ഇസ്രഈലിന്റെ പ്രസംഗം ബഹിഷ്‌കരിച്ച് രാജ്യപ്രതിനിധികള്‍ ഇറങ്ങിപ്പോയതോടെ സംഭവിച്ച നാണക്കേട് മറയ്ക്കാനായി ഇസ്രഈല്‍ പ്രതിനിധികള്‍ ഉള്‍പ്പടെയുള്ള നെതന്യാഹുവിനെ പിന്തുണയ്ക്കുന്നവര്‍ മിനിറ്റുകളോളം എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയും ചെയ്തു.
അതേസമയം, ഗസയിലെ വംശഹത്യയെ ഇസ്രഈലിന് നേരെയുള്ള തെറ്റായ ആരോപണം മാത്രമാണെന്ന് നെതന്യാഹു പ്രസംഗത്തിനിടെ പറഞ്ഞു. യു.എന്നിന്റെ സ്വതന്ത്ര അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞാണ് ഈ പ്രസ്താവന.
ഫലസ്തീന് രാഷ്ട്രം അനുവദിക്കില്ലെന്ന് നെതന്യാഹു യു.എന്നിലും ആവര്‍ത്തിച്ചു. ഫലസ്തീനികള്‍ക്ക് ജറുസലേമില്‍ നിന്ന് ഒരു മൈല്‍ അകലെ ഒരു രാഷ്ട്രം നല്‍കുന്നത്, സെപ്റ്റംബര്‍ 11ന് ശേഷം അല്‍-ഖ്വയ്ദയ്ക്ക് ന്യൂയോര്‍ക്കില്‍ നിന്ന് ഒരു മൈല്‍ അകലെ ഒരു രാഷ്ട്രം നല്‍കുന്നത് പോലെയാണെന്ന് നെതന്യാഹു പറഞ്ഞു.
ഇത് ഭ്രാന്തമായ ആശയമാണെന്നും ഇസ്രഈല്‍ ഒരിക്കലുമത് ചെയ്യില്ലെന്നും നെതന്യാഹു പറഞ്ഞപ്പോള്‍, ഈ പ്രസ്താവനയ്ക്ക് കയ്യടിച്ച് യു.എസ് പ്രതിനിധികള്‍ പിന്തുണ അറിയിക്കുന്നതും കാണാമായിരുന്നു.
ഹമാസിന്റെ ശക്തി കുറഞ്ഞെന്ന് പറഞ്ഞ നെതന്യാഹു, ഇപ്പോഴും അവര്‍ ഭീഷണി ഉയര്‍ത്തുകയാണെന്നും ആരോപിച്ചു. ഗസയിലെ ആക്രമണത്തെ സൂചിപ്പിച്ചുകൊണ്ട്, ഇതുവരെയൊന്നും ഇസ്രഈല്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങളെയും ഇസ്രഈല്‍ പ്രധാനമന്ത്രി വിമര്‍ശിച്ചു. നിങ്ങള്‍ ചെയ്യുന്നതൊട്ടും ശരിയല്ലെന്നും ജൂതര്‍ക്ക് എതിരായ നീക്കമാണെന്നുമാണ് നെതന്യാഹു കുറ്റപ്പെടുത്തിയത്.
യു.എന്‍ പൊതുസഭയില്‍ ഏറ്റവുമധികം പ്രസംഗങ്ങളില്‍ നിറഞ്ഞുനിന്നത് യുദ്ധത്തെ അപലപിക്കുന്നതും വെടിനിര്‍ത്തലുണ്ടാകണമെന്ന ആഹ്വാനവുമാണ്. എന്നാല്‍ ഇതെല്ലാം പൊള്ളയായ പ്രസ്താവനകളാണെന്ന് നെതന്യാഹു പറഞ്ഞു.
ഇസ്രഈല്‍ നടത്തുന്നത് ഇസ്രഈലിന്റെ പോരാട്ടമാണെന്ന് ഈ രാജ്യങ്ങള്‍ക്ക് അറിയാം. തങ്ങളെ പരസ്യമായി കുറ്റപ്പെടുത്തുന്ന രാജ്യങ്ങളില്‍ പലതും രഹസ്യമായി ഇസ്രഈലിനോട് നന്ദി പറയുന്നുണ്ടെന്നും നെതന്യാഹു അവകാശപ്പെട്ടു.
ഇസ്രഈലിന് തിരിച്ചുവരവിന് അവസരം നല്‍കിയ ഇസ്രഈല്‍ സേനയ്ക്ക് നെതന്യാഹു പ്രസംഗത്തില്‍ നന്ദിയും പറഞ്ഞു. മിഡില്‍ ഈസ്റ്റിനെ പുനര്‍നിര്‍മിക്കുമെന്ന് ഇസ്രഈലിന്റെ ആക്രമണങ്ങളെ ന്യായീകരിച്ചുകൊണ്ട് നെതന്യാഹു യു.എന്നില്‍ പറഞ്ഞു.
ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ട് ലെബനനില്‍ നടത്തിയ പേജര്‍ പൊട്ടിത്തെറിയില്‍ ഇസ്രഈല്‍ സൈന്യത്തെ നെതന്യാഹു അഭിനന്ദിച്ചു. എന്നാല്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് പരാമര്‍ശിച്ചില്ല.
ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല, ഉന്നത ഹമാസ് നേതാക്കള്‍, ഹൂത്തി നേതാക്കള്‍, ഇറാനിയന്‍ ശാസ്ത്രജ്ഞര്‍ തുടങ്ങിയവരെ ഇസ്രഈല്‍ കൊലപ്പെടുത്തിയെന്നും നെതന്യാഹു പറഞ്ഞു.
ജൂണില്‍ നടന്ന 12 ദിവസത്തെ യുദ്ധം ഇറാന്റെ സൈനികശേഷിയെ തകര്‍ത്തെന്നും ഇതിന് സഹായിച്ചത് യു.എസാണെന്നും വിശദീകരിച്ചു. അതേസമയം, നെതന്യാഹുവിന്റെ പ്രസംഗത്തിന് മുമ്പ് ഇറങ്ങിപ്പോയ പ്രതിനിധികള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സംസാരിക്കാനെത്തിയപ്പോള്‍ തിരികെ എത്തുകയും ചെയ്തു.
ഗസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ കരാറിലെത്താന്‍ ഹമാസ് ശ്രമിച്ചിരുന്നുവെന്നും ഒരു കരാറിലെത്തുന്നതിന് ഇസ്രഈല്‍ ഒരിക്കലും തടസം നിന്നിട്ടില്ലെന്നും കഴിഞ്ഞദിവസം നെതന്യാഹു പറഞ്ഞിരുന്നു.
Content Highlight: Over 100 delegates walk out after shouting at Netanyahu; Israel embarrassed at the United Nations