ന്യൂദല്‍ഹി : ഇന്‍ഡിഗോ പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ഗാന്ധി. കുത്തകകളെ പ്രോത്സാഹിപ്പിച്ചതിന് വിലനല്‍കേണ്ടി വരുന്നത് സാധാരണക്കാരായ ജനങ്ങളാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കുത്തകകളെ ആധിപത്യം സ്ഥാപിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് പകരം എല്ലാ മേഖലകളിലും ന്യായമായ മത്സരങ്ങള്‍ അനിവാര്യമാണെന്നും രാഹുല്‍ഗാന്ധി എക്‌സില്‍ കുറിച്ചു.
രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളില്‍ വലിയ തടസ്സമാണ് ഇന്‍ഡിഗോ നേരിടുന്നത്. ഇത് വ്യാപകമായ വിമാനം റദ്ദാക്കലിന് കാരണമായിട്ടുണ്ട് പതിനായിരത്തോളം യാത്രക്കാരെയാണ് ഈയൊരു നടപടി ബാധിച്ചിരിക്കുന്നത്.
വിഷയത്തില്‍ കേന്ദ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവിനോട് വിശദീകരണം ആവശ്യപ്പെട്ട് ശിവസേന എം.പി. പ്രിയങ്ക ചതുര്‍വേദി രാജ്യസഭയില്‍ നോട്ടീസ് സമര്‍പ്പിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുള്ള പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതില്‍ ഇന്‍ഡിഗോയ്ക്ക് വന്ന തടസമാണ് നിലവിലെ ഈ പ്രതിസന്ധിയ്ക്ക് കാരണം. പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച പുതിയ ചട്ടങ്ങളും , ജിവനക്കാരുടെ കുറവും ഇന്‍ഡിഗോയെ ബാധിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇന്നലെ രണ്ട് തവണ ഇന്‍ഡിഗോ ക്ഷമാപണം നടത്തിയിരുന്നു .
ജീവനക്കാരെ നിയമിക്കുന്നത് അടക്കമുള്ള നടപടികള്‍ക്ക് സമയം എടുക്കുമെന്നും യാത്രക്കാര്‍ക്ക് നല്‍കിയ വാക്കു പാലിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും ഇന്‍ഡിഗോ സി.ഇ.ഒ പീറ്റര്‍ എല്‍ബേഴ്‌സ് പറഞ്ഞു. സര്‍വ്വീസുകള്‍ റദ്ദാക്കുന്നത് വെള്ളിയാഴ്ചയും തുടരേണ്ടി വരും എന്ന് കമ്പനി അറിയിച്ചു.
മുഴുവന്‍ തടസ്സങ്ങളും പരിഹരിക്കുന്നതിനായി ഫെബ്രുവരി 10 വരെ സമയം നീട്ടി ചോദിച്ചിരിക്കുകയാണ് ഇന്‍ഡിഗോ.