വളച്ചൊടിക്കുന്ന ഏര്‍പ്പാട് നിര്‍ത്തണമെന്നും ഹരീന്ദ്രന്‍ പറഞ്ഞു. ബി.ജെ.പിയുമായി സി.പി.ഐ.എമ്മിനെ ബന്ധപ്പെടുത്തി ദുര്‍വ്യാഖ്യാനങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ വിലപോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എല്‍.ഡി.എഫ് അധികാരത്തില്‍ ഇല്ലായിരുന്നുവെങ്കില്‍ പാലത്തായി കേസ് എവിടെയും എത്തില്ലായിരുന്നു. എന്നാല്‍ പാലത്തായി കേസ് ലീഗും എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയും വര്‍ഗീയ താത്പര്യത്തോടെയാണ് കൈകാര്യം ചെയ്തത്. ഇതിനുമുമ്പും ഒരേ സമുദായത്തില്‍ നിന്നും ഇരയും വേട്ടക്കാരനും ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ശിക്ഷ ഉറപ്പാക്കാനല്ല, ഒതുക്കി തീര്‍ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിച്ചിരുന്നത്,’ പി. ഹരീന്ദ്രന്‍ പറയുന്നു.

പാലത്തായി കേസില്‍ പീഡിപ്പിച്ചയാള്‍ ഹിന്ദു ആയതിനാലാണ് എസ്.ഡി.പി.ഐ കേസില്‍ ഇടപെട്ടതെന്നായിരുന്നു ഹരീന്ദ്രന്റെ പരാമര്‍ശം. ഉസ്താദുമാര്‍ പീഡിപ്പിച്ച കേസില്‍ പ്രതിഷേധമോ മുദ്രാവാക്യമോ ഇല്ലെന്നും പാലത്തായി കേസില്‍ എസ്.ഡി.പി.ഐ സ്വീകരിച്ചത് സങ്കുചിത രാഷ്ട്രീയമാണെന്നുമാണ് പി. ഹരീന്ദ്രന്‍ പറഞ്ഞത്.

രണ്ടുദിവസം മുമ്പ് സി.പി.എമ്മിനെതിരെ എസ്.ഡി.പി.ഐ നടത്തിയ പൊതുയോഗത്തിനുള്ള മറുപടിയെന്നോണമായിരുന്നു ഹരീന്ദ്രന്റെ പരാമര്‍ശം.

‘കേരളത്തില്‍ ഉസ്താദുമാര്‍ പീഡിപ്പിച്ച എത്ര ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വാര്‍ത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഏത് ഉസ്താദ് പീഡിപ്പിച്ച കേസാണ് കേരളത്തില്‍ ഇത്രയും വിവാദമായിട്ടുള്ളത്. ആ കേസുകളില്‍ എന്ത് സംഭവിച്ചുവെന്ന് ഈ നാട് അന്വേഷിച്ചിട്ടുണ്ടോ? നിങ്ങളുടെ പ്രശ്നം പീഡിപ്പിക്കപ്പെട്ടുവെന്നതല്ല. പീഡിപ്പിച്ചത് ഹിന്ദുവാണ്, പീഡിപ്പിക്കപ്പെട്ടത് മുസ്‌ലിം പെണ്‍കുട്ടിയാണ് എന്നതാണ്. ആ ഒരൊറ്റ ചിന്ത മാത്രമാണ് എസ്.ഡി.പി.ഐക്കാരന്റേതും. അത് ലീഗിന്റെ ചിന്തയാണ്. അത് വര്‍ഗീയതയാണ്.

ഈ കേരളത്തില്‍ എത്ര ഉസ്താദുമാര്‍ എത്ര കുട്ടികളെ പീഡിപ്പിച്ചു. ആ കേസുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഇവരാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ഇതിന്റെ പേരില്‍ എന്തെങ്കിലും ആക്ഷന്‍ കമ്മിറ്റിയോ പ്രതിഷേധങ്ങളോ മുദ്രാവാക്യങ്ങളോ ഉണ്ടായിട്ടുണ്ടോ? ഇല്ലല്ലോ… നിങ്ങളുടേത് വര്‍ഗീയതാണ്. ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ അങ്ങനെയല്ല പ്രശ്നങ്ങളെ സമീപിക്കുന്നത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നുകൊണ്ട് ഉറച്ച നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് ഞങ്ങളുടേത്,’ എന്നായിരുന്നു പി. ഹരീന്ദ്രന്റെ പ്രസംഗം.

Content Highlight: P. Hareendran react his controversial statement in Palathayi case