പൊതു മേഖലയെ തള്ളിപ്പറയുന്ന പെൻഷൻ വിപ്ലവം, കുത്തകകളെ സഹായിക്കാനുള്ള ജനവഞ്ചന
Opinion
പൊതു മേഖലയെ തള്ളിപ്പറയുന്ന പെൻഷൻ വിപ്ലവം, കുത്തകകളെ സഹായിക്കാനുള്ള ജനവഞ്ചന
സാജിദ ഷജീര്‍
Saturday, 20th June 2020, 12:59 pm

‘രാജ്യത്തുള്ള അറുപത് കഴിഞ്ഞ മുഴുവൻ പൗരന്മാർക്കും പതിനായിരം രൂപ പെൻഷൻ ലഭിക്കണം. സർക്കാർ സ്ഥാപനത്തിൽ നിന്ന് വിരമിച്ചവരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ, ചെറു കിട കച്ചവടക്കാരെന്നോ കുടിയേറ്റ തൊഴിലാളികളെന്നോ, തൊഴിലെടുക്കാത്തവരെന്നോ ഭേദമില്ലാതെ എല്ലാവർക്കും ലഭിക്കണം പെൻഷൻ.ആശ്രയത്വം അനിവാര്യമാകുന്ന ഘട്ടത്തിൽ, സ്വാശ്രയത്വം കൈവരിക്കാനാവുന്ന സാഹചര്യം എല്ലാ പൗരന്മാർക്കും ലഭിക്കുക’,  ഒറ്റ നോട്ടത്തിൽ സാധാരണക്കാര്‍ക്ക് ഈ ആശയം വലിയ ആശ്വാസവും ആവേശവുമായി അനുഭവപ്പെടുന്നു.

അറുപത് കഴിഞ്ഞവർക്ക് പതിനായിരം രൂപ പെൻഷൻ ലഭിക്കാൻ , ഈ ആശയം മുന്നോട്ട് വെച്ചവർ തന്നെ രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്. അവിടെയാണ് , ഇതിന്റെ അപകടം പതിയിരിക്കുന്നത്.പൊതു മേഖല സ്ഥാപനങ്ങൾ നടത്തി കൊണ്ടു പോകാൻ ഉദ്യോഗാർത്ഥികൾക്ക് നൽകുന്ന സാമ്പത്തിക വിനിമയമാണ് രാജ്യത്തെ എല്ലാ സാമ്പത്തിക പ്രതിസന്ധിക്കും  അഴിമതിക്കും രാജ്യത്തിന്റെ നാണയ പെരുപ്പത്തിനും കാരണമെന്നാണിവർ വാദിക്കുന്നത്.

അതായത്, ഭൂരിഭാഗം വരുന്ന തൊഴിലാളികൾ തൊഴിലെടുക്കുന്നതിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റുന്നത്, ന്യൂനപക്ഷമായ സർക്കാറുദ്യോഗസ്ഥരും ജനസേവകരുമാണ്. മാത്രമല്ല, കഠിനാധ്വാനം ചെയ്യുന്ന സാധരണക്കാരന് തൊഴിലിൽ നിന്ന് വിരമിച്ചാൽ, ക്ഷേമ നിധിയിൽ ചേർന്നവർക്ക് മാത്രം തുച്ഛ മായ പെൻഷൻ ലഭിക്കുമ്പോൾ, സർക്കാരുദ്യോഗസ്ഥർക്ക് പതിനായിരക്കണക്കിന് രൂപ പെൻഷൻ ലഭിക്കുന്നു. തീർന്നില്ല, റവന്യൂ വരുമാനത്തിന്റെ നല്ലൊരു ശതമാനം വിനിയോഗിക്കുന്നത്, ഇത്തരം ഉദ്യോഗാർത്ഥികൾക്കും എം .എൽ.എ മാർക്കും എം.പി മാർക്കും ശമ്പളം നൽകാനാണ്. ആവശ്യത്തിലധികം പി.എ മാരെ സൃഷ്ടിച്ച് , വാഹനം, താമസം, ഭക്ഷണം എന്നിവയിൽ വൻ അഴിമതി നടത്തി, രാജ്യത്തെ സമ്പത്ത് വ്യവസ്ഥ നശിപ്പിക്കുന്ന ഇത്തരം തസ്തികകൾ തന്നെ രാജ്യത്തിനാവശ്യമില്ല. സർക്കാരുദ്യോഗസ്ഥമാരുടെ ശമ്പളത്തിന് പരിധികളുണ്ടാവണം. പരിധിക്കപ്പുറത്തേക്ക് എത്ര വലിയ തസ്തികയായാലും ശമ്പളത്തുക വർദ്ധിപ്പിക്കേണ്ടതില്ല.  രാജ്യത്തെ ജനങ്ങളെ തികച്ചും അരാഷ്ട്രീയവാദത്തിലേക്ക് തള്ളിവിടുന്ന ഇത്തരം ആശയങ്ങൾ കോർപറേറ്റുകളെ സഹായിക്കാനാണെന്ന് രാഷ്ട്രീയ അവബോധമുള്ള ഏതൊരാൾക്കും മനസ്സിലാവും.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ജനങ്ങളുടെ ക്ഷേമമാണ് രാജ്യത്തിന്റെ മുഖ്യ പരിഗണന. പൗരന്മാർക്ക് സേവനം ഉറപ്പു വരുത്തുന്നത്, ലാഭനഷ്ടങ്ങളുടെ കണക്കിന്റെ അടിസ്ഥാനത്തിലല്ല. ലാഭനഷ്ടക്കണക്കുകൾ നിരത്തി സേവനം ഉറപ്പാക്കുന്നത്, മുതലാളിത്വ രാജ്യങ്ങളാണ്.

