ഇസ്രഈലി എംബസിക്കായി പരിപാടി; ബ്രിട്ടീഷ് മ്യൂസിയം മാപ്പ് പറയണമെന്ന് 200 ലധികം സാംസ്കാരിക പ്രവർത്തകർ
Israeli Attacks On Gaza
ഇസ്രഈലി എംബസിക്കായി പരിപാടി; ബ്രിട്ടീഷ് മ്യൂസിയം മാപ്പ് പറയണമെന്ന് 200 ലധികം സാംസ്കാരിക പ്രവർത്തകർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th July 2025, 6:56 am

ലണ്ടൻ: ഇസ്രഈൽ എംബസിക്കായി പരിപാടി നടത്തിയ ബ്രിട്ടീഷ് മ്യൂസിയത്തിന്റെ തീരുമാനത്തെ അപലപിച്ച് 200ലധികം സാംസ്‌കാരിക പ്രവർത്തകർ. വില്യം ഡാൽറിംപിൾ, പലോമ ഫെയ്ത്ത്, ജൂലിയറ്റ് സ്റ്റീവൻസൺ എന്നിവരുൾപ്പെടെ 200ലധികം ചരിത്രകാരന്മാരും കലാകാരന്മാരുമാണ് മ്യൂസിയത്തിനെതിരെ എത്തിയത്.

മ്യൂസിയത്തിന്റെ തീരുമാനത്തെ അപലപിച്ച സാംസ്‌കാരിക പ്രവർത്തകർ മ്യൂസിയം മാനേജ്മെന്റ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇസ്രഈൽ സ്വാതന്ത്ര്യദിനം അനുസ്മരിച്ചുകൊണ്ടുള്ള ഈ പരിപാടി മെയ് 15 ന് നടന്ന നഖ്ബയുടെ വാർഷികത്തോടനുബന്ധിച്ചാണ് നടന്നത്. 1948ൽ ഇസ്രഈൽ രാഷ്ട്രം സൃഷ്ടിക്കുന്നതിനായി 7,50,000 ഫലസ്തീനികളെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കിയ ദിവസമായിരുന്നു അത്.

പരിപാടിക്കെതിരെ രോഷം പ്രകടിപ്പിച്ച് എനർജി എംബാർഗോ ഫോർ ഫലസ്തീൻ (ഇ.ഇ.എഫ്‌.പി), ആർട്ടിസ്റ്റ്‌സ് ഫോർ ഫലസ്തീൻ, വൈറ്റ് കൈറ്റ് കളക്ടീവ് എന്നീ സംഘടനകൾ സംയുക്തമായി കത്തയക്കുകയും ചെയ്തു.

യു.കെയിലെ ഇസ്രഈലി അംബാസഡർ സി.പി ഹോട്ടോവെലി, യു.കെ പ്രതിരോധ സംഭരണ വ്യവസായ മന്ത്രി മരിയ ഈഗിൾ, റിഫോം യു.കെ നേതാവ് നിഗൽ ഫാരേജും ഹാസ്യനടൻ ജിമ്മി കാറും പരിപാടിയിൽ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്.

‘ഇസ്രഈൽ വംശഹത്യയും വർണവിവേചനവും നടത്തുന്നു. ഇസ്രഈലി പ്രതിനിധികളെയും അതിഥികളെയും ബ്രിട്ടീഷ് രാഷ്ട്രീയക്കാരെയും ഉൾപ്പെടുത്തി അവർ വർണവിവേചനം പരസ്യമായി ആഘോഷിക്കുന്നു,’ കത്തിൽ പറയുന്നു. മ്യൂസിയം മാപ്പ് പറയണമെന്നതിന് പുറമേ, പരിപാടി നടത്താൻ അംഗീകാരം നൽകിയതാരാണെന്ന് വെളിപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

മ്യൂസിയം നടത്തിയ ചടങ്ങിൽ അവിടെയുള്ള പല ജീവനക്കാരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അവിടെ നടക്കുന്നത് ഇതൊരു കോർപ്പറേറ്റ് ചടങ്ങ് മാത്രമെന്നും അന്നേ ദിവസം തങ്ങളോട് നേരത്തെ പോകാൻ അധികാരികൾ ആവശ്യപ്പെട്ടെന്നും ജീവനക്കാർ മിഡിൽ ഈസ്റ്റ് ഐയോട് പറഞ്ഞു. പല ജീവനക്കാർക്കും പരിപാടിയുടെ യഥാർത്ഥ സ്വഭാവം മനസിലായത് പിന്നീടാണ്.

സംഭവത്തിന് പിന്നാലെ ആശങ്ക അറിയിച്ചുകൊണ്ട് 250ലധികം ആളുകൾ ഒപ്പുവെച്ച രണ്ട് കത്തുകൾ തങ്ങൾ അയച്ചിരുന്നെന്നും എന്നാൽ അധികൃതർ അത് അവഗണിച്ചെന്നും ജീവനക്കാർ പറഞ്ഞു.

അതേസമയം മ്യൂസിയത്തിന് യു.കെ സർക്കാരിന്റെ വിദേശനയത്തിൽ നിന്ന് വ്യതിചലിക്കാനോ സർക്കാരിന്റെ നയം ദുർബലപ്പെടുത്താനോ കഴിയില്ലെന്ന് വാദിക്കുന്ന ഒരു മെമ്മോ മ്യൂസിയത്തിന്റെ ഡയറക്ടർ നിക്കോളാസ് കള്ളിനൻ ജീവനക്കാർക്കായി പുറത്തിറക്കി.

അതേസമയം സാംസ്‌കാരിക പ്രവർത്തകർ അയച്ച കത്തിൽ മ്യൂസിയവും ബ്രിട്ടീഷ് പെട്രോളിയവും (ബി.പി) തമ്മിലുള്ള 10 വർഷത്തെ 50 മില്യൺ പൗണ്ട് കരാറിനെ അപലപിച്ചു.

ഇസ്രഈലിന്റെ ഗസ യുദ്ധത്തിൽ ബി.പിയുടെ പങ്ക് കത്തിൽ അവർ എടുത്തുപറഞ്ഞു. ഇസ്രഈലിന്റെ എണ്ണ ഇറക്കുമതിയുടെ 30 ശതമാനവും ബി.പിയുടെ ബാക്കു-ത്ബ്ലിസി-സെഹാൻ എണ്ണ പൈപ്പ്‌ലൈനിലൂടെയാണ് നടക്കുന്നത്. ഇത് ഇസ്രഈലി ടാങ്കുകൾക്കും സൈനിക അടിസ്ഥാന സൗകര്യങ്ങൾക്കും ഇന്ധനമായി ഉപയോഗിക്കുന്നുണ്ടെന്ന് എനർജി എംബാർഗോ ഫോർ ഫലസ്തീൻ റിപ്പോർട്ട് വെളിപ്പെടുത്തി.

 

Content Highlight: Over 200 culture workers demand British Museum apologise for Israeli embassy event