മലയാള സിനിമയുടെ തന്നെ വഴിത്തിരിവായി മാറുകയും അന്ന് വരെയുള്ള പ്രണയസങ്കല്പങ്ങളെ ഉടച്ചു വാർക്കുകയും ചെയ്ത സിനിമയാണ് ‘അനിയത്തിപ്രാവ്.’ കുഞ്ചാക്കോ ബോബന്റെയും ബാലതാരമായിരുന്ന ശാലിനി നായികയായിട്ടുള്ള അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകത കൂടെ സിനിമക്കുണ്ട്. സിനിമയോടൊപ്പം അതിലെ പാട്ടുകളും അന്ന് സൂപ്പർഹിറ്റായിരുന്നു. ഔസേപ്പച്ചനായിരുന്നു ചിത്രത്തിലെ പാട്ടുകൾക്ക് ഈണം നൽകിയ സംഗീത സംവിധായകൻ.

ഫാസിൽ-ഔസേപ്പച്ചൻ കൂട്ടുകെട്ടിലെ ആദ്യത്തെ ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ അന്ന് കുഞ്ചാക്കോ ബോബൻ-ശാലിനി എന്നിവരുടെ ഓൺ സ്‌ക്രീൻ കെമിസ്ട്രിയിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ‘ഒരു രാജമല്ലി വിടരുന്ന പോലെ’,’എന്നും നിന്നെ പൂജിക്കാം’ തുടങ്ങിയ സിനിമയിലെ പാട്ടുകൾക്ക് ഇന്നും വലിയ രീതിയിൽ ആരാധകരുണ്ട്.

സംവിധായകൻ ഫാസിലിന്റെ കൂടെ ആദ്യമായ് വർക്ക് ചെയ്തതിന്റെ അനുഭവങ്ങൾ ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പങ്ക് വയ്ക്കുകയായിരുന്നു ഔസേപ്പച്ചൻ.

അനിയത്തിപ്രാവിലെ രംഗം.Photo.Screen Grab/Youtube.com

‘ജോൺസണാണ് ഫാസിൽ സാറിനെ വിളിക്കാൻ പറഞ്ഞത്. കാണാൻ പോകുമ്പോൾ എന്തിനാണ് കാണണമെന്ന് പറഞ്ഞതെന്ന് എനിക്കറിയില്ലായിരുന്നു. അവിടെ സാറിന്റെ ഓഫീസിൽ ചെന്നപ്പോൾ സാർ ഒരു കഥ കേൾക്കാമെന്ന് പറഞ്ഞു. എന്നിട്ട് അനിയത്തിപ്രാവിന്റെ കഥ എന്നോട് പറഞ്ഞു. കഥ കേട്ട് കഴിഞ്ഞപ്പോൾ ഞാൻ നല്ലതാണെന്ന് പറയുകയും ചെയ്തു. ഇതിൽ കുറച്ച് പാട്ടുകളുണ്ട് ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചു.’ ഔസേപ്പച്ചൻ പറഞ്ഞു.

അന്ന് ഫാസിലിന്റെ സിനിമകളിലെ പാട്ടുകൾ കേട്ട് താനൊരുപാട് സെന്റിമെന്റലാവാറുണ്ടായിരുന്നെന്നും ഔസേപ്പച്ചൻ പറഞ്ഞു. അദ്ദേഹം നല്ല സ്റ്റൈലിഷ് ആയിട്ടുള്ള പാട്ടുകൾ വേണമെന്നാണ് പറഞ്ഞതെന്നും താനപ്പോൾ തന്നെ ഓക്കേ പറഞ്ഞെന്നും ഔസേപ്പച്ചൻ കൂട്ടിച്ചേർത്തു. ആ സമയത്താണ് ഗോപി സുന്ദർ തന്റെ കൂടെ ആദ്യമായ് ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കുഞ്ചാക്കോ ബോബൻ.ശാലിനി.Photo.Screen Grab/IMDb

‘അവന്റെ അച്ഛൻ പറഞ്ഞിട്ടായിരുന്നു എന്റെ കൂടെ വന്നത്. അവനന്ന് 18 വയസ്സേയുണ്ടായിരുന്നുള്ളു. ഞങ്ങൾ വണ്ടി കേറുന്നതിനു മുമ്പ് അവനെ വീട്ടിലേക്ക് വിളിച്ചിട്ട് ഞങ്ങൾ ഒരു ട്യൂൺ കംപോസ് ചെയ്തു, അതാണ് ‘ഒരു രാജമല്ലി വിടരുന്ന പോലെ’. പിന്നെ അവിടെ പോയി സാറിനെ ട്യൂൺ കേൾപ്പിച്ചപ്പോൾ അത് മതിയെന്ന് പറഞ്ഞു. പിന്നെയാണ് ‘എന്നും നിന്നെ പൂജിക്കാം’ ചെയ്യുന്നത്.

പിന്നീട് സിനിമയിലെ മെയിനായിട്ടുള്ള ഒരു സെന്റിമെന്റലായ മെലഡി പാട്ടുണ്ടാക്കി. പക്ഷേ ഫാസിൽ സാറിനത് നല്ലോണം ഓകെയായില്ല. പിന്നീട് രണ്ടാഴ്ചക്ക് ശേഷം സാർ ചെന്നൈയിലേക്ക് വരുകയും കഷ്ടപെട്ടുണ്ടാക്കിയ ആ മെലഡി പാട്ട് ഒഴിവാക്കുകയും ചെയ്തു. പകരം വേറെ പാട്ട് വേണമെന്നും പറഞ്ഞു. ഒരു പേപ്പറിൽ ‘ഓ പ്രിയേ’ന്റെ വരികൾ തന്നിട്ട് ട്യൂണിടാൻ പറഞ്ഞു. ഞാനത് വായിച്ചപ്പോൾ തന്നെ ട്യൂണോട് കൂടെയാണ് പാടിയത്. അപ്പോൾ തന്നെ പാട്ട് ഫിക്‌സായെന്ന് അദ്ദേഹം പറഞ്ഞു. അന്ന് സിനിമയിലെ അഞ്ചു പാട്ടുകളിൽ ഏറ്റവും ഹിറ്റായ പാട്ട് ‘ഓ പ്രിയേ’ ആയിരുന്നു.’ ഔസേപ്പച്ചൻ പറഞ്ഞു.

Content Highlight: Ouseppachan said that among the five songs in the movie back then, that particular song was the biggest hit