രാജ്യത്തിന്റെ നട്ടെല്ലായ പൊതുമേഖല സ്ഥാപനങ്ങളിലൂടെയാണ്, ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ ഭക്ഷണം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം , തൊഴിൽ തുടങ്ങിയ ആവശ്യങ്ങൾ നിർവ്വഹിക്കപ്പെടുന്നത്. ജനക്ഷേമത്തെ അടിസ്ഥാനപ്പെടുത്തി മുന്നോട്ടു പോകുന്ന ജനാധിപത്യ ഇന്ത്യ രാജ്യം, ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവയുടെ കടന്നു വരവോടു കൂടിയാണ്  പൊതുമേഖല സ്ഥാപനങ്ങൾ പലതും കുത്തക കച്ചവടക്കാർക്ക് തീറെഴുതി കൊടുക്കാനാരംഭിച്ചത്.

ഉദാരവൽക്കരണത്തിന്റെ ഭാഗമായി, കുത്തക കച്ചവടക്കാർക്ക് യഥേഷ്ടം വിഹരിക്കാനുള്ള സാഹചര്യമൊരുങ്ങി. 1990 മുതലിങ്ങോട്ട്, സ്വകാര്യവൽക്കരണത്തെ, മാറി മാറി വന്ന സർക്കാറുകൾ തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് പിന്മാറാനുള്ള ഒരു മറയായി കണ്ടു. അതിന്റെ ഫലമായുണ്ടായ പ്രതിസന്ധി മറികടക്കാൻ പിന്നീട് വന്ന ഒരു സർക്കാറും തയ്യാറായില്ലെന്ന് മാത്രമല്ല, കൂടുതൽ ഉദാരതയോടു കൂടി വില നിയന്ത്രണമടക്കമുള്ള ചുമതലകൾ സ്വകാര്യ കമ്പനികൾക്ക് നൽകുന്ന കാഴ്ചയാണ്  കണ്ടത്.


പെട്രോൾ ഡീസൽ വില വർദ്ധിപ്പിക്കാനുള്ള അധികാരം സ്വകാര്യ കമ്പനികൾക്ക് നൽകിയതിന് ശേഷം, അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞപ്പോഴൊന്നും അതിന്റെ ഗുണമനുഭവിക്കാൻ ഇന്ത്യാ രാജ്യത്തെ ജനങ്ങൾക്ക് സാധിച്ചിട്ടില്ലെന്ന് മാത്രമല്ല, നിരന്തരം വില കൂട്ടി , അവശ്യ സാധനങ്ങളുടെ വിലവർദ്ധനവിനു പോലും ഇടയാക്കി.

ആയിരക്കണക്കിനേക്കറിൽ നാല് റിഫൈനറികളുള്ള, പതിനായിരത്തിലധികം സ്ഥിരം തൊഴിലാളികളുള്ള പൊതു മേഖല സ്ഥാപനമായ ബി.പി.സി.എൽ, മൂലധന വില പോലും നിശ്ചയിക്കാതെ തുച്ഛമായ വിലക്ക് സ്വകാര്യ കമ്പനിക്ക് വിൽക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതായത് വർഷത്തിൽ മൂന്നര ലക്ഷം കോടി വിറ്റ് വരുമാനമുള്ള കമ്പനിയെ അറുപതിനായിരം കോടിക്ക് വിൽക്കാൻ തീരുമാനിക്കുമ്പോൾ തന്നെയാണ്, ഗുജറാത്തില്‍ ഒറ്റ റിഫൈനറി മാത്രമുള്ള സ്വകാര്യ പെട്രോളിയം കമ്പനി എൺപതിനായിരം കോടിക്ക് വിൽക്കുന്നത്.

