ഓണ്‍ലൈന്‍ പഠനം; രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടത്; മാര്‍ഗരേഖയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
Kerala
ഓണ്‍ലൈന്‍ പഠനം; രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടത്; മാര്‍ഗരേഖയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st June 2020, 12:56 pm

ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് സ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുകയാണ്. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരു പുതിയ അനുഭവമാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍. അതുകൊണ്ട് തന്നെ ആശങ്കകളും സംശയങ്ങളും അനവധിയാണ്.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുള്ള ചില നിര്‍ദേശങ്ങള്‍ സംബന്ധിച്ചും വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ പഠനം പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചും കോഴിക്കോട് ജില്ല പൊതുവിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുകയാണ്. ഇതില്‍ രക്ഷിതാക്കള്‍ക്കുള്ള നിര്‍ദേശമാണ് ചുവടെ പറയുന്നത്.

ജൂണ്‍ ഒന്നുമുതല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠഭാഗങ്ങള്‍ പഠിപ്പിക്കുകയും ഹോം വര്‍ക്കുകള്‍ നല്‍കുകയും ചെയ്യും. വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയായിരിക്കും കുട്ടികള്‍ക്കുള്ള വര്‍ക്കുകള്‍ നല്‍കുന്നതും കുട്ടിയുടെ ഉത്തരങ്ങള്‍ സ്വീകരിക്കുന്നതും. പുതിയ അധ്യയന വര്‍ഷം കുട്ടി പഠിക്കേണ്ട പാഠഭാഗത്തിലെ പ്രവര്‍ത്തനങ്ങളായിരിക്കും ഗ്രൂപ്പിലൂടെ ലഭിക്കുന്നത്.

ഓരോ ദിവസവും ഓരോ വിഷയത്തില്‍ വര്‍ക്കുകള്‍ ഉണ്ടായിരിക്കും. കുട്ടിക്ക് കുറച്ചു സമയം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന വര്‍ക്കുകളേ ഉണ്ടാവുകയുള്ളൂ. സൗകര്യപ്രദമായ സമയത്ത് ഇത് ചെയ്തു തീര്‍ത്താല്‍ മതി. അന്നന്ന് പൂര്‍ത്തിയാക്കി വര്‍ക്കുകള്‍ പുസ്തകത്തില്‍ എഴുതി അയക്കാന്‍ രക്ഷിതാക്കള്‍ നിര്‍ദേശിക്കണം. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ മത്രമേ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാവൂ.

കുട്ടിയെ രക്ഷിതാക്കള്‍ക്ക് പഠനത്തില്‍ സഹായിക്കാം. പക്ഷേ കുട്ടി ചെയ്യേണ്ട പ്രവര്‍ത്തനം ഏറ്റെടുക്കരുത്. കുട്ടിക്ക് പകരം മറ്റാരെങ്കിലും വര്‍ക്കുകള്‍ ചെയ്ത് അയക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.

ആവശ്യമായ നോട്ട്പുസ്തകങ്ങള്‍ കുട്ടിക്ക് നല്‍കണം. ടെക്സ്റ്റ് പുസ്തകങ്ങള്‍ സ്‌കൂളില്‍ നിന്ന് ലഭിക്കും. അതുവരെ തത്ക്കാലം പഴയ പുസ്തകങ്ങള്‍ ലഭിക്കുമെങ്കില്‍ ഉപയോഗിക്കാം.

വീട്ടില്‍ കൂടുതല്‍ സമയം ഉണ്ടാകുന്ന സ്മാര്‍ട്‌ഫോണ്‍ നമ്പറാണ് ക്ലാസ് അധ്യാപകന് നല്‍കേണ്ടത്. കുട്ടി ഫോണ്‍ ദുര്‍വിനിയോഗം ചെയ്യാതെ ശ്രദ്ധിക്കണം. വീട്ടില്‍ സ്മാര്‍ട്‌ഫോണ്‍ അല്ലെങ്കില്‍ നെറ്റ് ലഭ്യമല്ലെങ്കില്‍ തൊട്ടടുത്ത് അതേ സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്ന കുട്ടിയുടെ സഹായം ലഭിക്കുമോ എന്ന് നോക്കണം. അങ്ങനെ ചെയ്യുമ്പോള്‍ മാസ്‌ക്, സാമൂഹിക അകലം തുടങ്ങി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം.
ഇത്തരം സാധ്യതകള്‍ ഇല്ലെങ്കില്‍ അധ്യാപകര്‍ ഫോണ്‍ വഴി നേരിട്ട് വര്‍ക്കുകള്‍ നല്‍കാം.

വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്‌സ് ചാനല്‍ വഴി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കണം. ഈ നിര്‍ദേശങ്ങളും ക്ലാസുകളും വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി അധ്യാപകര്‍ അറിയിക്കുകയും ചെയ്യും.

എന്നും രാവിലെ വര്‍ക്കുകള്‍ ലഭിക്കും. കഴിയുന്നതും നേരത്തേയോ വൈകുന്നേരത്തിന് മുന്‍പായോ ചെയ്ത് അയക്കാന്‍ നിര്‍ദേശിക്കണം. രാത്രി കൂടുതല്‍ സമയം ഫോണ്‍ ഉപയോഗിക്കേണ്ടതില്ല.

എന്തെങ്കിലും അവ്യക്തതകളോ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ക്ലാസ് അധ്യാപകനെ നേരിട്ട് വിളിക്കാം. ഓരോ ദിവസവും കുട്ടിയുടെ വര്‍ക്കുകള്‍ വിലയിരുത്തി രേഖപ്പെടുത്തലുകള്‍ സ്‌കൂളില്‍ സൂക്ഷിക്കും. കുട്ടിക്ക് ഹാജര്‍ രേഖപ്പെടുത്തും. ഈ നിര്‍ദേശങ്ങളെല്ലാം കുട്ടിയെ അറിയിക്കുക. എല്ലാ തീരുമാനങ്ങളും സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചുള്ള മാറ്റത്തിന് വിധേയമായിരിക്കും.

