ഹിന്ദുക്കളോട് ആയുധം മൂര്‍ച്ച കൂട്ടാന്‍ പറയുന്ന പ്രഗ്യാ സിങ്; കൈ മലര്‍ത്തി നില്‍ക്കുന്ന കര്‍ണാടക പൊലീസ് | D Nation
ഡൂള്‍ന്യൂസ് ഡെസ്‌ക്

തീവ്ര ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവും ബി.ജെ.പി എം.പിയുമായ പ്രഗ്യാ സിങ് ഠാക്കൂറിന്റെ സാമുദായിക വിദ്വേഷം ജനിപ്പിക്കുന്നതും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതുമായി ഒരു പ്രസ്താവനക്കെതിരെ വിവിധ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.

മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പിയായ പ്രഗ്യാ സിങ്ങിന്റെ പരാമര്‍ശം വരുന്നത് ഇങ്ങനെയാണ് ‘ഹിന്ദുക്കളേ നിങ്ങളുടെ വീട്ടിലെ ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടി സൂക്ഷിക്കുക, ഏത് സാഹചര്യത്തിലാണ് ആവശ്യം വരികയെന്ന് പറയാനാവില്ല.

ആരെങ്കിലും നമ്മുടെ വീട്ടില്‍ നുഴഞ്ഞുകയറിയാല്‍, തക്കതായ മറുപടി നല്‍കുക എന്നുള്ളത് നമ്മുടെ അവകാശമാണ്’ എന്നായിരുന്നു പ്രഗ്യാ സിങ് ഒരു പ്രസംഗത്തില്‍ പറഞ്ഞത്. കര്‍ണാടകയിലെ ശിവമോഗയില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ഈ വിവാദ പരാമര്‍ശം.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയറാം രമേശ്, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി നിരവധി നേതാക്കള്‍ പ്രഗ്യാ സിങ്ങിനെതിരെ പ്രതികരിക്കുന്നുണ്ട്.

ആക്രമണത്തെയും കൊലപാതകത്തെയും പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ കലാപാഹ്വാനം നടത്തിയ ബി.ജെ.പി എം.പി പ്രഗ്യാ സിങ് ഠാക്കൂറിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് ജയറാം രമേശ് പറഞ്ഞത്.

പ്രഗ്യാ സിങ് നടത്തിയ പരാമര്‍ശം വിദ്വേഷ പ്രസംഗത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്നും ഇവര്‍ക്കെതിരെ കര്‍ണാടക പൊലീസ് നടപടിയെടുക്കാത്ത സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതെന്നും പി.ടി.ഐക്ക് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം വ്യക്തമാക്കി.

കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലിരിക്കുന്നതിനാല്‍ ലോക്കല്‍ പൊലീസ് ഒരിക്കലും ഇവര്‍ക്കെതിരെ നടപടിയെടുക്കില്ല. പ്രഗ്യാ സിങ് ഠാക്കൂറിന്റെ പരാമര്‍ശങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്, എന്നും ജയറാം രമേശ് പറഞ്ഞു.

പ്രഗ്യാ സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ കഴിഞ്ഞ ദിവസം സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. ബി.ജെ,.പി നേതാവിന്റെ പ്രസംഗം തികച്ചും നിന്ദ്യവും അസ്വീകാര്യവുമാണെന്നും കൊലപാതകത്തിന് വേണ്ടിയുള്ള പ്രകോപനപരമായ ആഹ്വാനങ്ങള്‍ തികഞ്ഞ ധാര്‍ഷ്ഠ്യത്തോടെ നടത്തുന്നത് ഒരു ഭരണകക്ഷി എം.പിയാണെന്നത് ആശ്ചര്യകരമാണെന്നും യെച്ചൂരി പറഞ്ഞു.

അദ്ദേഹം പറഞ്ഞതിങ്ങനെയാണ്, ‘ജീവനും നിയമവാഴ്ചയും സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ഇത്തരം കൊലവിളികള്‍ അനുവദിക്കരുത്. വിദ്വേഷം സംരക്ഷിക്കപ്പെടുകയും പൂര്‍ണ സ്വാതന്ത്ര്യത്തോടുകൂടി വ്യാപിക്കുകയും ചെയ്യുമ്പോള്‍ നിരപരാധികള്‍ ജയിലുകളില്‍ നരകിക്കുന്നു,’

തങ്ങളെയും തങ്ങളുടെ അന്തസിനെയും ആക്രമിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു പ്രഗ്യാ സിങ് പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.

എല്ലാവര്‍ക്കും സ്വയം സംരക്ഷിക്കാന്‍ അവകാശമുണ്ടെന്നും അതുകൊണ്ട് ഹിന്ദുക്കള്‍ കുറഞ്ഞത് അവരുടെ വീടുകളിലെ കത്തികള്‍ മൂര്‍ച്ചകൂട്ടി സൂക്ഷിക്കണമെന്നും ശിവമോഗയില്‍ വെച്ച് നടന്ന ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവെ ബി.ജെ.പി എം.പി ആഹ്വാനം ചെയ്തിരുന്നു.

അവരുടെ വാക്കുകള്‍ ഇങ്ങനെയാണ്, ”നിങ്ങളുടെ വീടുകളിലുള്ള ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടി സൂക്ഷിക്കുക, ഒന്നുമില്ലെങ്കിലും, പച്ചക്കറികള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തികളെങ്കിലും. എപ്പോള്‍ എന്ത് സാഹചര്യത്തിലാണ് ആവശ്യം വരികയെന്ന് പറയാനാവില്ല.

സ്വയം സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട്ടില്‍ നുഴഞ്ഞുകയറി നമ്മളെ ആക്രമിക്കുകയാണെങ്കില്‍, തക്കതായ മറുപടി നല്‍കുക എന്നുള്ളത് നമ്മുടെ അവകാശമാണ്”.

ഇതിന് പുറമെ മുസ്ലിങ്ങള്‍ക്ക് ലവ് ജിഹാദിന്റെ പാരമ്പര്യമാണുള്ളതെന്നും പ്രഗ്യാ സിങ് തന്റെ പ്രസംഗത്തില്‍ പറയുകയുണ്ടായി.

”ലവ് ജിഹാദ്. അവര്‍ക്ക് ജിഹാദിന്റെ പാരമ്പര്യമാണുള്ളത്. ഒന്നുമില്ലെങ്കിലും അവര്‍ ലവ് ജിഹാദ് ചെയ്യുന്നു. ശരിക്കും പ്രണയിക്കുന്നുണ്ടെങ്കില്‍ പോലും അവരതില്‍ ജിഹാദ് ചെയ്യുന്നു.

ഞങ്ങള്‍ ഹിന്ദുക്കളും പ്രണയിക്കുന്നുണ്ട്, ദൈവത്തെ സ്‌നേഹിക്കുന്നു, ഒരു സന്യാസി തന്റെ ദൈവത്തെ സ്‌നേഹിക്കുന്നു,” പ്രഗ്യാ സിങ് കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല കുട്ടികളെ മിഷണറി സ്ഥാപനങ്ങളില്‍ വിട്ട് പഠിപ്പിക്കരുതെന്നും പ്രസംഗത്തില്‍ ഇവര്‍ മാതാപിതാക്കളോട് ആഹ്വാനം ചെയ്യുന്നുണ്ട്.
വീട്ടില്‍ പൂജകള്‍ നടത്തുകയും ധര്‍മത്തെ കുറിച്ച് വായിക്കുകയും അത് കുട്ടികള്‍ക്ക് മനസിലാക്കിക്കൊടുക്കുകയും അതുവഴി അവര്‍ക്ക് സംസ്‌കാരത്തെയും മൂല്യങ്ങളെയും പരിചയപ്പെടുത്തുകയുമാണ് വിദ്യാഭ്യാസത്തില്‍ ചെയ്യേണ്ടതെന്നാണ് ബി.ജെ.പി എം.പിയുടെ അഭിപ്രായം.

നേരത്തെ പ്രവാചക നിന്ദയില്‍ ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്ന പ്രഗ്യാ സിങ്, പൊതുസ്ഥലം ഹിന്ദു സമാജ് ആണെന്നും അവിടെ മുസ്ലിം സ്ത്രീകള്‍ ഹിജാബ് ധരിക്കേണ്ട ആവശ്യമില്ലെന്നും ഒരു വിവാദ പ്രസ്താവന നടത്തിയിരുന്നു.

എന്തായാലും ബി.ജെ.പി നേതാവിന്റെ പുതിയ പ്രസംഗത്തിലെ വിവിധ പരാമര്‍ശങ്ങള്‍ക്കെതിരെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളും അവരുടെ നേതാക്കളും രംഗത്തെത്തുമ്പോഴും കര്‍ണാടക സര്‍ക്കാരോ പൊലീസോ ഇതുവരെ ഇതില്‍ പ്രതികരിക്കുകയോ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

Content Highlight: Opposition leaders reacts to BJP MP Pragya Singh Thakur’s comment, but Karnataka police don’t take any action