കുത്തകകളെ സഹായിക്കാൻ രാജ്യത്തെ വിറ്റു കൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്നു വരെ നഷ്ടം നേരിടാത്ത റെയിൽവേ പോലും സ്വകാര്യ മേഖലയെ ഏൽപിച്ചിരിക്കുകയാണ്.

റേഷൻ സംവിധാനം, ഭക്ഷ്യ സുരക്ഷ സംവിധാനത്തിന്റെ പരിധിയിൽ കൊണ്ടു വരുന്നതോടു കൂടി, ജനങ്ങളെ തട്ടുകളായി തിരിച്ചു, പൗരന്മാരെല്ലാവരും അടിസ്ഥാനാവശ്യമായ ഭക്ഷണത്തിന് സർക്കാരിനെ ആശ്രയിക്കേണ്ടതില്ലെന്ന സന്ദേശമാണ് നൽകുന്നത്. തൊഴിൽ നിയമങ്ങളടക്കം ഭേദഗതി ചെയ്തു കൊണ്ട്, തൊഴിലാളികളെ ദുരിതത്തിലാഴ്ത്തി മുന്നോട്ട് പോകുന്ന സർക്കാർ കുത്തകകളെ  സഹായിക്കാൻ ഏതറ്റം വരെ പോകാനും ഞങ്ങൾ തയ്യാറാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

ലോകത്ത് തന്നെ ഭക്ഷ്യോൽപാദന മേഖലയിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയിൽ , അതിന്റെ ഗുണഭോക്താക്കളാകാൻ ഉൽപാദകരായ കർഷകർക്ക് കഴിയുന്നില്ലെന്നതിന്റെ തെളിവാണ് വർദ്ധിച്ച് കൊണ്ടിരിക്കുന്ന കർഷക ആത്മഹത്യ. തൊഴിലില്ലാഴ്മ പരിഹരിക്കാൻ സാധിക്കാത്ത സാഹചര്യത്തിലും, തൊഴിലാളികളുടെ ദിവസവേതനം കുത്തകൾക്ക് വേണ്ടി  128 രൂപയിലൊതുക്കാൻ സർക്കാർ തയ്യാറാണ്.

ലോക്ക് ഡൗൺ കാലത്ത്, അമ്പത് കോടിയോളം വരുന്ന കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപാലായനം നാം കണ്ടതാണ്. ആയിരക്കണക്കിന് കിലോമീറ്ററുകൾ കാൽനടയായി സ്വന്തം നാട്ടിലേക്ക് തിരിക്കുന്ന തൊഴിലാളികളിൽ നിന്ന് രാജ്യത്തിന്റെ ശരിയായ ചിത്രം ലോകം കണ്ടതാണ്.

രാജ്യത്തിന്നേ വരെ എത്തിയിട്ടില്ലാത്ത നിലയിൽ ജി.ഡി.പി നിരക്ക് താഴോട്ടേക്ക് കൂപ്പുകുത്തി. നാല് ശതമാനത്തിൽ നിന്നും താഴേക്ക് പോയ ജി.ഡി.പി നിരക്ക് 2020 –  2021 കാലയളവിൽ സീറോയിൽ നിന്നും താഴ്ന്ന് നെഗറ്റീവ് ശതമാനത്തിലേക്ക് പോകുമെന്നാണ് ആർ.ബി.ഐ ഗവർണർ ശക്തികാന്ത് ദാസ് പറയുന്നത്. ഒരു വർഷത്തെ മൊത്ത ഉൽപാദനവും സേവനവും കണക്കാക്കി, കിട്ടുന്നതിനെ രാജ്യത്തെ മുഴുവൻ ജനങ്ങളുെടെയും എണ്ണം കൊണ്ട് തിട്ടപ്പെടുത്തിയാണ് ജി.ഡി. പി നിശ്ചയിക്കുന്നത്. ജി.ഡി.പി നിരക്ക് എത്ര തന്നെ വർദ്ധിച്ചാലും ആളോഹരി വരുമാനം വർദ്ധിക്കുന്നില്ല. കാരണം ഉൽപാദനത്തിന്റെ ലാഭ വിഹിതത്തിന്റെ ഏറിയ പങ്കും ലഭിക്കുന്നത് ഒരു ശതമാനം വരുന്ന കുത്തക കമ്പനികൾക്കാണ്.