ഇനി അധ്യാപകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഇവയാണ്.

വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയായിരിക്കും അധ്യാപകര്‍ കുട്ടികള്‍ക്കുള്ള വര്‍ക്കുകള്‍ നല്‍കുന്നതും ഫീഡ്ബാക്ക് സ്വീകരിക്കുന്നതും.

10 am മുതല്‍ 4pm വരെ കുട്ടിക്ക് ഫോണ്‍ ലഭ്യമാവും എന്ന് ഉറപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ വര്‍ക്കുകള്‍ രാവിലെ നല്‍കുകയും കുട്ടിയുടെ ഉത്തരങ്ങള്‍ അറിയിക്കുന്നതിന് ബാക്കി ദിവസം മുഴുവന്‍ സമയം നല്‍കുകയും വേണം.

ഒരു ദിവസം ഒരു വിഷയത്തിലെ ഒന്നോ രണ്ടോ വര്‍ക്കുകള്‍ മാത്രമേ നല്‍കാവൂ. ഇതിനുള്ള ടൈം ടേബിള്‍ തയ്യാറാക്കി നല്‍കണം.

നല്‍കുന്ന വര്‍ക്കുകള്‍ എല്ലാം പാഠഭാഗം അടിസ്ഥാനമാക്കിയുള്ളതാവണം. ഭാഷയിലും മലയാളം അടിസ്ഥാന പാഠാവലിയിലും ഒരേ ദിവസം ഓരോ വര്‍ക്കുകള്‍ ആയിരിക്കും.

അധിക വര്‍ക്കുകളോ വീട്ടിലും പരിസരത്തുമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത വര്‍ക്കുകളോ നല്‍കരുത്. എല്ലാ പ്രവര്‍ത്തനത്തിലും കുട്ടിയുടെ പഠന താത്പര്യം പരിഗണിക്കണം.

അപകട സാധ്യതയുള്ള വര്‍ക്കുകള്‍ നല്‍കരുത്. നല്‍കുന്ന വര്‍ക്കുകള്‍ വിഷയഗ്രൂപ്പുകളില്‍ തീരുമാനിക്കണം. ഒരു സ്റ്റാന്‍ഡേര്‍ഡിലെ എല്ലാ ഡിവിഷനുകളിലും ഒരു വിഷയത്തില്‍ ഒരേ പ്രവര്‍ത്തനാമായിരിക്കണം നല്‍കേണ്ടത്.

ക്ലാസ് വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ക്ക് പുറമേ ഓരോ സ്റ്റാന്‍ഡേര്‍ഡിലും മലയാളം, അറബി, ഉറുദ്, സംസ്‌കൃതം വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ അതത് അധ്യാപകര്‍ ഉണ്ടാക്കണം. ടൈം ടേബിള്‍ അനുസരിച്ച് ഭാഷാ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നത് ഈ ഗ്രൂപ്പുകളിലൂടെയായിരിക്കും.

വര്‍ക്കുകള്‍ നല്‍കുന്നതിന് ഓഡിയോ, വീഡിയോ ക്ലിപ്പുകള്‍, ടീച്ചറുടെ വീഡിയോ നിര്‍ദേശങ്ങള്‍, ക്ലാസുകള്‍, സ്ലൈഡുകള്‍, കുറിപ്പുകള്‍ തുടങ്ങി പല സങ്കേതങ്ങളും ഉപയോഗിക്കാം.

പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാത്ത കുട്ടികളേയും പ്രത്യേക പഠന പിന്തുണ നല്‍കേണ്ട കുട്ടികളേയും നേരിട്ട് വിളിച്ച് ആവശ്യമായ പിന്തുണ നല്‍കണം. കുട്ടികളും ഹാജരും വിലയിരുത്തലും രേഖപ്പെടുത്തണം.

പഠനത്തെളിവുകള്‍ പെന്‍ഡ്രൈവിലോ മറ്റോ ഫോള്‍ഡറുകളിലായി സൂക്ഷിക്കണം. ഓരോ വര്‍ക്കുകള്‍ കഴിയുമ്പോഴും ടീച്ചേഴ്‌സ് വേര്‍ഷന്‍ ഗ്രൂപ്പില്‍ നല്‍കി ആവശ്യമെങ്കില്‍ വേണ്ട തിരുത്തലുകള്‍ വരുത്താന്‍ കുട്ടിക്ക് നിര്‍ദേശം നല്‍കണം.

KITE/ VICTERS വഴി ലഭിക്കുന്ന ക്ലാസ്സുകള്‍ കുട്ടികള്‍ കാണുന്ന എന്ന് ഉറപ്പുവരുത്തുകയും അതത് വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുകയും വേണം.

ഒരു വര്‍ക്കുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ അന്ന് തന്നെ പോസ്റ്റ് ചെയ്യാന്‍ കുട്ടികളെ പ്രേരിപ്പിക്കണം. പിന്നീടായാല്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വരും. കുട്ടികളെ വിളിക്കുന്നതും ഗ്രൂപ്പില്‍ ചര്‍ച്ച നടക്കുന്നതും പകല്‍ 10 നും 5 നും ഇടയില്‍ മാത്രമായിരിക്കണം.

വിഷയങ്ങള്‍ എടുക്കുന്ന അധ്യാപകര്‍ക്ക് പ്രശ്‌നങ്ങള്‍ ക്ലാസ് അധ്യാപകരുടെ സഹായത്തോടെ പരിഹാരം തേടാം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക