സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; കനത്തമഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്
Kerala
സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; കനത്തമഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd September 2025, 2:54 pm

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചു. നേരത്തെ ഈ ആറ് ജില്ലകളിലും മഞ്ഞ അലേര്‍ട്ടായിരുന്നു.
നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.ലി മുതല്‍ 204.4 മി.ലി വരെ മഴ ലഭിക്കുമെന്നാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ കനത്തമഴ തുടരുകയാണ്. ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ നദികളിലെ ജലനിരപ്പിനേയും ബാധിച്ചിട്ടുണ്ട്. കൊട്ടിയൂരിലെ ബാവലി പുഴയില്‍ ശക്തമായ കുത്തൊഴുക്കിനൊപ്പം ജലനിരപ്പ് ഉയര്‍ന്നിട്ടുമുണ്ട്.

കര്‍ണാടക വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയതും ആറളം വനമേഖലയില്‍ പെയ്ത ശക്തമായ മഴയുമാണ് പുഴയിലെ ജലനിരപ്പിനെ ഉയര്‍ത്തിയത്.

നദീതീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

latest weather updates in kerala, Orange alert in four districts on Sunday

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നാണ് പ്രവചനം.

കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Content  Highlight: Orange alert in three districts of  Kerala; fishing banned