ലോകജനതയുടെ 17.8 ശതമാനം വരുന്ന ഇന്ത്യക്കാരുടെ മൊത്ത വരുമാനം 2.7 ട്രില്യൻ ഡോളർ കണക്കാക്കുമ്പോൾ,  ആളോഹരി വരുമാനം വരുന്നത് 2015 ഡോളറാണ്. ഇതനുസരിച്ച്,  ആളോഹരി വാർഷിക വരുമാനം ഒരു ലക്ഷത്തിനു മുകളിലാണ്. കണക്കിങ്ങനെയാണെങ്കിലും പ്രയോഗിക തലത്തിൽ ഈ ആളോഹരി വരുമാനം ലഭിക്കുന്നത് വളരെ ചെറിയ ശതമാനത്തിന് മാത്രമാണെന്ന്  ലോക ബാങ്ക് തന്നെ  ചൂണ്ടിക്കാണിക്കുന്നു, ഇരുപത്തി രണ്ട് ശതമാനം ഇപ്പോഴും ദാരിദ്ര രേഖയ്ക്ക് താഴെയാണ്. ഇരുപത് ശതമാനം ജനങ്ങൾക്ക് വരുമാനത്തിന്റെ എട്ട് ശതമാനം മാത്രമേ ലഭിക്കുന്നുള്ളു. ഒരു ശതമാനം വരുന്ന അതിസമ്പന്നരാണ് രാജ്യത്തിന്റെ മുഴുവൻ വരുമാനത്തിന്റെയും ഇരുപത്തിരണ്ട് ശതമാനം ഉപയോഗിക്കുന്നത്.

ഇതിൽ നിന്നും ജി.ഡി.പി നിരക്ക് കണക്കാക്കുന്നതിലെ അപാകതകൾ മനസ്സിലാക്കാം. 2016 ൽ ലോകോത്തര സമ്പന്ന പട്ടികയിൽ മുപ്പത്താറാം സ്ഥാനത്തുണ്ടായിരുന്ന അംബാനി
2018 ജനുവരിയിൽ പതിനെട്ടാം സ്ഥാനത്തെത്തുന്നു, 2019 ജനുവരിയിൽ പതിമൂന്നാം സ്ഥാനത്തെത്തിയ അംബാനി ഇന്ന് ഒമ്പതാം സ്ഥാനത്താണ്.

പല വ്യാപാരവും നടത്തുന്ന അംബാനിക്ക് ഈയൊരു കുതിച്ചു ചാട്ടം സാധ്യമാവുന്നത് ,4 ജിയിലെത്താൻ അനുമതി കിട്ടി നിന്ന ബി.എസ്.എന്‍.എല്‍നെ 2ജിയിൽ നിർത്തി, അതിന്റെ എല്ലാ നെറ്റ്വർക്കും ഉപയോഗിച്ച് ജിയോ കടന്നു വരുന്നതോടു കൂടിയാണ്. മൂന്ന്  വർഷം കൊണ്ട് അംബാനി കുന്നു കൂട്ടിയ സമ്പാദ്യത്തിന് കണക്കില്ല. പൊതു മേഖല സ്ഥാപനങ്ങൾ ഒന്നൊന്നായി അംബാനിമാർക്ക് വീതിച്ചു കൊടുക്കുമ്പോൾ, സാധരണക്കാരായ കർഷകരും തൊഴിലാളികളും ആത്മഹത്യയിലാണ് അഭയം പ്രാപിക്കുന്നത്.

130 കോടി ജനങ്ങളുടെ സമ്പാദ്യം വിരലിലെണ്ണാവുന്നവർക്ക് ഭരണകൂടം വീതിച്ചു കൊടുത്തതിന്റെ ഫലമായി , അംബാനിക്ക് ഒരു ബില്യൺ ഡോളറിന്റെ വീടും അതിലറുന്നൂറ് സേവകരുമുണ്ടാകുമ്പോൾ, പാവം കർഷകന് ഒരു വർഷം കൃഷി ചെയ്ത ആയിരം കിലോ ഉള്ളിക്ക് 1080രൂപ മാത്രം ലഭിക്കുന്നു. അപ്പോഴും നമ്മൾ ഒരു കിലോ  ഉള്ളി 120 രൂപയ്ക്ക് വാങ്ങേണ്ടി വരുന്നു.

