ഊ അണ്ടവാ... പാടി ബാലാമണി; ഈ വീഡിയോ എല്ലാവരും കാണണമെന്ന് ഗ്രേസ് ആന്റണി
Entertainment
ഊ അണ്ടവാ... പാടി ബാലാമണി; ഈ വീഡിയോ എല്ലാവരും കാണണമെന്ന് ഗ്രേസ് ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 23rd January 2022, 4:00 pm

അല്ലു അര്‍ജുന്‍ നായകനായെത്തിയ സുകുമാര്‍ ചിത്രം പുഷ്പയിലെ ഏറ്റവും ഹിറ്റായ പാട്ടുകളിലൊന്നായിരുന്നു ഊ അണ്ടവാ. ചന്ദ്രബോസ് എഴുതി, ദേവിശ്രീ പ്രസാദ് സംഗീതം നല്‍കിയ ഊ അണ്ടവാ പാടിയിരിക്കുന്നത് ഇന്ദ്രാവതി ചൗഹാനാണ്.

സാമന്ത ഡാന്‍സ് ചെയ്ത ഈ ഗാനം ചില വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. എന്തായാലും പാട്ടിന് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ട്. യൂട്യൂബിന്റെ മ്യൂസിക് വിഭാഗത്തില്‍ ട്രെന്റിങ്ങില്‍ ഇപ്പോഴും ഒന്നാമത് ഈ പാട്ടാണ്.

എന്നാലിപ്പോള്‍ ഊ അണ്ടവായുടെ ഒരു ട്രോള്‍ വീഡിയോയാണ് സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലെ രംഗങ്ങളും ഊ അണ്ടവാ എന്ന പാട്ടും ചേര്‍ത്ത വീഡിയോയാണിത്.

നന്ദനത്തിലെ ‘കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍’ ‘മനസില്‍ വിതുല മഴ’ എന്നീ പാട്ടുകളിലെ രംഗങ്ങള്‍ ചേര്‍ത്തുവെച്ചുകൊണ്ടാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്ന ഈ വീഡിയോ നടി ഗ്രേസ് ആന്റണിയും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

ഒരു കിടിലന്‍ ഞായറാഴ്ച ആശംസിച്ചുകൊണ്ടാണ് ഗ്രേസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തീര്‍ച്ചയായും വീഡിയോ എല്ലാവരും കാണണമെന്നും ഗ്രേസ് പറയുന്നുണ്ട്.

അഷ്‌കര്‍ ഖാന്‍ എന്ന പ്രൊഫൈലില്‍ നിന്നും വന്നിരിക്കുന്ന ഊ.. അണ്ടവായുടെ ബാലാമണി വേര്‍ഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗ്രേസ് ആന്റണിയുടെ പോസ്റ്റിന് താഴെ പൊട്ടിച്ചിരിക്കുന്ന സ്‌മൈലികളുമായി നടിമാരായ സംയുക്ത മേനോനും ചിന്നു ചാന്ദ്‌നിയുമൊക്കെ എത്തിയിട്ടുണ്ട്.

വീഡിയോയുടേത് കിറുകൃത്യം എഡിറ്റിങ്ങാണെന്നാണ് എല്ലാവരും ഒരുപോലെ പറയുന്ന കമന്റ്. എന്തായാലും നന്നായി ചിരിക്കാന്‍ പറ്റിയെന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്. അതേസമയം ഇത്തരം വീഡിയോകളെ പ്രോത്സാഹിപ്പിക്കരുതെന്ന് പറഞ്ഞും ചിലരെത്തുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Oo Antava..Oo Oo Antava song funny video starring Balamani from Nandhanam| shares Grace Antony