അതായത്, ജി.ഡി.പി നിരക്ക് എത്ര തന്നെ ഉയരത്തിലേക്ക് പോയാലും അതിന്റെ ഗുണഭോക്താക്കളാകുന്നത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണ്.

പൊതുമേഖല സ്ഥാപനങ്ങൾ നിലനിൽക്കുന്നത് കൊണ്ട് മാത്രമാണ്, ഇന്ത്യാ രാജ്യത്തിന് ഏത് പ്രതിസന്ധി വരുമ്പോഴും നിലനിൽപ് സാധ്യമാകുന്നത്. അത് നമ്മൾ കൊറോണ കാലത്തും കണ്ടതാണ്. ലോക മുതലാളിത്വ വികസിത രാജ്യങ്ങളായ അമേരിക്കയും ഇറ്റലിയുമൊക്കെ, മഹാമാരിക്ക് മുന്നിൽ പകച്ചു നിന്നപ്പോൾ, ലക്ഷക്കണക്കിന്  മനുഷ്യർ മരിച്ചു വീഴുന്നത് നിസ്സാഹയതയോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. ലാഭ നഷ്ടക്കണക്കുകളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകുന്ന മുതലാളിത്വ രാജ്യങ്ങൾക്ക് രാജ്യത്തെ ജനങ്ങളുടെ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയവയെല്ലാം കച്ചവടമാണ്. അത് കൊണ്ട് തന്നെ പൊതു മേഖല സ്ഥാപനങ്ങൾ അവരുടെ സങ്കൽപത്തിന് പുറത്താണ്.


ഇവിടെയാണ്, പെൻഷൻ വിപ്ലവ വാദമുന്നയിക്കുന്നവർ പച്ചക്കള്ളം പറഞ്ഞ് സാധരണക്കാരെ ആശങ്കയിലകപ്പെടുത്തുന്നത്.അതായത് ജി.ഡി.പി യുടെ എട്ട്ശതമാനം മാത്രം സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിനുപയോഗിക്കുന്നതിനെ തൊണ്ണൂറ് ശതമാനവും ഉപയോഗിക്കുന്നെന്ന നുണകൾ പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ അസൂയ വഹമായ അസമത്വം സൃഷ്ടിക്കുന്നു.

ഒരു ശതമാനം വരുന്ന അതി സമ്പന്നർ കോടിക്കണക്കിന് ബാങ്ക് വായ്പയെടുത്ത്, തിരിച്ചടക്കാതെ രാജ്യത്ത് നിന്ന് കടന്നു കളയുകയും, പിന്നീട് ആ വായ്പ എഴുതി തള്ളിയതിന് ശേഷം രാജ്യത്തേക്ക് തിരിച്ചു വരുന്ന പ്രവണത നാം കണ്ടു കൊണ്ടിരിക്കുന്നു.

2018 – 2019 കാലയളവിൽ  കിട്ടാക്കടമായ രണ്ട് ലക്ഷം കോടി രൂപയാണ് പൊതു മേഖല ബാങ്കുകൾ എഴുതി തള്ളിയത്. മുൻ വർഷങ്ങളിൽ എഴുതി തള്ളിയതിന്റെ ഇരട്ടിത്തുകയാണിത്. കിട്ടാക്കടങ്ങൾ എഴുതിതള്ളുമ്പോൾ അതിന്റെ ഗുണഭോക്താക്കളാകുന്നത് ആത്മഹത്യ വക്കിലുള്ള കർഷകരോ, തല ചായ്ക്കാനൊരിടമില്ലാതെ, ഭക്ഷണമില്ലാതെ, കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനാവാതെ വായ്പയെടുത്ത തൊഴിലാളികളുമല്ല. മറിച്ച് കുത്തക സ്വകാര്യ മുതലാളിമാരാണ്. ഏറ്റവും അവസാനം , രത്ന വ്യാപാരിയായ മെഹൽ ചോക്സിയുടെ 5492 കോടിയുടെ രൂപയുടെ വായ്പയാണ് എഴുതി തള്ളിയത്. നക്ഷത്ര ബാൻഡ്സ്, ഗിലി ഇന്ത്യ ലിമിറ്റഡ്, വിജയ് മല്യയുടെ കിംഗ് ഫിഷർ ഇങ്ങനെ പത്തിലധികം വരുന്ന കുത്തക കമ്പനികളുടെ ബാങ്ക് വായ്പ തിരിച്ചടവ് നടക്കാതിരുന്നപ്പോഴാണ്, ബാങ്കുകളെ നില നിൽപിന്നായി മോഡി സർക്കാർ നോട്ട് നിരോധനം പ്രഖ്യാപിച്ച്, സാധരണക്കാരന്റെ നട്ടെല്ലൊടിച്ചത്. കള്ളപ്പണം തിരിച്ചു പിടിക്കാനെന്ന നുണ പ്രചരിപ്പിച്ച്, സാധരണക്കാരന്റെ മുഴുവൻ പണവും ബാങ്കിലെത്തിച്ച്, ബാങ്കുകൾക്ക് അൽപം ആശ്വാസം കൈവരിക്കാനായ സാഹചര്യമെത്തിയപ്പോൾ, കുത്തകകളുടെ കിട്ടാക്കടമായ രണ്ട് ലക്ഷം കോടി രൂപ എഴുതി തള്ളുകയും ചെയ്തു.


രാജ്യത്തെ മുന്നോട്ട് നയിക്കേണ്ട യുവാക്കൾ രൂക്ഷമായ തൊഴിലില്ലായ്മയെ നേരിടുമ്പോഴും അവർ പഠിക്കാനെടുത്ത വിദ്യാഭ്യാസ വായ്പയുടെ പേരിൽ ഉറക്കം നഷ്ടപ്പെടുകയാണ്. ലക്ഷക്കണക്കിന് കോടി രൂപ സ്വകാര്യ വ്യക്തികൾക്ക് എഴുതി തള്ളുമ്പോൾ, 500 കോടി രൂപ മതി വിദ്യാഭ്യാസ വായ്പ എഴുതിതള്ളാൻ. കുത്തകകളുടെ വായ്പകളുടെ കണക്ക് ഇത്രയും ഭീമമാകുമ്പോൾ തന്നെയാണ്, ഇത്തരം കമ്പനികൾ വർഷങ്ങളായി ടാക്സുകളും കറണ്ട് ബില്ലുകളും മറ്റും അടക്കാതെ സർക്കാറിനെ പറ്റിച്ചു കൊണ്ടിരിക്കുന്ന സത്യാവസ്ഥയും നാം മനസ്സിലാക്കേണ്ടത്.

മനുഷ്യൻ ജനിച്ചത് മുതൽ, കിടന്നുറങ്ങാനുള്ള ഭൂമി തൊട്ട്, ഭക്ഷണം , വിദ്യാഭ്യാസം, തൊഴിൽ എന്നിവയൊന്നും കൈവരിക്കാനാവാത്ത വിധം ഇന്ത്യാ രാജ്യം കുത്തകകൾക്ക് തീറെഴുതിക്കൊടുത്തു കൊണ്ടിരിക്കുമ്പോൾ, ഇതിനെയൊക്കെ മറികടന്ന് പൗരൻ അറുപതിൽ എത്തിക്കഴിഞ്ഞ് പതിനായിരം രൂപ വാങ്ങാൻ വിപ്ലവം നടത്തണമെന്നും, ആ പതിനായിരം ലഭിക്കുന്നതിന് തടസ്സം പൊതുമേഖല സ്ഥാപനങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് നൽകുന്ന ശമ്പളവും ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന് ഉപയോഗിക്കുന്ന ചിലവുമാണെന്ന വീക്ഷണത്തിലെത്തുന്നതിന്റെ ചേതോ വികാരം കോർപറേറ്റുകളുടേണെന്നതിന് ഇതിലധികം തെളിവുകളാവശ്യമില്ല.


ജനങ്ങളുടെ ഏതാവശ്യം ഉന്നയിക്കുന്നതിനും സർക്കാർ സാമ്പത്തിക വിനിമയത്തിലെ തെറ്റ് ചൂണ്ടിക്കാണിക്കുന്നതിനും സംഘടിക്കുന്നതിനും സമരം നടത്തുന്നതിനും എല്ലാ സ്വാതന്ത്രവുമുള്ള ജനാധിപത്യ ഇന്ത്യാ രാജ്യത്ത്, രാജ്യമനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് മുഴുവൻ കാരണം പൊതു മേഖലയാണെന്ന് പറയുന്ന ജനവഞ്ചന, കുത്തകകളെ സഹായിക്കാനുള്ളതാണെന്ന് നാം തിരിച്ചറിയാതെ പോകരുത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